പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് പൊലീസ്. ഇയാള്‍ ജര്‍മ്മന്‍ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാള്‍ക്കായി ഇപ്പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയ സാഹചര്യത്തില്‍ ഇതിന്റെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നതാണ് നീളുന്നത്. ഇന്നലെ നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലെന്നും ഇരുവരും പോലിസിനെ അറിയിച്ചത്. ഗാര്‍ഹിക പീഡനത്തില്‍ അമ്മയ്ക്കും രാഹുലിന്റെ സഹോദരിക്കുമെതിരെ നിലവില്‍ പരാതിക്കാരി മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവര്‍ക്കും എതിരെയും കേസ് എടുത്തേക്കും.
ജര്‍മനിയില്‍ ഉള്ള രാഹുലിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനെ സമീപിച്ച് നിയമ നടപടികള്‍ വേഗത്തില്‍ ആക്കാനാണ് ശ്രമം. രാഹുലിനെ നാട്ടില്‍ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.