Breaking Now

സുനിൽ എം എസ് എഴുതിയ ലേഖനം 'ഫുട്ബോളിലെ ദേവാസുരന്മാർ (ലേഖനം)'

ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്സ് 2016ന്റെ ഉദ്ഘാടനം നടന്ന റിയോ ഡി ജനൈറോവിലെ വിശ്വപ്രസിദ്ധമായ മാറക്കാനാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇന്നലെ (ശനിയാഴ്ച, ആഗസ്റ്റ് 20) രാത്രി ബ്രസീലും ജർമനിയുമായി ഒളിമ്പിക് ഫുട്ബോൾ ഫൈനൽ നടന്നു. നെയ്‌മാർ എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവനും അറിയപ്പെടുന്ന, പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ നെയ്‌മാർ ഡ സിൽവ സാന്റോസ് ജൂനിയർ പെനൽറ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോൾ സ്കോർ തുല്യം: ബ്രസീലിനും ജർമനിയ്ക്കും നാലു ഗോൾ വീതം. ജർമനിയുടെ ഫോർവേഡ് നിൽസ് പീറ്റേഴ്‌സൻ എടുത്ത പെനൽറ്റി കിക്ക് ബ്രസീലിന്റെ ഗോൾകീപ്പർ വെവെർട്ടൻ പെരൈര ഡ സിൽവ തടുത്തിട്ടിരുന്നു. നെയ്‌മാറിന്റെ ഷോട്ടു വല കുലുക്കിയപ്പോൾ ജർമൻ ഗോൾകീപ്പറായ റ്റൈമോ ഹോണിനു നിസ്സഹായതയോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ ബ്രസീൽ അഞ്ച്, ജർമനി നാല്. ഒളിമ്പിക് സ്വർണം ബ്രസീലിന്റേത്.

 

പല സന്തോഷങ്ങളാണ് ഈ വിജയത്തിലൂടെ ബ്രസീലുകാർക്കുണ്ടായത്. മാറക്കാന സ്റ്റേഡിയത്തെ സംബന്ധിച്ചുള്ള സന്തോഷത്തെപ്പറ്റിത്തന്നെ വേണം ആദ്യം പറയാൻ. 1950ലെ ഫിഫാ ലോകകപ്പിന്റെ ഫൈനൽ ബ്രസീലും യുറുഗ്വായും തമ്മിലായിരുന്നു. അതു നടന്നതു ബ്രസീലിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന റിയോ ഡി ജനൈറോവിലെ (ഹീയുഡ് ശനൈറൊ എന്നാണു ബ്രസീലുകാരുടെ ഏകദേശ ഉച്ചാരണമെന്നു കാണുന്നു) മാറക്കാന സ്റ്റേഡിയത്തിലായിരുന്നു. അതു വരെ ബ്രസീലിനു ലോകകപ്പു കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന്നൊരു മാസം മുൻപു മാത്രമായിരുന്നു, മാറക്കാനയുടെ നിർമ്മാണം പൂർത്തിയായതും ഉദ്ഘാടനം ചെയ്യപ്പെട്ടതും. ബ്രസീൽ ലോകകപ്പു നേടുന്നതു നേരിൽ കണ്ടാനന്ദിയ്ക്കാൻ 1950 ജുലായ് പതിനാറാം തീയതി മാറക്കാനയിലെത്തിച്ചേർന്നിരുന്നത് 199854 പേരായിരുന്നു. ഫുട്ബോൾ ലോകത്തിതു ലോകറെക്കോഡായി ഇന്നും നിലകൊള്ളുന്നു. ബ്രസീലിന്റെ ജയം ഉറപ്പിച്ചിരുന്ന ബ്രസീലിയൻ ജനതയുടെ വിശ്വാസം തെറ്റി: യുറുഗ്വായ് ബ്രസീലിനെ 2-1നു തോല്പിച്ചു കപ്പു നേടി. അങ്ങനെ, ഒരു ദുരന്തത്തിൽ തുടക്കമിട്ട മാറക്കാനയിൽ വച്ചു ലോകകപ്പു നേടാൻ ബ്രസീലിന് ഒരിയ്ക്കലുമായിട്ടില്ല. അതുകൊണ്ടു ശനിയാഴ്‌ചയിലെ ഒളിമ്പിക് നേട്ടം മാറക്കാനയുടെ ചരിത്രനേട്ടം കൂടിയാണ്.

