Breaking Now

കലയും കാരുണ്യവും കൈകോര്‍ക്കുന്ന മദേഴ്‌സ് ചാരിറ്റിയുടെ തൂവല്‍ സ്പര്‍ശം ഫെബ്രുവരി 22ന്

മദേഴ്‌സ് ചാരിറ്റിയുടെ വാര്‍ഷിക ചാരിറ്റി പ്രോഗ്രാം  തൂവല്‍സ്പര്‍ശം ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സൗത്താപ്ടണില്‍ ബിഷപ് വാല്‍ത്താം  ജൂബിലി ഹാളില്‍ വച്ച് നടക്കുന്നു. വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ചു രാത്രി എട്ടുമണിക്ക് തീരുന്ന രീതിയില്‍ അഞ്ചുമണിക്കൂര്‍ നീളുന്ന രാഗ താള മേളങ്ങള്‍ അടങ്ങുന്ന ഫുഡ് ഫെസ്റ്റിവല്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത് . .കലയും കാരുണ്യവും കൈകോര്‍ക്കുന്ന ഈ അസുലഭനിമിഷങ്ങളിലേക്ക് മദേഴ്‌സ് ചാരിറ്റി ഏവരേയും സ്വാഗതം ചെയ്യുകയാണ്.

അമ്മയുടെ സ്‌നേഹസ്പര്‍ശം പോലെ ഒരു ചാരിറ്റി. യുകെയിലെ മലയാളി കുടുംബിനികളുടെ ജീവകാരുണ്യ പ്രസ്ഥാനമായ മദേഴ്‌സ് ചാരിറ്റി ഏഴ്   വയസ്സ് പിന്നിടുമ്പോള്‍ , ഏറ്റവും അഭിമാനം

തോന്നുന്നത് യുകെയിലെ ഒരു ചെറിയ പട്ടണത്തില്‍ ആരംഭിച്ച ഈ ചെറുകൈത്തിരി  യുകെയിലെ  വിവിധ നഗരങ്ങളെ കൂടാതെ  മിഡില്‍ ഈസ്റ്റിലും അമേരിക്കയിലും ഇന്ത്യയിലും  മദേഴ്‌സ് ചാരിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തന  മാര്‍ഗ്ഗം പിന്തുടരാന്‍ നിരവധി മലയാളി കുടുംബിനികളുടെ ചെറുസംഘങ്ങള്‍  തയാറായിരിക്കുന്നു എന്നുള്ള വര്‍ത്തമാനം ആണ് .

യുകെയിലെ വിവിധ മലയാളികൂട്ടായ്മകളുടെ ആഘോഷാവസരങ്ങളില്‍ വിതരണം ചെയ്യാന്‍ സ്വയം തയാര്‍ചെയ്ത അച്ചാറുകളും ഉണ്ണിയപ്പവും അച്ചപ്പവും അടങ്ങിയ നാടന്‍ പലഹാരങ്ങളുമായി എത്തുന്ന മദേഴ്‌സ് ചാരിറ്റിയിലെ ഒരുപറ്റം വനിതകളെ പറ്റി മുഖവുരകള്‍ക്കോ പരിചയപ്പെടുത്തലുകള്‍ക്കോ യുകെ മലയാളിസമൂഹത്തില്‍ സ്ഥാനമില്ല.

കഴിഞ്ഞ ഏഴ്  വര്‍ഷങ്ങള്‍  കൊണ്ട് കേരളത്തിലെ  നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ അമ്മമാരുടെ മദേഴ്‌സ് ചാരിറ്റി എന്ന  കൂട്ടായ്മക്ക് കഴിഞ്ഞു. പ്രധാനമായും  അഞ്ച്  ഇനം പരിപാടികളാണ് മദേഴ്‌സ് ചാരിറ്റി നടത്തുന്നുത് .

ഒന്ന് , പാലിയേറ്റീവ് കെയര്‍

അശരണരും ആലംബഹീനരുമായ രോഗികളുടെ തെരെഞ്ഞടുത്ത സഹായാഭ്യര്‍ത്ഥനകള്‍ അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു അതില്‍ ലഭ്യമാകുന്ന മുഴുവന്‍ തുകയും ഒപ്പം തൂവല്‍സ്പര്‍ശം പോലുള്ള ഇവന്റുകളില്‍ നിന്നും സമാഹരിക്കുന്ന തുകകളും  ചേര്‍ത്ത്    ആ അഭ്യര്‍ത്ഥനകള്‍ക്ക് നല്‍കുക. തുടര്‍സഹായം ആവശ്യമെങ്കില്‍ ചികിത്സാ സഹായ ഗ്രുപ്പിലേക്ക് റെഫര്‍ ചെയ്യുക. കഴിഞ്ഞ തൂവല്‍സ്പര്ശത്തിന് ശേഷം ഇതുവരെ  12 നിര്‍ദ്ധനരായ രോഗികളെ സഹായിക്കാന്‍ മദേഴ്‌സ് ചാരിറ്റിക്ക് കഴിഞ്ഞു .

