ക്യാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച ഫണ്ടില്‍ നിന്നും 140,000 പൗണ്ട് കവര്‍ന്ന് ചൂതാട്ടത്തിന് വിനിയോഗിച്ച അമ്മയ്ക്ക് നഴ്‌സ് ജോലിയില്‍ തുടരാന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ട്രിബ്യൂണലിന്റെ അനുമതി. രോഗബാധിതനായ മകന്‍ ടോബി നൈയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് വഴി ലഭിച്ച തുക ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ബെറ്റിംഗിന് 32-കാരി സ്‌റ്റേസി വോഴ്സ്ലി വഴിതിരിച്ച് വിട്ടത്.
വോഴ്സ്ലിയെ ജയിലില്‍ അയയ്ക്കാതെ ക്രൗണ്‍ കോര്‍ട്ട് ജഡ്ജ് കരുണ കാണിച്ചതിന് പിന്നാലെയാണ് എന്‍എംസി ട്രിബ്യൂണലും അനുകൂല നിലപാട് സ്വീകരിച്ചത്. രജിസ്റ്ററില്‍ നിന്നും പുറത്താക്കുന്നതിന് പകരം 12 മാസത്തെ സസ്‌പെന്‍ഷനില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചു. ലീഡ്‌സ് യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് ടോബിയെ തങ്ങളുടെ ആളായി കൂടെ നിര്‍ത്തുകയും ചാമ്പ്യന്‍ഷിപ്പ് ടീമിന്റെ ഉടമയും, താരങ്ങളും, ജീവനക്കാരും, ആരാധകരും ചേര്‍ന്ന് ടോബിയുടെ ക്യാന്‍സര്‍ പോരാട്ടത്തിനുള്ള 200,000 പൗണ്ട് നേടുകയും ചെയ്തു.
എന്നാല്‍ രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ടോബി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മരിച്ചു. പതിനൊന്ന് ആഴ്ചകള്‍ക്ക് ശേഷം വോഴ്സ്ലിയെ രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ച ലീഡ്‌സ് ക്രൗണ്‍ കോടതി ഇത് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുനല്‍കി. എട്ടും, മൂന്നും വയസ്സായ മറ്റ് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. ജസ്റ്റ് ഗിവിംഗ് പേജിന്റെ ഏക ട്രസ്റ്റിയായിരുന്ന വോഴ്സ്ലി ഈ തുക വഴിമാറ്റി ചെലവാക്കുകയായിരുന്നു.
ലീഡ്‌സ് ജനറല്‍ ഇന്‍ഫേര്‍മറിയില്‍ ടോബിയുടെ കട്ടിലിന് അരികില്‍ ഇരിക്കുമ്പോള്‍ പോലും അമ്മ ഓണ്‍ലൈന്‍ ബെറ്റിംഗ് നടത്തിയിരുന്നു. ചികിത്സയ്ക്ക് കൂടുതല്‍ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെങ്കിലും സംഭവിച്ചത് മറിച്ചാണ്. എന്‍എംസി പാനല്‍ മുന്‍പാകെ തന്റെ കുറ്റങ്ങള്‍ക്ക് അവര്‍ തുടര്‍ച്ചയായി മാപ്പ് അപേക്ഷിച്ചു. വോഴ്സ്ലിയുടെ കുറ്റബോധം കണക്കിലെടുത്താണ് എന്‍എംസി കടുത്ത ശിക്ഷ ഒഴിവാക്കിയത്.