CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 32 Seconds Ago
Breaking Now

ബ്രിട്ടന്‍ ഇപ്പോള്‍ ഒരു 'കുഞ്ഞന്‍' രാജ്യം; ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ചര്‍ച്ചകളില്‍ യുകെയുടെ ശക്തി കുറവ്; ആരോപണങ്ങളുമായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍; വിട്ടുവീഴ്ച ചെയ്യേണ്ടി വരും!

മീന്‍പിടിക്കാനുള്ള ജലത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ശക്തമായ നിലയിലാണെന്ന് വരദ്കര്‍

ബ്രക്‌സിറ്റുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരു 'കുഞ്ഞന്‍' രാഷ്ട്രമായി മാറിക്കഴിഞ്ഞെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ബ്രക്‌സിറ്റിന് ശേഷമുള്ള വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈ ലഭിക്കുമെന്നും ഐറിഷ് നേതാവ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍ ഔദ്യോഗികമായി ഇയു വിടവാങ്ങല്‍ ആരംഭിക്കുന്നത്. 

ചര്‍ച്ചകളില്‍ ബ്രിട്ടന്റെ ശക്തി കുറവായിരിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ സാമ്പത്തിക വിപണികളില്‍ രാജ്യത്തിന് പ്രവേശനം ലഭ്യമാക്കാന്‍ യത്‌നിക്കുമ്പോള്‍ ഇയു ട്രോളറുകളുടെ മീന്‍പിടുത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ ഇളവുകള്‍ ശക്തി പ്രയോഗിച്ച് അവര്‍ നേടിയെടുക്കുമെന്നും ലിയോ വരദ്കര്‍ ചൂണ്ടിക്കാണിച്ചു. 'ഒരു ചെറിയ രാജ്യമായി മാറിക്കഴിഞ്ഞെന്ന വസ്തുത യുകെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ 27 അംഗരാജ്യങ്ങളുള്ള ഒരു യൂണിയനാണ്, യുകെ ഒരു രാജ്യമാണ് എന്നതാണ് വസ്തുത', ഡബ്ലിനില്‍ ലിയോ വരദ്കര്‍ വ്യക്തമാക്കി. 

450 മില്ല്യണ്‍ ജനങ്ങളാണ് ഇയുവിലുള്ളത്, യുകെയില്‍ 60 മില്ല്യണും. ഇരുവരും ഫുട്‌ബോള്‍ മാച്ചില്‍ നേര്‍ക്കുനേര്‍ വന്നാല്‍ ആരാകും വലിയ ശക്തി, വരദ്കര്‍ ചോദിച്ചു. എന്നാല്‍ ഐറിഷ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ബ്രക്‌സിറ്റ് അനുകൂലികളെ ചൊടിപ്പിച്ചു. മുന്‍ ടോറി നേതാവ് സര്‍ ഇയാന്‍ ഡങ്കന്‍ സ്മിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ഇയുവിലെ 27 രാജ്യങ്ങളില്‍ 18 ചെറിയ രാജ്യങ്ങളുടെ ജിഡിപിക്ക് തുല്യമാണ് യുകെയുടേത്. ഇയുവിന്റെ ഏറ്റവും വലിയ കയറ്റുമതി മേഖലയും യുകെയാണ്, ഇത് ലോകത്തിലെ അഞ്ചാമത്തെ വലുതുമാണ്. ലോകത്തില്‍ ഏറ്റവും ശക്തമായ മൂന്നാമത്തെ പ്രതിരോധ സേനകളുണ്ട്, ചെറുതാണോ? ശരിക്കും അല്ല. യുകെയും, നമ്മുടെ പണവുമില്ലാതെ ഇയുവാണ് ചെറുതാകുന്നത്', സ്മിത്ത് ഓര്‍മ്മിപ്പിച്ചു. 

മീന്‍പിടിക്കാനുള്ള ജലത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ശക്തമായ നിലയിലാണെന്ന് വരദ്കര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇയു സാമ്പത്തിക മാര്‍ക്കറ്റുകള്‍ കാണിച്ച് അവര്‍ വിലപേശുമെന്നാണ് ഐറിഷ് പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, അയര്‍ലണ്ട്, സ്വീഡന്‍, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവര്‍ യുകെ ജലത്തെ ആശ്രയിച്ചാണ് മീന്‍പിടുത്തം നടത്തുന്നത്. ഇത് യുകെ അനുവദിച്ചില്ലെങ്കില്‍ അവരുടെ വ്യവസായങ്ങള്‍ തകരും. അതുകൊണ്ട് തന്നെ ഇയു ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.