നിര്‍ഭയ കേസിലെ നാല് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. കേസില്‍ മുകേഷ് സിങ്ങും വിനയ് ശര്‍മയും നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഡല്‍ഹി അഡീഷ്ണല്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
കേസിലെ നാല് പ്രതികള്‍ക്കും ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ജനുവരി 22 ന് രാവിലെ 7 മണിക്കാണ് നടപ്പാക്കുക. വിനയ് ശര്‍മ, മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍. തീഹാര്‍ ജയിലില്‍ വെച്ചായിരിക്കും പ്രതികളുടെ വധശിക്ഷ നടപ്പാക്കുക.
ഏഴ് വര്‍ഷത്തിന് ശേഷമാണ് നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചത്. 2012 ഡിസംബര്‍ 16 ന് രാത്രിയായിരുന്നു 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. സംഭവത്തിന് ശേഷം പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ വഴിയില്‍ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.