 

ഏറ്റവുമധികം തവണ ഫുട്ബോൾ ലോകകപ്പു നേടിയിട്ടുള്ള ബ്രസീലിന് ഒളിമ്പിക് ഫുട്ബോൾ സ്വർണത്തിൽ മുത്തമിടാനുള്ള അവസരം മിനിഞ്ഞാന്നു വരെ സിദ്ധിച്ചിരുന്നില്ല. വിചിത്രമാണത്. പക്ഷേ, സത്യവുമാണ്. ആ ന്യൂനത നെയ്‌മാറിന്റെ പെനൽറ്റി കിക്കോടെ തിരുത്തപ്പെട്ടു. ബ്രസീലിന്റെ ടീം ഒളിമ്പിക് സ്വർണമണിഞ്ഞു.

 

ബ്രസീലിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണു ബെലോ ഹൊറിസോണ്ടെ. അവിടത്തെ മിനെയ്‌റാവൊ സ്റ്റേഡിയത്തിൽ രണ്ടു വർഷം മുൻപ്, കൃത്യമായിപ്പറഞ്ഞാൽ 2014 ജുലായ് എട്ടാം തീയതി ലോകകപ്പു ഫുട്ബോളിന്റെ ഒന്നാമത്തെ സെമിഫൈനൽ മത്സരം നടന്നു. ബ്രസീലും ജർമനിയും തമ്മിൽ നടന്ന ആ മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളിനു ബ്രസീൽ തകർന്നു. കേവലമൊരു ഫുട്ബോൾ കളിയായിരുന്നെങ്കിലും, ഫുട്ബോളിനെ പ്രേമിയ്ക്കുന്ന ബ്രസീലിയൻ ജനതയെ സംബന്ധിച്ചിടത്തോളം ആ തകർച്ചയൊരു ദേശീയദുരന്തം തന്നെയായിരുന്നു. ബ്രസീലിന്റെ ഫുട്ബോൾ ചരിത്രത്തിൽ കറുത്ത ലിപികളിൽ വരഞ്ഞിട്ടിരിയ്ക്കുന്ന ആ തകർച്ച എത്ര മായ്‌ചാലും മായില്ല. എങ്കിലും, ആ ദുരന്തത്തിന്റെ സങ്കടത്തിന് ഇന്നലെ നടന്ന ഒളിമ്പിക് ഫുട്ബോൾ ഫൈനലിൽ ജർമനിയെ തോല്പിയ്ക്കാനായപ്പോൾ നേരിയൊരു കുറവു വന്നു. ചരിത്രം തിരുത്താനാവില്ല, പുതിയ ചരിത്രം കുറിയ്ക്കാനാകും. നെയ്‌മാറിന്റെ പെനൽറ്റി കിക്ക് ബ്രസീലിയൻ ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ചു. സുവർണലിപികളിൽ.

 

