Breaking Now

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ നവ നേതൃത്വവുമായി പുത്തന്‍ കര്‍മ്മപഥങ്ങള്‍ തേടി മുന്നോട്ട്

പതിനാലാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കന്‍ നഗരങ്ങളില്‍ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കില്‍ നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊര്‍ജ്വസ്വലരായ പുത്തന്‍ പ്രതിനിധികളും കൂടി ഉള്‍പ്പെടുന്ന നവനേതൃനിര അടുത്ത പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള കര്‍മ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ പല നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സാജു സ്റ്റീഫന്‍ ആണ് പുതിയ പ്രസിഡന്റ്. സാജുവിന്റെ സൗമ്യമായ നേതൃത്വം അസോസിയേഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തുപകരും എന്ന് കരുതപ്പെടുന്നു. ആദ്യമായി ബി എം സി എ നേതൃത്വത്തിലേക്ക് കടന്ന് വന്നിരിക്കുന്ന രതീഷ് പുന്നേലി ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബേസിംഗ്‌സ്‌റ്റോക്കിലെ മലയാളം ക്ലാസ്സിന്റെ പ്രവര്‍ത്തങ്ങളിലും സജീവമാണ് രതീഷ്. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിട്ടുള്ള പൗലോസ് പാലാട്ടി ആണ് പുതിയ ട്രഷറര്‍.

അസോസിയേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് രാജേഷ് ബേബി വൈസ് പ്രസിഡന്റും മുന്‍ സെക്രട്ടറി സിജോ ജേക്കബ് ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കും. മുന്‍ ട്രഷറര്‍ ജോബി തോമസാണ് പുതിയ ഓഡിറ്റര്‍. ഇവരെ കൂടാതെ ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിന്‍ എന്നിവര്‍ കൂടിച്ചേരുന്നതാണ് ബി എം സി എ യുടെ ഈ പ്രവര്‍ത്തന വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മറ്റി. 

വരുന്ന ഒരുവര്‍ഷത്തെ മുഴുവന്‍ പരിപാടികളുടെയും മാര്‍ഗരേഖ പ്രഥമ കമ്മറ്റി യോഗം ചര്‍ച്ചചെയ്തു. അസോസിയേഷന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് പുറമെ, ഓരോ പരിപാടികള്‍ക്കും മുന്നോടിയായി, സഹകരിക്കുവാന്‍ സമയവും താല്പര്യവുമുള്ള കൂടുതല്‍ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം കമ്മറ്റികള്‍ രൂപീകരിച്ച് കൂടുതല്‍ ജനപങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതിയാകും പുതിയ ഭരണസമിതി നടപ്പിലാക്കുക. 

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍. 2007 ല്‍ നാല്‍പ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2020 ല്‍ എത്തിനില്‍ക്കുമ്പോള്‍ തൊണ്ണൂറോളം കുടുംബങ്ങള്‍  അംഗങ്ങളായുണ്ട്. യുക്മയിലും മള്‍ട്ടി കള്‍ച്ചറല്‍ സാംസ്‌ക്കാരിക പ്രവര്‍ത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍.

 

സജീഷ് ടോം 




കൂടുതല്‍വാര്‍ത്തകള്‍.