പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. പാകിസ്താനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് പ്രതിപക്ഷത്തിന്റെ പ്രമേയമെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് സി.എ.എക്കെതിരെ പ്രമേയം പാസാക്കിയത്.'പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നതിന് പകരം ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാകിസ്താന്‍ നടത്തുന്ന അതിക്രമങ്ങള്‍ തുറന്നുക്കാട്ടാന്‍ സര്‍ക്കാരിനൊപ്പം ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. പീഡനത്തിനിരയായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കിക്കൊണ്ട് ഇന്ത്യ ചരിത്രപരമായ ഒരു തെറ്റു തിരുത്തുകയാണ് ചെയ്തിട്ടുള്ളത്' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ന്യൂനപക്ഷങ്ങളോടുള്ള പാകിസ്ഥാന്റെ സ്വരൂപവും ക്രൂരമായ പെരുമാറ്റവും തുറന്നുകാട്ടാനുള്ള ഒരു യഥാര്‍ത്ഥ ദേശീയ അവസരമായിരുന്നു പൗരത്വ ഭേദഗതി നിയമം. എന്നാല്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രധാന പാര്‍ട്ടികള്‍ അകന്നു നില്‍ക്കുമ്പോള്‍ പ്രതിപക്ഷ ഐക്യം തുറന്നുകാട്ടപ്പെടുന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.