ദേശീയദുരന്തമായിത്തന്നെ കണക്കാക്കപ്പെടുന്ന 2014 ലോകകപ്പിലെ ബ്രസീൽ-ജർമനി സെമിഫൈനലിനു നാലു ദിവസം മുമ്പു കൊളമ്പിയയുമായി നടന്നിരുന്ന ക്വാർട്ടർ ഫൈനലിൽ കൊളമ്പിയയുടെ യുവാൻ കാമിലോ സുനിഗയെന്ന ഫുൾ ബാക്കിന്റെ മുട്ടുകാൽപ്രയോഗമേറ്റു നെയ്‌മാറിന്റെ നട്ടെല്ലിലെ കശേരുവിനു പൊട്ടൽ വീണിരുന്നു. നിലത്തു വീണ നെയ്‌മാറിനെ സ്‌ട്രെച്ചറിലെടുത്തുകൊണ്ടു പോകേണ്ടി വന്നു. അതുമൂലം എട്ടാം തീയതി ജർമനിയുമായി നടന്ന സെമിഫൈനലിൽ നെയ്‌മാറിനു കളിയ്ക്കാനായിരുന്നില്ല. എങ്കിലും, ജർമനിയിൽ നിന്നേറ്റ പരാജയത്തിന്റെ പേരിൽ ബ്രസീലിയൻ ജനത നെയ്‌മാറിനേയും കുറ്റപ്പെടുത്തി. ഇത്തവണ നടന്ന ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പു തലത്തിൽ ദക്ഷിണാഫ്രിക്കയും ഇറാക്കുമായി ആഗസ്റ്റ് നാലിനും ഏഴിനും നടന്ന ബ്രസീലിന്റെ ആദ്യ രണ്ടു കളികളിൽ ഗോളുകളടിയ്ക്കാൻ നെയ്‌മാറിന്റെ നേതൃത്വത്തിലുള്ള ടീമിനായിരുന്നില്ല. ഡെന്മാർക്കുമായി പത്താം തീയതി നടന്ന മത്സരത്തിൽ ബ്രസീൽ 4-0 എന്ന സ്കോറിനു ജയിച്ചിരുന്നെങ്കിലും, ക്യാപ്റ്റനായ നെയ്‌മാറിനു ഗോളടിയ്ക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ, ആദ്യ മൂന്നു മത്സരങ്ങളിലും നെയ്‌മാറിനു ഗോളടിയ്ക്കാനാകാഞ്ഞതിനു ബ്രസീലിലെ ചില ഫുട്ബോൾ പ്രേമികൾ നെയ്‌മാറിനെ പരിഹസിച്ചു; എങ്ങനെ? “കാണ്മാനില്ല” എന്നൊരു ശീർഷകത്തിൻ കീഴിൽ നെയ്‌മാറിന്റെ ചിത്രം ഒട്ടിച്ച പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട്!

 

അതു മാത്രമോ! ഒളിമ്പിക്സിലെ വനിതകളുടെ ഫുട്ബോളിൽ ആഗസ്റ്റ് ആറിനു ബ്രസീലും സ്വീഡനും തമ്മിൽ നടന്ന മത്സരത്തിൽ മാർത്ത ഡ സിൽവ എന്ന ബ്രസീലിന്റെ കളിക്കാരി രണ്ടു ഗോളടിച്ചിരുന്നു. അന്താരാഷ്ട്രമത്സരങ്ങളിൽ മാർത്ത നേടിയ തൊണ്ണൂറ്റിരണ്ടാമത്തേയും തൊണ്ണൂറ്റിമൂന്നാമത്തേയും ഗോളുകളായിരുന്നു അവ. ബ്രസീലിയൻ ജനത നെയ്‌മാറിനോടുള്ള പരിഹാസസൂചകമായി നെയ്‌മാറുടെ പേരു കറുത്ത മഷികൊണ്ടു വെട്ടുകയും, അതിന്റെ ചുവട്ടിൽ മാർത്തയുടെ പേര് പ്രണയസൂചകമായ ഹൃദയചിഹ്നത്തോടൊപ്പം എഴുതിയ ടീഷർട്ടുകൾ ധരിച്ചുകൊണ്ടു നടക്കുകയും, പോസ്റ്ററുകൾ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. ഫുട്ബോൾനൈരാശ്യം മൂലം അന്ധരായിത്തീർന്നിരുന്ന ബ്രസീലിയൻ ജനത ക്രൂരരുമായിത്തീർന്നോ എന്ന സംശയവും അതുണ്ടാക്കി. എന്നാൽ, ഇന്നലെ നെയ്‌മാർ ജർമൻ വലയിൽ പത്താമത്തെ പെനൽറ്റി കിക്ക് അടിച്ചുകയറ്റിയ നിമിഷം മാറക്കാന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞിരുന്ന ബ്രസീലിയൻ ജനത നെയ്‌മാറിനെ അസുരപദത്തിൽ നിന്നു മോചിപ്പിച്ച്, ദേവസ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നിമിഷം മുമ്പു വരെ അസുരൻ, അടുത്ത നിമിഷം ദേവൻ!

