CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 45 Seconds Ago
Breaking Now

ഭിന്നിപ്പിച്ച് ഭരിച്ച് രസിച്ച ബ്രിട്ടന് തലവേദനയായി സ്‌കോട്ടിഷ് സ്വാതന്ത്ര്യ മുദ്രാവാക്യങ്ങള്‍; 'ലണ്ടന്‍ ഭരണം അവസാനിപ്പിക്കുക, ടോറി മാലിന്യം നീക്കുക'; ഗ്ലാസ്‌ഗോയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

സ്വാതന്ത്ര്യത്തിനായി പ്രതിഷേധം സംഘടിപ്പിച്ച ജനങ്ങള്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പിന്തുണ പ്രഖ്യാപിച്ചു

ബ്രക്‌സിറ്റിന്റെ തലവേദന ഒരുവിധത്തില്‍ ഒതുങ്ങുന്നതിനിടെ സ്വാതന്ത്ര്യ മുറവിളിയുമായി സ്‌കോട്ട്‌ലണ്ട്. സ്‌കോട്ടിഷ് സ്വാതന്ത്ര്യമെന്ന ആവശ്യം ഉയര്‍ത്തി ആയിരങ്ങളാണ് പ്രതിഷേധവുമായി ഗ്ലാസ്‌ഗോയില്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. വെസ്റ്റ് എന്‍ഡിലെ കെല്‍വിന്‍ഗ്രോവ് പാര്‍ക്കില്‍ ആരംഭിച്ച മാര്‍ച്ച് പ്രതിഷേധക്കാരുടെ കടലായി മാറുന്ന കാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ഭരണകേന്ദ്രങ്ങളെ ഞെട്ടിക്കുകയാണ്. 

'ലണ്ടന്‍ ഭരണം അവസാനിപ്പിക്കുക', 'ടോറി മാലിന്യം പുറത്താക്കുക' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ക്ക് പുറമെ ബോറിസ് ജോണ്‍സനെ അസഭ്യം പറയാനും പ്രതിഷേധക്കാര്‍ മറന്നില്ല. ഓള്‍ അണ്ടര്‍ വണ്‍ ബാനറിന് കീഴിലാണ് സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടി ആളുകള്‍ തെരുവിലിറങ്ങിയത്. റാലിക്ക് ശേഷം പാര്‍ക്കില്‍ സമ്മേളനത്തിനായി ഒത്തുചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ ഈ പരിപാടി റദ്ദാക്കി. 

കാലാവസ്ഥ എതിരായിട്ട് പോലും ആയിരങ്ങള്‍ സ്വാതന്ത്ര്യത്തെ പിന്തുണച്ച് രംഗത്തിറങ്ങിയത് അധികൃതരെ ഞെട്ടിച്ചു. മഴയും, കനത്ത കാറ്റും വീശിയടിച്ചപ്പോള്‍ ട്രെയിന്‍, റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. ഏകദേശം ഒരു ലക്ഷം പേരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തെതന്ന് ഗ്ലാസ്‌ഗോ സിറ്റി കൗണ്‍സില്‍ കണക്കാക്കി. 80,000 പേരെന്നാണ് ഓള്‍ അണ്ടര്‍ വണ്‍ ബാനര്‍ കണക്ക് ട്വീറ്റ് ചെയ്തത്. 

അതേസമയം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനെതിരെ ചെറിയൊരു സംഘവും മറുപ്രതിഷേധം നടത്തി. മാര്‍ച്ചുകളുടെ ഫലമായി പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. സ്വാതന്ത്ര്യത്തിനായി പ്രതിഷേധം സംഘടിപ്പിച്ച ജനങ്ങള്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായി രണ്ടാം ഹിതപരിശോധന അനുവദിക്കില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.