ഇനി എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്ക് എന്താണ് പറയാനുള്ളത്? തലച്ചോറിന് ക്ഷതമേറ്റ അഞ്ച് വയസ്സുകാരി തഫീദാ റഖീബിനെ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയതാണ്. എന്നാല്‍ നിയമപോരാട്ടം നടത്തി ഇറ്റലിയിലേക്ക് പറക്കാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം ശരിയാണെന്ന് തെളിയിക്കുകയാണ് ചികിത്സാഫലങ്ങള്‍. ഇറ്റലിയിലെ ആശുപത്രിയില്‍ ഇന്റന്‍സീവ് കെയറില്‍ നിന്നും മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
വെന്റിലേറ്ററിന്റെ സഹായം കൂടാതെ സ്വയം ശ്വസിക്കാന്‍ മകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി. എന്‍എച്ചഎസ് വിധിയെഴുത്തിനെ അന്തിമമായി കാണാന്‍ തയ്യാറാകാത്ത ആ മാതാപിതാക്കളുടെ പോരാട്ടമാണ് ഫലം കാണുന്നത്. ഇപ്പോള്‍ സ്വന്തം റിഹാബിലിറ്റേഷന്‍ യൂണിറ്റിലേക്ക് തഫീദയെ മാറ്റിയിട്ടുണ്ട്. മകളുടെ മടങ്ങിവരവിന് തുടക്കമായി എന്നാണ് സന്തോഷം മറച്ചുവെയ്ക്കാതെ അമ്മ ഷെലിന ബീഗം പ്രതികരിച്ചത്.
മൂന്ന് മാസം മുന്‍പ് ബ്രിട്ടനില്‍ സ്ഥിതി മറിച്ചായിരുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചതിനാല്‍ തഫീദയ്ക്ക് നല്‍കിവന്നിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം നിര്‍ത്താന്‍ അനുവദിക്കണമെന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. തിരിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ലെന്നും മരിക്കാന്‍ വിടുന്നതാണ് ഏറ്റവും വലിയ ദയവെന്നും അവര്‍ വാദിച്ചു. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനെ ഞെട്ടിച്ച് കൊണ്ട് കോടതി ആ കുഞ്ഞ് മകളുടെ ജീവിതത്തെക്കുറിച്ച് തീരുമാനം കൈക്കൊള്ളാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് സമ്മാനിച്ചു.
ഇതോടെ കുട്ടിയെ ഇറ്റലിയിലെ ജെനോവയിലുള്ള ഗാസ്ലിനി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്നലെയാണ് തഫീദ ഐസിയുവില്‍ നിന്നും നീക്കാനുള്ള തീരുമാനം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. കോടതിയില്‍ ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ വാദം തെറ്റാണെന്ന് തഫീദ സ്വയം തെളിയിക്കുകയാണെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു.