CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 23 Seconds Ago
Breaking Now

കൊറോണാ പ്രശ്‌നം ഗുരുതരം; ആരോവ് പാര്‍ക്കില്‍ നിന്നും രക്ഷപ്പെടാന്‍ കൊറോണ രോഗിയുടെ ശ്രമം; പോലീസിന് പുതിയ അധികാരങ്ങള്‍ നല്‍കി; സുരക്ഷാ സ്യൂട്ടുകള്‍ അണിഞ്ഞ പോലീസ് കൊറോണ ബാധിതരെന്ന് സംശയിച്ചാല്‍ കൈവിലങ്ങ് അണിയിച്ച് പൊക്കും!

കൊറോണാവൈറസ് ബ്രിട്ടീഷ് ജനതയുടെ തൊട്ടടുത്തുള്ള ഗുരുതരമായ പകര്‍ച്ചവ്യാധിയാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

കൊറോണാവൈറസ് പടര്‍ത്തുന്നുവെന്ന് സംശയിക്കുന്ന രോഗികളെ പിടികൂടാന്‍ യുകെ പോലീസിന് അധികാരം നല്‍കി സര്‍ക്കാര്‍ പ്രഖ്യാപനം. വിലങ്ങ് അണിയിച്ച് ഇവരെ ബലംപ്രയോഗിച്ച് ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് പോലീസിന് അധികാരം നല്‍കിയിരിക്കുന്നത്. വിറാല്‍ ആരോവ് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന രോഗികളില്‍ ഒരാള്‍ 14 ദിവസത്തെ പരിധി പൂര്‍ത്തിയാക്കും മുന്‍പ് മുങ്ങാന്‍ ശ്രമിച്ചതോടെയാണ് തിടുക്കത്തില്‍ നിയമം നടപ്പാക്കിയത്. 

ചൈനയില്‍ നിന്നും രക്ഷാവിമാനങ്ങളില്‍ യുകെയിലേക്ക് മടങ്ങിയെത്തിവരയാണ് ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വളരെ വ്യക്തമായി ഈ വിവരങ്ങള്‍ അറിയിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ വിമാനത്തില്‍ കയറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ജനുവരി 31ന് വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുന്‍പ് തന്നെ 14 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായി പാലിക്കുമെന്ന കരാറില്‍ ഇവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ആരോവ് പാര്‍ക്കില്‍ നിന്നും രോഗി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവം തടയാന്‍ ആവശ്യമായ അധികാരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഇതില്‍ ഉള്‍പ്പെട്ട ഒരു വ്യക്തി റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ അധികാരങ്ങള്‍ വന്നതോടെ യൂണിറ്റുകളില്‍ ആളുകളെ ബലം പ്രയോഗിച്ച് പാര്‍പ്പിക്കാന്‍ പോലീസിന് അധികാരം ലഭിക്കും. മുങ്ങാന്‍ ശ്രമിച്ചാല്‍ കുറ്റകൃത്യം ചെയ്യുന്നതായി കണക്കാക്കി അറസ്റ്റ് ചെയ്യാനും, ക്വാറന്റൈന്‍ ചെയ്യുന്ന സ്ഥലത്തേക്ക് നിര്‍ബന്ധിതമായി മടക്കിക്കൊണ്ടുപോകാനും പോലീസിന് സാധിക്കും. പൊതുജനങ്ങളുടെ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന ഇന്‍ഫെക്ഷന്‍ ബാധിച്ചവരെ തേടിപ്പിടിച്ച് അകത്താക്കാനും ഇവര്‍ക്ക് സാധിക്കും. കൊറോണാവൈറസ് രോഗിയെ ഓടിച്ചിട്ട് പിടിക്കുന്ന ദൃശ്യങ്ങള്‍ ചൈനയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് ബ്രിട്ടനിലും പോലീസിന് സമാനമായ അധികാരങ്ങള്‍ നല്‍കിയത്. 

കൊറോണാവൈറസ് ബ്രിട്ടീഷ് ജനതയുടെ തൊട്ടടുത്തുള്ള ഗുരുതരമായ പകര്‍ച്ചവ്യാധിയാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു. ഇതോടെയാണ് പോലീസിന് പുതിയ അധികാരങ്ങള്‍ കൈമാറിയത്. കൊറോണാവൈറസ് ഡോര്‍ ഹാന്‍ഡിലുകളിലും, ബസ്, ട്രെയിന്‍ പോളുകളിലും ഒന്‍പത് ദിവസം വരെ താമസിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.