സസെക്‌സ് ഡച്ചസിനെ ബ്രിട്ടനില്‍ നിന്നും ആട്ടിയോടിച്ചത് വംശീയ അതിക്രമങ്ങളാണെന്ന ആരോപണവുമായി നിരവധി കറുത്ത വംശജരായ ബ്രിട്ടീഷുകാര്‍ രംഗത്ത്. മെഗാന് നേരെ സോഷ്യല്‍ മീഡിയയില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ നേരത്തെ ഹാരി രാജകുമാരന്‍ രംഗത്ത് വന്നിരുന്നു. കറുത്ത വംശജയായ അമ്മയ്ക്കും, വെള്ളക്കാരനായ പിതാവിനും പിറന്ന മെഗാനെതിരെ വംശീയ സ്വരമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ഹാരി ആരോപിച്ചിരുന്നു.
എല്ലാ കറുത്ത വംശജരും ഈ വാര്‍ത്ത പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നെന്ന് കൊമേഡിയന്‍ ജിനാ യാഷെര്‍ പ്രതികരിച്ചു. വിമര്‍ശനം എന്ന പേരില്‍ വംശീയ അധിക്ഷേപമാണ് മെഗാന്‍ നേരിട്ടതെന്ന് ജിന വ്യക്തമാക്കി. ബ്രിട്ടീഷ് മാധ്യമങ്ങളില്‍ നിന്ന് മെഗാന്‍ നേരിട്ടത് വംശീയതയാണെന്ന് വ്യക്തമാണ്, രാജകീയ വ്യക്തിയാണെന്നത് കൊണ്ടൊന്നും കാര്യമില്ല, ലേബര്‍ നേതൃസ്ഥാനത്തിനായി പോരാടുന്ന ക്ലൈവ് ലൂയിസ് പ്രതികരിച്ചു.
മെഗാന്‍ മാര്‍ക്കിളിന് എതിരെ ഉപയോഗിച്ച ഓരോ വാക്കും വംശീയതയില്‍ പൊതിഞ്ഞതാണെന്ന് ഗായിക ജമേലിയ പറഞ്ഞു. മെഗാന്റെ തൊലി കറുത്ത് പോയത് കൊണ്ട് ബ്രിട്ടീഷ് പ്രസ് അക്രമം അഴിച്ചുവിട്ടെന്ന് നോവലിസ്റ്റ് സര്‍ ഫിലിപ്പ് പുള്‍മാനും ആരോപിച്ചു. എത്രത്തോളം വിജയിച്ച വ്യക്തിയാണെങ്കിലും ബ്രിട്ടനില്‍ വംശീയത തേടിയെത്തുമെന്നാണ് ആരോപണം ഉയരുന്നത്.
എന്നാല്‍ കറുത്ത വംശജ ആയത് കൊണ്ടാണ് മെഗാനെ ആട്ടിയോടിച്ചതെന്ന വാദങ്ങളെ മുന്‍ ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ട്രെവര്‍ ഫിലിപ്‌സ് തള്ളി. ഇത്തരം ആരോപണങ്ങള്‍ ശുദ്ധ അബദ്ധമാണെന്നാണ് ഫിലിപ്‌സിന്റെ നിലപാട്. മെഗാന്റെ വിവാഹ ദിനം മുതല്‍ ഓരോ ചുവടും ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിമര്‍ശനബുദ്ധിയോടെയാണ് നേരിട്ടത്.