മാരകമായ കൊറോണാവൈറസ് തലസ്ഥാന നഗരമായ ലണ്ടനിലും സ്ഥിരീകരിച്ചു. ഇതോടെ യുകെയിലെ കേസുകളുടെ എണ്ണം ഒന്‍പതായി. ഒടുവിലായി രോഗം സ്ഥിരീകരിച്ച സ്ത്രീയെ സൗത്ത് ലണ്ടന്‍ ഗയ്‌സ് & സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ചികിത്സിക്കുന്നത്. ഏതാനും ദിവസം മുന്‍പ് ചൈനയില്‍ പോയി മടങ്ങിയ വ്യക്തിയാണ് ഇവരെന്നാണ് കരുതുന്നത്. രോഗിക്ക് ചൈനയില്‍ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി ഒന്‍പതാമത്തെ കേസ് സ്ഥിരീകരിച്ചു. 'നോവല്‍ കൊറോണാവൈറസ് ഇംഗ്ലണ്ടില്‍ മറ്റൊരു രോഗിയില്‍ കൂടി പോസിറ്റീവായി, യുകെയിലെ ആകെ കേസുകളുടെ എണ്ണം ഒന്‍പതായി', പ്രൊഫ. വിറ്റി വ്യക്തമാക്കി. ചൈനയില്‍ നിന്നാണ് ഈ വ്യക്തിയില്‍ വൈറസ് കടന്നുകൂടിയത്. ഇപ്പോള്‍ ലണ്ടന്‍ ഗൈസ് & സെന്റ് തോമസിലെ സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് സെന്ററിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരത്തില്‍ ആശങ്ക വിതച്ചാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഈ രോഗിയുമായി ബന്ധം പുലര്‍ത്തിയ ഓരോരുത്തരെയും തേടിപ്പിടിച്ച് ക്വാറന്റൈന്‍ ചെയ്യാനുള്ള ദൗത്യമാണ് ഇനി അധികൃതരെ കാത്തിരിക്കുന്നത്. ബ്രിട്ടീഷ് ജനതയ്ക്ക് മേല്‍ ആസന്നമായ ഗുരുതര ഭീഷണിയാണ് കൊറോണാവൈറസ് പകര്‍ച്ചവ്യാധിയെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കിയിരുന്നു. വിറാലിലെ ആരോവ് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്വാറന്റൈന്‍ ചെയ്ത 83 പേരും വൈറസില്‍ നിന്നും സ്വതന്ത്രരാണെന്ന് കണ്ടെത്തിയത് ഇതിനിടെ ആശ്വാസവാര്‍ത്തയായി.
വ്യാഴാഴ്ച രാവിലെ ഇവരെ വീടുകളിലേക്ക് തിരികെ അയയ്ക്കും. ജനുവരി 31നാണ് ചൈനയില്‍ നിന്നും എത്തിയ 83 ബ്രിട്ടീഷുകാരെ മേഴ്‌സിസൈഡ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇവര്‍ക്ക് വൈറസില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ദിവസങ്ങള്‍ക്ക് ശേഷം വീടുകളിലേക്കുള്ള മടക്കം.