പേരക്കുട്ടിയുമായി നടന്ന ഹൃദയം തുറന്നുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനും സീനിയര്‍ റോയല്‍ പദവികളില്‍ നിന്നും ഒഴിയാന്‍ അനുമതി നല്‍കി രാജ്ഞി. സാന്‍ഡിഗ്രാമില്‍ നടന്ന കുടുംബ ചര്‍ച്ചകള്‍ക്ക് ശേഷം രാജ്ഞി ചരിത്രത്തില്‍ ആദ്യമായി വൈകാരികമായ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടു. ഹാരിയും, മെഗാനും രാജകീയ ദൗത്യങ്ങള്‍ കുറച്ച് യുകെയ്ക്കും, കാനഡയ്ക്കും ഇടയില്‍ സമയം പങ്കിടേണ്ടി വരുന്ന അവസ്ഥയില്‍ അവര്‍ ദുഃഖം രേഖപ്പെടുത്തി.
നേരത്തെ നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ മുന്‍പ് സാന്‍ഡിഗ്രാമില്‍ എത്തിയ ഹാരി മുത്തശ്ശി രാജ്ഞിയുമായി വ്യക്തിപരമായി സംസാരിച്ച് തന്റെ ഭാഗം വ്യക്തമാക്കാനുള്ള സമയം കണ്ടെത്തി. മെഗാന്‍ മാര്‍ക്കിള്‍ ഫോണ്‍ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും വിവരങ്ങള്‍ സ്വകാര്യമായി നിലനില്‍ക്കാതെ ചോരുമെന്ന ആശങ്കയില്‍ ഇത് ഒഴിവാക്കി. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഹാരി രാജകുമാരന് നിബന്ധനകളില്ലാതെ ശ്രോതസ്സുകള്‍ ലഭ്യമാകില്ലെന്ന് ചാള്‍സ് രാജകുമാരന്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മണിക്കര്‍ നീണ്ട ചര്‍ച്ചകളില്‍ രാജ്ഞിയ്ക്ക് പുറമെ ചാള്‍സ്, വില്ല്യം, ഹാരി, ഫിലിപ്പ് രാജകുമാരന്‍മാരും പങ്കെടുത്തു.
ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഹാരി, മെഗാന്‍ ദമ്പതികളുടെ നിലപാടില്‍ രാജ്ഞി കടുത്ത ദുഃഖത്തിലായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഹാരി യോഗത്തിലേക്ക് മുന്‍കൂറായി എത്തിയതെന്നാണ് വിവരം. യോഗത്തിന് ശേഷമുള്ള ഔദ്യോഗിക പ്രസ്താവനയിലും ഇരുവരും ഫുള്‍ടൈം പ്രവര്‍ത്തിക്കുന്ന അംഗങ്ങളായി തുടരുമെന്ന പ്രതീക്ഷയാണ് രാജ്ഞി പങ്കുവെച്ചത്. ഹാരിയുമായി ഒറ്റയ്ക്ക് സംസാരിച്ച ശേഷമാണ് ഡ്യൂക്കിനും ഡച്ചസിനും ഡ്യൂട്ടിയില്‍ നിന്നും പിന്‍മാറാന്‍ ട്രാന്‍സിഷന്‍ പിരീഡ് അനുവദിച്ചത്.
വരും ദിവസങ്ങളില്‍ സാമ്പത്തിക വിഷയങ്ങളില്‍ ഉള്‍പ്പെടെ അന്തിമപദ്ധതികള്‍ തീരുമാനിക്കും. അതേസമയം സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിച്ച സസെക്‌സ് ഡ്യൂക്കും, ഡച്ചസും ഈ ഔദ്യോഗിക പേരുകള്‍ ഉപയോഗിച്ച് വ്യാപാര ശൃംഖല പടുത്തുയര്‍ത്തുമ്പോള്‍ ചില നിബന്ധനകളും വന്നുചേരുമെന്നാണ് കരുതുന്നത്. പുതിയ ജീവിതത്തിന് പൊതുഫണ്ട് വേണ്ടെന്ന് ഹാരിയും, മെഗാനും വ്യക്തമാക്കിയിട്ടുള്ളതായി രാജ്ഞി കൂട്ടിച്ചേര്‍ത്തു.