CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 42 Seconds Ago
Breaking Now

അതെ, ഞാനൊരു ബ്രിട്ടീഷ് ഇന്ത്യക്കാരന്‍; ഇന്ത്യന്‍ പാരമ്പര്യം വിളിച്ചുപറയാന്‍ മടിക്കാത്ത ഋഷി സുനാക് ഇനി ബ്രിട്ടന്റെ ഖജനാവ് കാക്കും; നാരായണ മൂര്‍ത്തിയുടെ മരുമകന്‍ 39-ാം വയസ്സില്‍ തന്നെ വേറെ ലെവലാണ്!

ഇന്ത്യന്‍ പഞ്ചാബി മാതാപിതാക്കള്‍ക്ക് സൗത്താംപ്ടണില്‍ വെച്ച് പിറന്ന സുനാകിന്റെ പിതാവ് ജിപിയും, അമ്മ ഫാര്‍മസിസ്റ്റുമായിരുന്നു

'ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം' എന്നാണ് നമ്മുടെ പഴമൊഴി. എന്നുവെച്ചാല്‍ ഇന്ത്യക്കാരന്‍ ബ്രിട്ടനില്‍ ചെന്നാല്‍ ബ്രിട്ടീഷുകാരനായി മാറണം എന്നുചുരുക്കം. യുകെയില്‍ ജനിച്ചുവളര്‍ന്നിട്ടും ഋഷി സുനാക് എന്ന ചെറുപ്പക്കാരന്‍ അത്തരമൊരു മാറ്റത്തിലേക്ക് വളര്‍ന്നില്ല, എന്നുമാത്രമല്ല ബ്രിട്ടീഷ് ഇന്ത്യന്‍ എന്ന് അഭിമാനപൂര്‍വ്വം സെന്‍സസില്‍ രേഖപ്പെടുത്താനും, ബ്രിട്ടന്റെ തന്റെ രാജ്യമാണെങ്കിലും മതവും, സാംസ്‌കാരികവുമായ പാരമ്പര്യം ഇന്ത്യയുടേതാണെന്നും, ഹിന്ദുവാണെന്ന് തുറന്ന് പറയാന്‍ മടിയില്ലെന്നും പ്രഖ്യാപിക്കുന്ന ഒരു 39-കാരന്റെ പക്കലാണ് ഇനി ബ്രിട്ടന്റെ ട്രഷറിയുടെ താക്കോല്‍. 

'പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുന്ന വ്യക്തി' എന്ന് അഞ്ച് വര്‍ഷം മുന്‍പ് ഹൗസ് ഓഫ് കോമണ്‍സില്‍ ആദ്യമായി കാലെടുത്ത് വെച്ചപ്പോള്‍ നേടിയ വിശേഷണമാണ്. ഇന്ത്യക്കാരുടെ അഭിമാനമായ ഇന്‍ഫോസിസിന്റെ അമരക്കാരന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ വിവാഹം ചെയ്ത സുനാക് ബ്രിട്ടനിലെ രണ്ടാമത്തെ ശക്തമായ രാഷ്ട്രീയ തൊഴിലായ ചാന്‍സലറുടെ കസേരയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ബ്രക്‌സിറ്റിനെ പിന്തുണയ്ക്കുന്ന യോര്‍ക്ക്ഷയര്‍ റിച്ച്മണ്ട് എംപി 5 വര്‍ഷം കൊണ്ടാണ് ബോറിസ് മന്ത്രിസഭയിലെ അതിശക്ത പദവിയില്‍ എത്തിയത്. 

ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്താന്‍ ടോറി നേതൃത്വം പോലും മടിക്കുമ്പോഴാണ് ഋഷി സുനാകും, നിലവിലെ ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്, പുതിയ കള്‍ച്ചറല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ എന്നിവര്‍ അദ്ദേഹത്തിന് മാത്രമേ ടോറികളെ രക്ഷിക്കാന്‍ കഴിയൂ എന്ന് ലേഖനം എഴുതി ബോറിസിന്റെ പോരാട്ടത്തിന് ശക്തി പകര്‍ന്നത്. ബോറിസ് വിജയിച്ച് കയറിയതോടെ സുനാകിന് ട്രഷറിയുടെ ചീഫ് സെക്രട്ടറി പദം നാടകീയമായി സമ്മാനിക്കപ്പെട്ടു. അവിടെ നിന്നാണ് ജാവിദ് രാജിവെച്ച ഒഴിവില്‍ ചാന്‍സലറായുള്ള വാഴ്ത്തപ്പെടല്‍. 

ഇന്ത്യന്‍ പഞ്ചാബി മാതാപിതാക്കള്‍ക്ക് സൗത്താംപ്ടണില്‍ വെച്ച് പിറന്ന സുനാകിന്റെ പിതാവ് ജിപിയും, അമ്മ ഫാര്‍മസിസ്റ്റുമായിരുന്നു. അവര്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് മകനെ വിന്‍ചെസ്റ്റര്‍ കോളേജില്‍ പഠിപ്പിച്ചത്. ഓക്‌സ്‌ഫോര്‍ഡ് പഠനത്തിന് ശേഷം കാലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ തുടര്‍പഠനത്തിന് എത്തി. അവിടെ വെച്ചാണ് ഭാവി ഭാര്യയായ അക്ഷതയെ കണ്ടുമുട്ടുന്നത്. 2009ല്‍ ബാംഗ്ലൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 

രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് സ്വന്തം നിലയില്‍ കോടീശ്വരനായിരുന്നു സുനാക്. കാലിഫോര്‍ണിയ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഗോള്‍ഡ്മാന്‍ സാഷസ് ഉള്‍പ്പെടെയുള്ള വിവിധ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം 2010ല്‍ 536 മില്ല്യണ്‍ പൗണ്ടുമായി തെലെം പാര്‍ട്‌ണേഴ്‌സ് എന്ന സ്വന്തം സ്ഥാപനത്തിന് തുടക്കമിട്ടു. ബ്രിട്ടന്റെ ശക്തമായ ഓഫീസില്‍ എത്തിച്ചേര്‍ന്ന ഋഷി സുനാകിന് മുന്നിലുള്ള അടുത്ത വെല്ലുവിളി അടുത്ത മാസം അവതരിപ്പിക്കേണ്ട ബജറ്റാണ്, ബ്രക്‌സിറ്റ് മുന്നോട്ട് നീങ്ങുന്ന ഘട്ടത്തില്‍ കൈയടി നേടേണ്ടത് അത്യാവശ്യവുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.