CURRENCY RATE -
1 GBP :
85.65 INR
1 EUR :
76.34 INR
1 USD :
65.02 INR
Last Updated :
34 Minutes 28 Seconds Ago
Breaking Now

അര്‍ജന്റീനയ്ക്ക് റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റെടുത്ത് കൊടുത്ത് ലയണല്‍ മെസി!!!

ഇക്വഡോറിനെ 3-1ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശം!

ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ അതിഭയങ്കരമായ കളിയൊക്കെ തന്നെ, പക്ഷെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇതിയാന്‍ നന്നായി കളിക്കാറുണ്ടോ? സാക്ഷാല്‍ ലയണല്‍ മെസിക്കെതിരെ വിമര്‍ശകരുടെ ഈ സ്ഥിരം ചോദ്യം ഇനി പോക്കറ്റില്‍ വെയ്ക്കുന്നതാകും നല്ലത്. 2018 ഫിഫ ലോകകപ്പില്‍ സ്ഥാനം ലഭിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന അര്‍ജന്റീനയ്ക്ക് ഹാട്രിക്കിലൂടെ ടിക്കറ്റെടുത്ത് നല്‍കിയാണ് മെസി രക്ഷകനായത്. ഇക്വഡോറിനെ 3-1ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശം!

രണ്ട് തവണ ലോകചാമ്പ്യന്‍മാരും, മൂന്ന് വര്‍ഷം മുന്‍പ് ബ്രസീലിലെ ഫൈനലിസ്റ്റുകളുമായ അര്‍ജന്റീനയുടെ നില ഇക്കുറി പരുങ്ങലിലായിരുന്നു. ഇക്വഡോറിനെതിരെ ഒരു വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. അര്‍ജന്റീന ഇല്ലാതെ ഒരു ലോകകപ്പ് നടക്കുമെന്ന് ഭയപ്പെട്ടിരുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും ഇപ്പോഴാണ് ശ്വാസം നേരെ വീണത്. ആദ്യ മിനിറ്റില്‍ ഗോളടിച്ച് അമ്പരപ്പിച്ച ശേഷമാണ് മെസിയുടെ ഗോളുകള്‍ ഇക്വഡോറിന്റെ ചിറകരിഞ്ഞത്.

സൗത്ത് അമേരിക്കയിലെ യോഗ്യാമത്സരങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സ്വാഭാവികമായി ലോകകപ്പിന് യോഗ്യത നേടും. 41 പോയിന്റുകളുമായി ബ്രസീല്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാനം ഉറപ്പിച്ചിരുന്നു. 31 പോയിന്റുള്ള ഉറുഗ്വായ്, 28 പോയിന്റുമായി അര്‍ജന്റീന, 27 പോയിന്റുള്ള കൊളംബിയ എന്നീ ടീമുകളാണ് ഈ സ്ഥാനങ്ങള്‍ നേടിയിട്ടുള്ളത്. 12-ാം മിനിറ്റിലാണ് മെസിയും സംഘവും ഇക്വഡോറിനെ തളയ്ക്കാനുള്ള പണി തുടങ്ങിയത്. ഏഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് ഗോള്‍ പോസ്റ്റിലേക്ക് തൊടുത്ത് സമനിലയാക്കിയാണ് മെസി ആദ്യ ഗോള്‍ കുറിച്ചത്.

20-ാം മിനിറ്റില്‍ വീണ്ടും ഡി മരിയയുടെ പാസ്. 15 വാര അകലെ നിന്നും പോസ്റ്റിന്റെ മുകള്‍ ഭാഗത്തേക്ക് ഒരു കിക്ക്. ഗോള്‍ നില 2-1. പിന്നീട് രണ്ടാം പകുതിയിലാണ് അര്‍ജന്റീനിയന്‍ വിജയം സമ്പൂര്‍ണ്ണമായത്. 62-ാം മിനിറ്റില്‍ 18 വാര അകലെ നിന്നും മെസിയുടെ ഷോട്ട് ഇക്വഡോര്‍ ഗോളി മാക്‌സിമോയുടെ വിരലുകളില്‍ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ അകത്തുകയറി. ഇതോടെ 3-1ന് വിജയം ഉറപ്പാക്കി അര്‍ജന്റീന റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യതയും നേടി!




കൂടുതല്‍വാര്‍ത്തകള്‍.