CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 29 Seconds Ago
Breaking Now

ഭീകരാക്രമണത്തില്‍ 258 ജീവനുകള്‍ പൊലിഞ്ഞതോടെ കര്‍ശന നീക്കങ്ങളുമായി ശ്രീലങ്ക ; മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കും ; പൊതു സ്ഥലത്ത് ബുര്‍ഖ നിരോധിക്കുന്നു

മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ സമ്പ്രദായത്തിലുള്ള സ്‌കൂളുകളിലേക്ക് മാറ്റുമെന്നും ശുപാര്‍ശയിലുണ്ട്.

ശ്രീലങ്കയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കാന്‍ ഒരുങ്ങുന്നു. രാജ്യസുരക്ഷാ പാര്‍ലമെന്ററി കാര്യ സമിതി ബുര്‍ഖ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2019 ഏപ്രില്‍ 21ന് പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 258 പേരായിരുന്നു മരിച്ചത്. എം.പിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററികാര്യ സമതി റിപ്പോര്‍ട്ട് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.

ബുര്‍ഖ നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചുകൊണ്ട് ആരെങ്കിലും വന്നാല്‍ അവരുടെ വ്യക്തിത്വം തിരിച്ചറിയാകുന്ന തരത്തില്‍ മുഖാവരണം മാറ്റാന്‍ പോലീസ് അധികാരം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖാവരണം മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഉടന്‍ തന്നെ അയാളെ അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരമുണ്ടായിരിക്കും. ഇതിന് വാറണ്ട് വാങ്ങേണ്ടതില്ല.

മതത്തിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും പ്രത്യേക വിശ്വാസം പിന്തുടര്‍ന്നവരുടെ പേരിലോ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് മറ്റൊരു പ്രധാന ശുപാര്‍ശ. നിലവില്‍ അത്തരം പേരുകളുള്ള പാര്‍ട്ടികള്‍ മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് എഴുതിനല്‍കണമെന്നും ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. തമിഴ് വംശജരുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സൂചന. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ സമ്പ്രദായത്തിലുള്ള സ്‌കൂളുകളിലേക്ക് മാറ്റുമെന്നും ശുപാര്‍ശയിലുണ്ട്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 258 പേരായിരുന്നു മരിച്ചത്. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന ഇസ്ലാമിക സംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഒമ്പത് ചാവേര്‍ ബോംബാക്രമണങ്ങളാണ് നടന്നത്. ശ്രീലങ്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.

 




കൂടുതല്‍വാര്‍ത്തകള്‍.