 

നെയ്‌മാറിന്റെ തോളിൽ നിന്ന് അപമാനത്തിന്റെ മാറാപ്പ് എടുത്തു മാറ്റാനും നെയ്‌മാറുടെ ശിരസ്സിൽ കിരീടമണിയിയ്ക്കാനും ബ്രസീലിയൻ ജനതയ്ക്കു നാലിലൊന്നു നിമിഷമേ വേണ്ടി വന്നുള്ളൂ. നിമിഷമെന്നാൽ ഒരു സെക്കന്റാണെങ്കിൽ, പെനൽറ്റി കിക്കിൽ നിന്നുള്ള പന്തിനു വെടിയുണ്ട പോലെ 36 അടി ദൂരം കടന്ന്, ഗോൾപോസ്റ്റിലേയ്ക്കു പറന്നു കയറാൻ കാൽ സെക്കന്റു മാത്രം മതിയാകുമത്രേ!

 

പെനൽറ്റികിക്കിൽ നിന്നു പറക്കുന്ന പന്തിന് എത്ര വേഗമുണ്ടാകും? അതിനു പരിധിയില്ല. സ്പോർട്ടിംഗ് ലിസ്ബൻ എന്നൊരു പോർച്ചുഗീസ് ക്ലബ്ബിനു വേണ്ടി നെയ്‌മാറുടെ നാട്ടുകാരനായ റോന്നി ഹെബേഴ്‌സൻ 2006ൽ എടുത്തൊരു ഫ്രീകിക്കിന്റെ വേഗം മണിക്കൂറിൽ 210 കിലോമീറ്ററായിരുന്നു. ഹെബേഴ്‌സന്റേയും, കിക്കെടുക്കുന്നതിൽ ലോകപ്രശസ്തിയാർജിച്ചിരുന്ന റോബർട്ടോ കാർലോസിന്റേയും നാട്ടുകാരൻ തന്നെയായ നെയ്‌മാർ ശനിയാഴ്‌ചയെടുത്ത പെനൽറ്റി കിക്കിന് വേഗക്കുറവുണ്ടായിക്കാണാനിടയില്ല. നെയ്‌മാറിനെ തങ്ങൾക്കു കിട്ടാൻ വേണ്ടി ബാർസലോണ ഫുട്ബോൾ ക്ലബ്ബു കൈമാറിയിരുന്നത് 1162 കോടി രൂപ (132.4 മില്യൻ ബ്രിട്ടീഷ് പൗണ്ട്) ആയിരുന്നു. 1162 കോടി രൂപ വിലയുള്ള കളിക്കാരന്റെ കിക്കിന്റെ വേഗമെങ്ങനെ കുറവായിരിയ്ക്കും!

 

