CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 4 Seconds Ago
Breaking Now

ബോറിസ് ജോണ്‍സന് അരികില്‍ സ്ഥാനം പിടിച്ച് ക്യാബിനറ്റിലെ രണ്ടാമനായി ഋഷി സുനാക്; ട്രഷറിയില്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ 'കട' തുറക്കും; നാരായണമൂര്‍ത്തിയുടെ മരുമകന്‍ അധികാരമില്ലാത്ത ചാന്‍സലറാകുമോ?

ബജറ്റ് അവതരണം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഡൗണിംഗ് സ്ട്രീറ്റ് തള്ളി

പേരിന് മാത്രം ഒരു ചാന്‍സലര്‍. സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കാത്ത അധികാരങ്ങളില്ലാതെ രാജ്യത്തെ ശക്തമായ കസേരയില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സാജിദ് ജാവിദ് ചാന്‍സലര്‍ പദവി വിട്ടിറങ്ങിയത്. ഈ പ്രഖ്യാപനം തന്റെ പിന്‍ഗാമിയായ പുതിയ ചാന്‍സലര്‍ ഋഷി സുനാകിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ബോറിസ് ജോണ്‍സണ്‍ വിളിച്ചുചേര്‍ത്ത പുതിയ ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രിയുടെ തൊട്ടരികിലാണ് സുനാക് ഇടംപിടിച്ചത്. 

ജനങ്ങളുടെ മുന്‍ഗണനകള്‍ നടപ്പാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് പ്രഖ്യാപിച്ചാണ് ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റ് യോഗത്തില്‍ സംസാരിച്ചത്. 'നമ്മളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കായി കാര്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം', ബോറിസ് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ കുറയ്ക്കല്‍, ഭവനരഹിതരുടെ എണ്ണം കുറയ്ക്കല്‍, എന്‍എച്ച്എസ് കാത്തിരിപ്പ് സമയം കുറയ്ക്കല്‍ എന്നിവയ്ക്ക് പുറമെ 40 ആശുപത്രികള്‍ നിര്‍മ്മിക്കുമെന്ന ടോറി മാനിഫെസ്റ്റോ വാഗ്ദാനങ്ങള്‍ ബോറിസ് ക്യാബിനറ്റ് യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു. 

ജാവിദ് രാജിവെച്ച് ഒഴിഞ്ഞ കസേരയിലേക്ക് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ഋഷി സുനാകിനെയാണ് പ്രധാനമന്ത്രി അവരോധിച്ചത്. അപ്രതീക്ഷിതമായ നീക്കം ഇന്ത്യക്കാര്‍ക്ക് സന്തോഷകരമാണെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഉപദേശകന്‍ ഡൊമിനിക് കുമ്മിന്‍സിന്റെ കൈകടത്തല്‍ ഭീകരമാകുമെന്നാണ് കരുതുന്നത്. തന്റെ ഉപദേശകരെ മാറ്റി നം.10 നിര്‍ദ്ദേശിക്കുന്നവരെ നിയോഗിക്കണമെന്ന ആവശ്യം നിരാകരിച്ചാണ് ജാവിദ് രാജിവെച്ചത്. 

സര്‍ക്കാരിനെ രണ്ടാമത്തെ അധികാര കേന്ദ്രത്തിലേക്ക് 39-കാരനായ സുനാകിന് പ്രൊമോഷന്‍ ലഭിച്ചെങ്കിലും ട്രഷറിയുടെ അധികാരം കുമ്മിന്‍സിന്റെ കൈയിലാകുമെന്ന ആശങ്കയുണ്ട്. കര്‍ശനമായി ചെലവഴിക്കാന്‍ തയ്യാറായ മുന്‍ഗാമിയേക്കാള്‍ കൈയയച്ച് ചെലവഴിക്കാന്‍ സുനാക് നിര്‍ബന്ധിക്കപ്പെടും. അടുത്ത ബജറ്റ് മാര്‍ച്ച് 11ന് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് ചാന്‍സലര്‍ പദവിയിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. 

എന്നാല്‍ ഇതിന്റെ പേരില്‍ ബജറ്റ് അവതരണം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഡൗണിംഗ് സ്ട്രീറ്റ് തള്ളി. ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് വക്താവ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുള്ള ഏതാനും ചിലരെ ട്രഷറിയില്‍ സുനാകിന്റെ സഹായത്തിനായി നല്‍കിയത് അധികാരം പിടിച്ചെടുക്കലിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.