CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 55 Seconds Ago
Breaking Now

സ്‌കൂളില്‍ രണ്ടാമത്തെ ഫയര്‍ അലാം മുഴങ്ങിയപ്പോള്‍ ഈ അധ്യാപിക അപകടം മണത്തു; കുട്ടികളെ ക്ലാസില്‍ നിന്നും പുറത്തിറക്കാതെ സംരക്ഷിച്ച് ഇന്ത്യന്‍ വംശജ; സ്വാറ്റ് ടീമിന് മുന്നില്‍ പോലും വാതില്‍ തുറക്കാതെ ഫ്‌ളോറിഡ വെടിവെപ്പില്‍ ഹീറോയായി ശാന്തി വിശ്വനാഥന്‍ എന്ന കണക്ക് അധ്യാപിക

അധ്യാപികയുടെ ഉണര്‍ന്ന ചിന്തയാണ് തങ്ങളുടെ മക്കളുടെ ജീവന്‍ രക്ഷിച്ചതെന്ന് ഒരു രക്ഷിതാവ് വ്യക്തമാക്കി

സ്വന്തം ജീവന്‍ പോകുമെന്ന് ഉറപ്പായാല്‍ കൂടെയുള്ളവരെ സംരക്ഷിക്കാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കുക എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഏറിവരുന്ന കാലമാണിത്. എല്ലാവര്‍ക്കും സ്വന്തം കാര്യമെന്ന അവസ്ഥ. പക്ഷെ ഫ്‌ളോറിഡ ഹൈസ്‌കൂളിലെ കണക്ക് അധ്യാപിക ശാന്തി വിശ്വനാഥന് സ്വന്തം ജീവനേക്കാളും വലുതായിരുന്നു തന്റെ വിദ്യാര്‍ത്ഥികളുടെ ജീവന്‍. സ്‌കൂളില്‍ രണ്ടാമത്തെ ഫയര്‍ അലാറം മുഴങ്ങിയപ്പോള്‍ അപകടം മണത്ത ഇന്ത്യന്‍ വംശജ കുട്ടികളെ പുറത്തിറക്കാതെ തറയില്‍ ഒളിച്ച് കിടക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 17 പേര്‍ കൊല്ലപ്പെട്ട ഫ്‌ളോറിഡ വെടിവെപ്പില്‍ കുട്ടികളെ രക്ഷിച്ച കഥകളിലെ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് ശാന്തി. 

മിസിസ് വി എന്ന് കുട്ടികള്‍ വിളിക്കുന്ന ശാന്തി വിശ്വനാഥന് എന്ത് കൊണ്ടോ ഫയര്‍ അലാറം അപകടമാണെന്ന് മനസ്സില്‍ തോന്നിച്ചു. മാര്‍ജറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി റൈഫിളുമായി ആളുകളുടെ ജീവനെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇത്. അലാറം കേട്ട് ക്ലാസുകളില്‍ നിന്നും പുറത്തെ ഹാളിലേക്ക് ഓടിയിറങ്ങിയവര്‍ക്കാണ് അക്രമിയുടെ വെടിയേറ്റത്. എന്നാല്‍ തന്റെ ആള്‍ജിബ്ര ക്ലാസില്‍ നിന്നും ശാന്തി കുട്ടികളെ പുറത്തിറക്കിയില്ല. പകരം ക്ലാസിന്റെ മൂലയില്‍ നിലത്ത് ഒളിച്ചിരിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ലാസിന്റെ ജനല്‍ച്ചില്ലുകള്‍ മറച്ച് പുറത്ത് നിന്നുള്ള കാഴ്ചയും മറച്ചു. 

അധ്യാപികയുടെ ഉണര്‍ന്ന ചിന്തയാണ് തങ്ങളുടെ മക്കളുടെ ജീവന്‍ രക്ഷിച്ചതെന്ന് ഒരു രക്ഷിതാവ് വ്യക്തമാക്കി. തന്റെ ക്ലാസ് മുറിയിലേക്ക് സ്വാറ്റ് ടീമിനെ പോലും ഇവര്‍ കടത്തിയില്ല. തങ്ങള്‍ അക്രമികളല്ലെന്ന് സ്വാറ്റ് അംഗങ്ങള്‍ പറഞ്ഞ് നോക്കിയെങ്കിലും ഇത് അക്രമികളുടെ നമ്പറാണോയെന്ന് ശാന്തി സംശയിച്ചു. ഒടുവില്‍ ജനല്‍ തകര്‍ത്താണ് സംഘം മുറിയില്‍ പ്രവേശിച്ചത്. ബ്രയാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് അധ്യാപികയുടെ ധൈര്യപൂര്‍വ്വമായ ഇടപെടല്‍ വീട്ടുകാരുമായി പങ്കുവെച്ചത്. കണക്ക് സാധാരണ ജീവിതത്തില്‍ എത്രത്തോളം പ്രധാനമാണെന്ന് ബോധ്യപ്പെടുത്തി പഠിപ്പിക്കുന്ന അധ്യാപികയെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ശാന്തിയെക്കുറിച്ച് പറയുന്നത്. 

ഇതിനിടെയാണ് ഫ്‌ളോറിഡ കൂട്ടക്കൊലയില്‍ നിന്നും തന്റെ വിദ്യാര്‍ത്ഥികളെ ധൈര്യപൂര്‍വ്വം സംരക്ഷിച്ച അധ്യാപികയുടെ കഥകള്‍ പുറത്തുവരുന്നത്. ഇതോടെ ശാന്തി വിശ്വനാഥന്‍ എന്ന ഇന്ത്യന്‍ വംശജ സ്‌കൂളിന്റെ അമേരിക്കയുടെ ഹീറോകളില്‍ ഒരാളായി മാറിയിരിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.