നെയ്‌മാറിന്റെ പെനൽറ്റി കിക്ക് ബ്രസീലിനു ഫുട്ബോളിൽ പ്രഥമ ഒളിമ്പിക് സ്വർണം നേടിക്കൊടുത്ത്, ബ്രസീലിയൻ ജനതയെ മാത്രമല്ല, ബ്രസീലിയൻ ഫുട്ബോളിനു ലോകമെമ്പാടുമുള്ള, ഞാനുൾപ്പെടെയുള്ള, ആരാധകരേയും ആനന്ദിപ്പിച്ചെങ്കിലും, പെനൽറ്റി ഷൂട്ടൗട്ടിലൂടെ ഫുട്ബോളിലെ വിജയിയെ നിർണയിയ്ക്കുന്ന സമ്പ്രദായത്തോട് ഈ ലേഖകനു യോജിപ്പില്ല. ഫുട്ബോൾ രണ്ടു ടീമുകൾ തമ്മിലുള്ള കളിയാണ്. പതിനൊന്നു പേരടങ്ങുന്നൊരു ടീം പതിനൊന്നു പേരടങ്ങുന്ന മറ്റൊരു ടീമുമായി മത്സരിയ്ക്കുന്നു. ഒരു ടീം മറ്റൊരു ടീമിനോട് എന്ന സ്ഥിതി പെനൽറ്റി ഷൂട്ടൗട്ടിൽ ഇല്ലാതാകുന്നു; രണ്ടു വ്യക്തികൾ മാത്രം പങ്കെടുക്കുന്ന മത്സരമായി ഫുട്ബോൾ ചുരുങ്ങുന്നു. ഇരുപത്തിരണ്ടുപേരിൽ ഇരുപതു പേർ അകന്നു മാറി, കളി കണ്ടു നിൽക്കുന്നു. രണ്ടു വ്യക്തികൾ മാത്രം തമ്മിലുള്ള മത്സരത്തിനായിരുന്നെങ്കിൽ ടെന്നീസോ ഷട്ടിൽ ബാഡ്‌മിന്റനോ ടേബിൾ ടെന്നീസോ കണ്ടാൽ മതിയാകുമായിരുന്നു. ഇരുപത്തിരണ്ടു പേർ പങ്കെടുക്കേണ്ട മത്സരം രണ്ടു വ്യക്തികൾ മാത്രം തമ്മിലുള്ളതായി ചുരുങ്ങുന്നത് ആന്റി ക്ലൈമാക്സാണ്.

 

പെനൽറ്റി ഷൂട്ടൗട്ടിന് ഇനിയുമുണ്ടു കുഴപ്പങ്ങൾ. ടെന്നീസിലും ഷട്ടിൽ ബാഡ്‌മിന്റനിലും ടേബിൾ ടെന്നീസിലും മത്സരം രണ്ടു വ്യക്തികൾ തമ്മിലാണെങ്കിൽ, അവരിരുവർക്കും തുല്യനീതിയുണ്ട്. അവർ തുല്യമായ അവകാശങ്ങളോടെ, നെറ്റിന്റെ ഇരുവശത്തും നിന്നു കളിയ്ക്കുന്നു. പെനൽറ്റി ഷൂട്ടൗട്ടിലെക്കാര്യം വ്യത്യസ്തമാണ്. അവിടെ കിക്കെടുക്കുന്നയാൾ പൊതുവേ സ്വതന്ത്രനാണെങ്കിൽ, ഗോൾകീപ്പർ കൂച്ചുവിലങ്ങിലാണ്. പെനൽറ്റി കിക്കു നേരിടുന്ന ഗോൾകീപ്പർ കിക്കിനു മുമ്പു ഗോൾലൈനിൽത്തന്നെ നിൽക്കണം എന്നാണു നിബന്ധന. അയാൾ ഗോൾലൈനിൽത്തന്നെ വശങ്ങളിലേയ്ക്കു നീങ്ങുന്നത് അനുവദനീയമാണെങ്കിലും, ഗോൾലൈനിൽ നിന്നു മുന്നോട്ടു വരാൻ പാടില്ല. പെനൽറ്റി കിക്കെടുക്കുന്നയാൾ പന്തു തട്ടിയ ശേഷമേ, ഗോൾകീപ്പർ ഗോൾലൈനിൽ നിന്നു മുന്നോട്ടു ചെല്ലാവൂ. ഒരാൾ മാത്രമടങ്ങിയൊരു ഫയറിംഗ് സ്ക്വാഡിനു മുന്നിൽ ഗോൾകീപ്പറെ ഗോൾപോസ്റ്റെന്ന സാങ്കല്പികഭിത്തിയോടു ചേർത്തു നിറുത്തിയിരിയ്ക്കുന്നു; കൈകൾ വിടർത്തിനിൽക്കാമെന്ന ഒരിളവുണ്ട് എന്നു മാത്രം! ഗോൾകീപ്പർ മുന്നോട്ടു ചെന്നിട്ടും കാര്യമില്ല. വെറും മുപ്പത്താറടി അകലത്തിൽ നിന്നു മാത്രം, മണിക്കൂറിൽ ഇരുനൂറു കിലോമീറ്റർ വേഗത്തിൽ വെടിയുണ്ട പോലെ ഇരച്ചുവരുന്ന പന്തിന്റെ മുന്നിൽച്ചെന്നു പെട്ടാലുള്ള ആപത്തു കൂടി ക്ഷണിച്ചുവരുത്തുകയാകും ഫലം.

