ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ 80 എംപിഎച്ച് വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, ഗതാഗതം താറുമാറാകും സാധ്യതയുണ്ടെന്നാണ് സൂചന. നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റ് പ്രധാനമായും നാശം വിതയ്ക്കുക. ഇതിന് പുറമെ 4 ഇഞ്ച് വരെ മഴയും പെയ്തിറങ്ങുന്നതോടെ കാലാവസ്ഥ ചതിക്കും!
വൈകുന്നേരത്തോടെ കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുമെങ്കിലും നാളെ വെസ്റ്റ്, വെയില്‍സ് പ്രദേശങ്ങളില്‍ വീണ്ടും കാറ്റ് പണിതുടങ്ങും. ഇന്ന് വെളുപ്പിന് 3 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌നോഡോണിയ, പെന്നൈന്‍സ്, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു.
കാറ്റിന്റെ വേഗത 70 എംപിഎച്ച് വരെ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ്. കാറ്റ് കനക്കുന്നതോടെ പവര്‍കട്ടും, റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ചാനല്‍ ഫെറികളെയും, മറ്റ് ഗതാഗത സംവിധാനങ്ങളെയും ഇത് ബാധിക്കും. തീരപ്രദേശങ്ങളില്‍ ഉയരത്തിലുള്ള തിരകള്‍ അപകടം സൃഷ്ടിക്കും.
കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുമെന്ന ആശങ്കയ്ക്ക് പുറമെ കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീഴുന്നത് റോഡ് ഗതാഗതവും തടസ്സപ്പെടുത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ വെള്ളക്കെട്ടുകള്‍ക്ക് പിന്നാലെയാണ് ആഴ്ചാവസാനം കാലാവസ്ഥ മോശമാകുന്നത്.