ഡൊണാള്‍ഡ് ട്രംപ് സൂക്ഷിച്ച് വെയ്ക്കുന്ന ആ മനോഹരമായ ഒരു സ്വിച്ചിന്റെ കഥയുണ്ട്. ലോകം മുഴുവന്‍ കത്തി ചാമ്പലാക്കുന്ന ആണവായുധങ്ങളുടെ സ്വിച്ചിനെ കുറിച്ച് ട്രംപ് ഇടയ്ക്കിടെ വാചാലമാകാറുണ്ട്. എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ അത്തരമൊരു സ്വിച്ച് ഞെക്കിയാണ് ഹാരിയും, മെഗാനും രാത്രിയില്‍ രാജ്യത്തെയും, രാജ്ഞിയെയും ഞെട്ടിച്ചത്. രാജകുടുംബത്തിലെ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന നാടകീയ പ്രഖ്യാപനമാണ് സോഷ്യല്‍ മീഡിയ വഴി നടത്തിയത്.
രാജ്ഞി, ചാള്‍സ് രാജകുമാരന്‍, വില്ല്യം രാജകുമാരന്‍ എന്നിവരെയൊന്നും അറിയിക്കാതെയാണ് ഹാരിയും, ഭാര്യയും സുപ്രധാന തീരുമാനം കൈക്കൊണ്ടത്. വാര്‍ത്ത ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് ഇവരെല്ലാം സംഭവം അറിഞ്ഞത്. കാനഡയില്‍ നിന്നും ആറാഴ്ചത്തെ ക്രിസ്മസ് അവധിക്കാലം ആഘോഷിച്ച് മടങ്ങിയതെത്തിയ ശേഷമാണ് ബ്രിട്ടനും, നോര്‍ത്ത് അമേരിക്കക്കും ഇടയില്‍ സമയം പങ്കുവെയ്ക്കാന്‍ ഹാരി, മെഗ് ദമ്പതികള്‍ തീരുമാനിച്ചത്. ഇവരുടെ തീരുമാനത്തില്‍ രാജ്ഞിയും, കുടുംബവും അതീവ നിരാശയിലാണെന്ന് ഒരു മുതിര്‍ന്ന രാജകീയ ശ്രോതസ്സ് വ്യക്തമാക്കി. രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ഞെട്ടലും, ദുഃഖവും, രോഷവും ഉണ്ടെന്നാണ് വിവരം.
'സസെക്‌സ് ഡ്യൂക്കും, ഡച്ചസ്സുമായുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനുള്ള അവരുടെ ആഗ്രഹം മനസ്സിലാക്കുന്നു, പക്ഷെ ഇതെല്ലാം സങ്കീര്‍ണ്ണമായ വിഷയങ്ങളാണ്, നടപ്പാക്കാന്‍ സമയം ആവശ്യമാണ്', ബക്കിംഗ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹാരി, മെഗാന്‍ ദമ്പതികളുടെ പ്രഖ്യാപനം തികച്ചും വ്യക്തിപരമായി നടപ്പാക്കിയതിനാല്‍ ഇതിലെ വിവരങ്ങള്‍ സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നില്ല. രാജ്ഞിയെ വിവരങ്ങള്‍ അറിയിക്കാതെ സ്വന്തം കാര്യം തീരുമാനിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ശ്രോതസ്സുകള്‍ വിവരിക്കുന്നു.
രാജ്ഞി മുതല്‍ രാജകുടുംബത്തിലെ ജീവനക്കാര്‍ വരെ ഈ വിഷയത്തില്‍ ഞെട്ടലിലാണ്. ഇത് പിന്നില്‍ നിന്നും കുത്തിയതിന് തുല്യമാണെന്ന് ഒരു കൊട്ടാര ശ്രോതസ്സ് പ്രതികരിച്ചു. രാജകീയ പദവികളില്‍ നിന്നും രാജിവെയ്ക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന ഹാരിയ്ക്കും മെഗാനും ഇനി സ്വന്തമായി വരുമാനം നേടാം. സോവറിംഗ് ഗ്രാന്റില്‍ നിന്നുള്ള പണം വേണ്ടെന്ന് വെയ്ക്കുമെങ്കിലും ചാള്‍സ് രാജകുമാരനില്‍ നിന്നും പണം സ്വീകരിക്കാം. വിന്‍ഡ്‌സറിലെ ഫ്രോഗ്മോര്‍ കോട്ടേജ് ഇവരുടെ യുകെ ഭവനമായി തുടരും. ഇതിനെല്ലാം പുറമെ നികുതിദായകന്റെ പണമെടുത്ത് പോലീസ് പ്രൊട്ടക്ഷനും തുടരും.