 

ഇരുപത്തിനാലടിയാണു ഗോൾപോസ്റ്റുകൾക്കിടയിലുള്ള അകലം. ക്രോസ്സ് ബാറിന്റെ ഉയരം എട്ടടിയും. ഒമ്പതിഞ്ചോളം പോലും വ്യാസമില്ലാത്ത പന്തിനു ഗോൾകീപ്പറെ “ഉപദ്രവിയ്ക്കാതെ” കടന്നുപോകാൻ 192 ചതുരശ്ര അടി സ്ഥലം ധാരാളം. അതു കടന്നു പോകുകയും ചെയ്യും. 85 ശതമാനത്തോളം പ്രാവശ്യം അതങ്ങനെ കടന്നുപോയിട്ടുമുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങളിലെ പെനൽറ്റി ഷൂട്ടൗട്ടുകളിലുണ്ടായ 286 കിക്കുകൾ കണക്കിലെടുത്തൊരു സർവേയുടെ ഫലം കാണിയ്ക്കുന്നത് അതാണ്. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, പെനൽറ്റി കിക്കെടുക്കുന്ന കളിക്കാരന് എൺപത്തഞ്ചു ശതമാനം നീതി ലഭിയ്ക്കുമ്പോൾ കിക്കു നേരിടുന്ന ഗോൾകീപ്പർ എൺപത്തഞ്ചു ശതമാനം അനീതി അനുഭവിയ്ക്കുന്നു. ഈ സ്ഥിതിയിൽ സാക്ഷാൽ ഈശ്വരൻ തന്നെ ഗോൾകീപ്പറായി വന്നു നിന്നാൽപ്പോലും, പെനൽറ്റി കിക്കെടുക്കുന്നയാൾ പിഴവു വരുത്തുകയോ കനിവു കാണിയ്ക്കുകയോ ചെയ്താലല്ലാതെ, ഗോൾ തടയാനാകുകയില്ല, തീർച്ച! കളിക്കാർക്കു തുല്യനീതി നൽകാത്ത പെനൽറ്റി ഷൂട്ടൗട്ടിലൂടെ മത്സരവിജയിയെ നിർണയിയ്ക്കുന്നതു വാസ്തവത്തിൽ അവസാനിപ്പിയ്ക്കേണ്ടതാണ്.

 