രണ്ട് , ചികിത്സാ സഹായ ഗ്രൂപ്പ്

നിര്‍ദ്ധനരായ രോഗികളെയും  ചികിത്സാ ചിലവിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെയും കണ്ടെത്തി അഞ്ചു മുതല്‍ പത്തുപേര്‍ വരെ അടങ്ങുന്ന മദേഴ്‌സ് സഹയാത്രികരുടെ ഗ്രൂപ്പുകള്‍ രൂപികരിച്ചു  ഒരോ രോഗിക്കും ആവശ്യമായ ചികിത്സാ സഹായം എത്തിക്കുന്ന രീതിയാണ് . കഴിഞ്ഞ തൂവല്‍ സ്പര്ശത്തിന് ശേഷം നാല്പത്തഞ്ച്  ചികിത്സാ സഹായ ഗ്രൂപ്പുകള്‍ വഴി 45 രോഗികള്‍ക്ക് സഹായം നല്‍കി വരുന്നു

മൂന്ന്  വിദ്യാഭ്യാസ സഹായ ഗ്രൂപ്പ്

പത്ത് പേര്‍ അടങ്ങുന്ന നിരവധി   ചെറുഗ്രൂപ്പുകളായി  ചേര്‍ന്ന് മദേഴ്‌സ് ചാരിറ്റി 75  ല്‍ പരംആലംബഹീനരായ കുട്ടികള്‍ക്ക് ഉപരിപഠനം അടക്കം വിദ്യാഭ്യാസം   നല്‍കി വന്നിരുന്നു. ഇപ്പോള്‍ ഇരുപത് ഗ്രുപ്പുകള്‍  വഴിയായി ഇരുപത് കുട്ടികള്‍ ഉപരിപഠനം അടക്കം വിദ്യാഭ്യാസം നടത്തുന്നു

നാല് ഷെയര്‍ ദി ജോയ് ..

യുകെയില്‍ ഉള്ള  മദേഴ്‌സ്  സഹയാത്രികരുടെ ജന്മദിനം ,  വിവാഹവാര്‍ഷികം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ ഒരു ചെറിയ തുക മദേഴ്‌സ്   ചാരിറ്റി സ്വീകരിക്കുകയും ആ തുക  ഓണംവും ക്രിസ്മസും അടക്കമുള്ള ആഘോഷവേളകളില്‍ ആഘോഷമില്ലാത്തവര്‍ക്കു ഭക്ഷണവും പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്യുക . കേരളത്തിനെ പിടിച്ചു കുലുക്കിയ പ്രളയ സമയത്ത് കേരളത്തിലങ്ങോളം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഷെയര്‍ ദി ജോയ് വഴി മദേഴ്‌സ് ചാരിറ്റിക്ക് കഴിഞ്ഞു.

അഞ്ച്  റീനല്‍ കെയര്‍ സപ്പോര്‍ട്ട്

കിഡ്‌നി രോഗത്താല്‍ വലയുന്ന അശരണരായ രോഗികള്‍ക്ക് സഹായം നല്‍കുക എന്ന രീതിയില്‍ രൂപീകരിച്ചതാണ് റീനല്‍ കെയര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് . മദേഴ്‌സ് ചാരിറ്റിയുടെ ഗ്രുപ്പുകളില്‍ പുതിയതാണ് ആറുമാസമായി രൂപീകരിച്ചിട്ട് ഓരോ മാസവും ഓരോ രോഗിയെ വീതം സഹായിക്കുന്നു . ഇതുവരെ ആറ് രോഗികളെ സഹായിക്കാന്‍ സാധിച്ചു .

നേതാക്കള്‍  ഇല്ലാത്ത ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മദേഴ്‌സ് ചാരിറ്റി എന്നാല്‍ യുകെ ചാരിറ്റി കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്രസ്റ്റിമാരും ഉപദേശകസമിതിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇരുന്ന് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അശരണര്‍ക്കും ആലംബഹീനര്‍ക്കുംഅത്താണിയാകുകയാണ് മദേഴ്‌സ് ചാരിറ്റിയുടെ കരുത്തുറ്റ കര്‍മ്മോത്സുകരായ  കോഡിനേറ്റേഴ്‌സ് , അവരാണ് മദേഴ്‌സ്  ചാരിറ്റിയുടെ ചാരിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്

 

ഏവര്‍ക്കും സഹകരിക്കാം.. ഈ പരിപാടിയുടെ സദുദ്ദേശ്യത്തെ മനസിലാക്കി അതിലൂടെ ചാരിറ്റിയുടെ ഭാഗമാകാന്‍ ഏവരേയും ക്ഷണിക്കുന്നു.
കൂടുതല്‍വാര്‍ത്തകള്‍.