CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes Ago
Breaking Now

ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ ഒരു ഇഞ്ചക്ഷന്‍! ലോകത്തില്‍ ആദ്യമായി മെലനോമകളെ നശിപ്പിക്കുന്ന വ്യക്തിഗത വാക്‌സിന്‍ പരീക്ഷിച്ച് എന്‍എച്ച്എസ്; കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച അതേ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാക്‌സിന്‍ ക്യാന്‍സര്‍ ചികിത്സയെ മാറ്റിമറിക്കുമോ?

പ്രത്യേക ക്യാന്‍സര്‍, ട്യൂമറുകള്‍ക്ക് എതിരെ പോരാടുന്ന തരത്തില്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്

ലോകത്തില്‍ ആദ്യമായി മെലനോമയ്ക്കുള്ള വ്യക്തിഗത എംആര്‍എന്‍എ വാക്‌സിന്‍ ബ്രിട്ടീഷ് രോഗികളില്‍ പരീക്ഷിച്ച് എന്‍എച്ച്എസ്. ക്യാന്‍സര്‍ ചികിത്സയിലെ സുപ്രധാന ഗതിമാറ്റം സൃഷ്ടിക്കാന്‍ വാക്‌സിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഓരോ വ്യക്തിയുടെയും ട്യൂമറിന്റെ ജനിതക ഘടന പരിശോധിച്ച ശേഷം തയ്യാറാക്കുന്ന വ്യക്തിഗത വാക്‌സാന്‍ ആണെന്നതിനാല്‍ രോഗം ഭേദമാകാന്‍ മികച്ച സാധ്യതയും അവശേഷിക്കുന്നു. ശരീരത്തോട് ക്യാന്‍സര്‍ കോശങ്ങളെ വേട്ടയാടാന്‍ ആവശ്യപ്പെടുകയും, മാരകമായ രോഗം തിരികെ വരുന്നതിന് തടയിടുകയും ചെയ്യുന്നത് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

ഫാര്‍മ വമ്പന്‍മാരായ മോഡേണയും, എംഎസ്ഡിയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ ആദ്യ പതിപ്പ് സ്‌കിന്‍ ക്യാന്‍സറിന്റെ മാരകമായ അവസ്ഥകളില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യത മെച്ചപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ചികിത്സയുടെ അന്തിമഘട്ട ട്രയല്‍സ് നടത്തുന്നത്. ഇപ്പോള്‍ ശ്വാസകോശ, ബ്ലാഡര്‍, കിഡ്‌നി ക്യാന്‍സറുകളെയും തടയാന്‍ ഈ ചികിത്സയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. 

ലോകത്ത് ഏകദേശം 1100 രോഗികളിലാണ് പുതിയ വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഇന്‍ഡിവിജ്വലൈസ്ഡ് നിയോആന്റിജന്‍ തെറാപ്പിയാണ് ഇത്. ഇതിനെ ക്യാന്‍സര്‍ വാക്‌സിന്‍ എന്നും വിളിക്കാം. രോഗികളുടെ പ്രത്യേക ക്യാന്‍സര്‍, ട്യൂമറുകള്‍ക്ക് എതിരെ പോരാടുന്ന തരത്തില്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. ട്യൂമറുകളെ തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ പ്രതിരോധശേഷിയ്ക്ക് ഇതുവഴി സാധിക്കുമെന്നതാണ് സവിശേഷത.




കൂടുതല്‍വാര്‍ത്തകള്‍.