സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും. നിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കുമെത്തിക്കാനായി വെബ് പോര്‍ട്ടല്‍ തുടങ്ങും.
ആരോഗ്യ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ രംഗത്തിറക്കും. താഴെത്തട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
18,011 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇതില്‍ 17744 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണുള്ളത്. 65 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5372 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്.
4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് 2467 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1807 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.