മുകളിലെഴുതിയിരിയ്ക്കുന്ന അഭിപ്രായം കേട്ട്, “പെനൽറ്റി കിക്കുകൾ പാഴാക്കിക്കളയുന്നതും വിരളമല്ലല്ലോ, അപ്പോൾപ്പിന്നെ പെനൽറ്റി ഷൂട്ടൗട്ടുകൾ തുടരുന്നതിലെന്താ കുഴപ്പം” എന്നൊരു ചോദ്യം വായനക്കാരിൽ ചിലരെങ്കിലും ഉയർത്തിയെന്നു വരാം. കഴിഞ്ഞ ജൂണിൽ രണ്ടു പ്രശസ്തകളിക്കാർ പെനൽറ്റി കിക്കുകൾ പാഴാക്കിക്കളഞ്ഞതിനെപ്പറ്റിയുള്ള പരോക്ഷമായ പരാമർശം കൂടിയായിരിയ്ക്കാം ആ ചോദ്യം. ഇക്കഴിഞ്ഞ ജൂൺ ഇരുപത്താറിന് അമേരിക്കയിലെ ന്യൂജേ‌ഴ്‌സിയിൽ വച്ച് അർജന്റീനയും ചിലിയും തമ്മിൽ നടന്ന കോപ്പാ അമേരിക്കയുടെ ഫൈനലിന്നൊടുവിലുണ്ടായ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ പ്രഥമ കിക്കെടുത്തതു വിശ്വപ്രസിദ്ധനായ ലിയൊണെൽ മെസ്സിയായിരുന്നു. മെസ്സിയടിച്ച പന്ത് ഗോൾപോസ്റ്റിനു മുകളിലൂടെ കാണികളുടെ ഇടയിലേയ്ക്കു പറന്നു പോയി! അതിനു ദിവസങ്ങൾ മാത്രം മുമ്പ്, യൂറോ കപ്പിൽ പോർച്ചുഗലും ഓസ്‌ട്രിയയും തമ്മിലുള്ള മത്സരത്തിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു, ഒരു പെനൽറ്റി കിക്ക്. പഴയ മഹാരഥന്മാരിലുമുണ്ടു പെനൽറ്റി കിക്കു പാഴാക്കിക്കളഞ്ഞിട്ടുള്ളവർ: അർജന്റീനയുടെ ഡിയഗോ മാറഡോണ, ബ്രസീലിന്റെ സീക്കോ, സോക്രട്ടീസ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കം, ഇറ്റലിയുടെ റോബർട്ടോ ബാജിയോ, നെതർലന്റ്സിന്റെ മാർക്കോ വാൻ ബാസ്റ്റൻ എന്നിവരൊക്കെ. എന്തിനധികം, 1162 കോടി വിലയുള്ള നെയ്‌മാർ പോലും പെനൽറ്റി കിക്കു പാഴാക്കിയ കൂട്ടത്തിലാണ്.

 

ലോകപ്രശസ്തരായ കളിക്കാർ പോലും പെനൽറ്റി കിക്കുകൾ പാഴാക്കിക്കളഞ്ഞിട്ടുണ്ടെന്ന കാര്യം നിരസിയ്ക്കാനാവില്ലെങ്കിലും, അതു വിരളമാണെന്ന കാര്യവും ഇവിടെ ഓർമ്മിയ്ക്കേണ്ടതുണ്ട്. മെസ്സി അഞ്ഞൂറിലേറെ ഗോളുകളടിച്ചിട്ടുണ്ട്. അവയിൽ കുറേയെണ്ണം പെനൽറ്റി കിക്കു വഴിയെടുത്തതായിരിയ്ക്കണം. മെസ്സി പെനൽറ്റി കിക്കുകൾ അധികമൊന്നും പാഴാക്കിക്കളഞ്ഞു കാണാനിടയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും മുമ്പു പരാമർശിച്ച മറ്റുള്ളവരുടേയുമെല്ലാം സ്ഥിതിയും അതു തന്നെയായിരുന്നിരിയ്ക്കണം. പെനൽറ്റി കിക്കിലൂടെ അവർ നേടിയ ഗോളുകളുടെ എണ്ണം അവർ പാഴാക്കിക്കളഞ്ഞ പെനൽറ്റി കിക്കുകളുടെ പല മടങ്ങായിരുന്നിരിയ്ക്കണം. അല്ലെങ്കിലവർ ഇത്രത്തോളം ലോകപ്രശസ്തരാകുമായിരുന്നില്ല.

 

അതുകൊണ്ടു മുകളിൽപ്പറഞ്ഞ അഭിപ്രായം ഇവിടെ ആവർത്തിയ്ക്കുന്നു: കളിക്കാർക്കു തുല്യനീതി നൽകാത്ത പെനൽറ്റി ഷൂട്ടൗട്ടിലൂടെ മത്സരവിജയിയെ നിർണയിയ്ക്കുന്നത് അവസാനിപ്പിയ്ക്കേണ്ടതാണ്.
കൂടുതല്‍വാര്‍ത്തകള്‍.