എന്‍എച്ച്എസ് ആശുപത്രികളിലെ തിങ്ങിനിറഞ്ഞ ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റുകളില്‍ കൊറോണാവൈറസ് രോഗികള്‍ എത്തിച്ചേര്‍ന്നാല്‍ മറ്റുള്ളവരിലേക്കും വൈറസ് കൈമാറുമെന്ന ആശങ്ക വ്യാപകമാണ്. രോഗബാധയുള്ളതായി സംശയിക്കുന്നവരെ മറ്റ് രോഗികളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ആശുപത്രികളിലെ കാര്‍ പാര്‍ക്കുകളില്‍ കൊറോണാവൈറസ് ഐസൊലേഷന്‍ പോഡുകള്‍ തയ്യാറാക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബ്രിട്ടനില്‍ ആദ്യത്തെ കേസ് സ്ഥിരീകരിച്ച ബ്രൈറ്റണിലെ റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലിലാണ് ഇരുമ്പ് കണ്ടെയ്‌നര്‍ ഉപയോഗിച്ചുള്ള ആദ്യത്തെ പോഡ് തയ്യാറാക്കിയത്. വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ മറ്റ് ആളുകളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ഈ പോഡുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ കണ്ടെയ്‌നറുകള്‍ രാജ്യത്തെ മറ്റ് ആശുപത്രികളിലും നിരത്തുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി.
ബ്രിട്ടനില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച പ്രദേശമാണ് ബ്രൈറ്റണ്‍. ഒരാളില്‍ നിന്നാണ് ഈ കേസുകള്‍ രൂപപ്പെട്ടത്. എന്‍എച്ച്എസ് 111 കൊറോണാവൈറസ് പ്രയോറിറ്റി അസെസ്‌മെന്റ് പോഡില്‍ വെച്ചാണ് വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പരിശോധിക്കുക. വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ പടരുമെന്ന ആശങ്കയിലാണ് ആരോഗ്യ അധികാരികള്‍.
പോഡില്‍ എത്തുന്ന രോഗിയെ പ്രത്യേക റെസ്‌പോണ്‍സ് ടീം പരിശോധിച്ച് ഇന്‍ഫെക്ഷന്റെ തോത് പരിശോധിക്കും. അടുത്തിടെ നടത്തിയ യാത്രയും, മറ്റുള്ളവരുമായി നടത്തിയ ബന്ധപ്പെടലും വിലയിരുത്തും. ലണ്ടനില്‍ ഒന്‍പതാമത്തെ വ്യക്തി കൊറോണ പോസിറ്റീവായി കാണുകയും, വുഹാനില്‍ നിന്നെത്തിയ ബ്രിട്ടീഷുകാര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ച ദിവസം തന്നെയാണ് എന്‍എച്ച്എസ് ഇരുമ്പ് കണ്ടെയ്‌നര്‍ കാര്‍ പാര്‍ക്കില്‍ നിരത്തുന്നത്.