CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 11 Seconds Ago
Breaking Now

സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി തിരിച്ചെത്തി കൈയില്‍ തോക്കും, ഗ്രനേഡുകളുമായി; ഫയര്‍ അലാറം അടിച്ച് വിദ്യാര്‍ത്ഥികളെ പരിഭ്രാന്തരാക്കിയ ശേഷം തുരുതുരാ വെടിയുതിര്‍ത്തു; 17 പേര്‍ കൊല്ലപ്പെട്ടു 50 പേര്‍ക്ക് പരുക്ക്; കൗമാരക്കാരനെ പോലീസ് പിടികൂടി

വെടിയൊച്ച കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ ബെഞ്ചുകള്‍ക്ക് പിന്നില്‍ അഭയം തേടുകയായിരുന്നു

ഫ്‌ളോറിഡയിലെ ഹൈസ്‌കൂളില്‍ 17 പേരെ മുന്‍ വിദ്യാര്‍ത്ഥി വെടിവെച്ച് കൊന്ന സംഭവങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നു. സ്‌കൂളിലെ ഫയര്‍ അലാറം അടിച്ച് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ നിന്നും പുറത്തിറക്കിയ ശേഷമാണ് 19-കാരനായ നിക്കോളാസ് ക്രൂസ് കൈയില്‍ കരുതിയിരുന്ന റൈഫിളിന് ജീവന്‍ നല്‍കി പരമാവധി ജീവനുകള്‍ കൊയ്തത്. പാര്‍ക്ക്‌ലാന്‍ഡിലെ മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് അക്രമം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടികളെത്തുടര്‍ന്നാണ് ക്രൂസിനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതെന്ന് ബ്രോവാര്‍ഡ് ഷെറീഫ് സ്‌കോട്ട് ഇസ്രയേല്‍ വ്യക്തമാക്കി. 

ഗ്യാസ് മാസ്‌ക് ധരിച്ചാണ് ക്രൂസ് സ്‌കൂളില്‍ അതിക്രമിച്ച് കടന്നതെന്ന് പോലീസ് പറയുന്നു. ചുരുങ്ങിയത് ഒരു എആര്‍-15 റൈഫിള്‍, മള്‍ട്ടിപ്പിള്‍ മാഗസിനുകള്‍, സ്‌മോക് ഗ്രെനേഡുകള്‍ എന്നിവയാണ് ക്രൂസ് അക്രമത്തിനായി ഉപയോഗിച്ചത്. ആദ്യത്തെ വെടിയൊച്ച കേള്‍ക്കുന്നതിന് മുന്‍പായി ഫയര്‍ അലാറം മുഴങ്ങിയതായി ചില വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. സ്‌കൂളില്‍ കൂട്ടക്കൊല നടക്കുന്നതായി മനസ്സിലാക്കിയതോടെ അത് ക്രൂസ് തന്നെയാകുമെന്ന് ഉറപ്പിച്ചതായും ചിലര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥി സഹപാഠികള്‍ക്ക് അപകടകരമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ക്രൂസ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി തോക്കുകളെ കുറിച്ചാണ് പോസ്റ്റ് ചെയ്തിരുന്നത്. 

ക്രൂസിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇത് ആരും പരിഗണിച്ചില്ലെന്നും ഒരു വിദ്യാര്‍ത്ഥി പറയുന്നു. താന്‍ കൊന്നുരസിച്ച മൃഗങ്ങളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്‌കൂള്‍ കെട്ടിടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ വെടിവെപ്പ് തുടങ്ങിയതായി പോലീസ് വ്യക്തമാക്കി. 12 പേരെ സ്‌കൂള്‍ കെട്ടിടത്തിന് ഉള്ളില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേര്‍ സ്‌കൂളിന് പുറത്തും, മറ്റൊരാളെ അടുത്തുള്ള തെരുവിലുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

വെടിയൊച്ച കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ ബെഞ്ചുകള്‍ക്ക് പിന്നില്‍ അഭയം തേടുകയായിരുന്നു. ഒടുവില്‍ പോലീസും, സ്വാറ്റ് ടീമും സ്ഥലത്തെത്തി ക്രൂസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവം കേട്ടറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂളിലേക്ക് ആശങ്കയോടെ ഓടിയെത്തി.  




കൂടുതല്‍വാര്‍ത്തകള്‍.