CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 44 Seconds Ago
Breaking Now

ഇ-സിഗററ്റും വലിച്ച് സ്റ്റൈലായി ഡ്രൈവ് ചെയ്യാന്‍ വരട്ടെ; നിങ്ങളുടെ ശ്രദ്ധ തിരിയുന്നതായി തോന്നിയാല്‍ ലൈസന്‍സ് പുകയാകും; മൊബൈല്‍ നിരോധിക്കുന്ന നിയമത്തിന് ഇതിനുള്ള ശക്തിയുണ്ട്; 2500 പൗണ്ട് വരെ പിഴയും ഈടാക്കും

ഇ-സിഗററ്റ് ഡ്രൈവിംഗില്‍ നിരോധിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാതെ നോക്കേണ്ടത് സുപ്രധാനമാണ്.

ഡ്രൈവിംഗ് വീലിന് പിന്നിലിരുന്ന് ഇ-സിഗററ്റ് വലിക്കുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ലൈസന്‍സ് നഷ്ടമാക്കാന്‍ ഈയൊരു രസം മാത്രം മതി. ഡ്രൈവ് ചെയ്യുമ്പോള്‍ ഇ-വലി നിയമവിരുദ്ധമല്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ അവകാശമുണ്ട്. ഇലക്ട്രോണിക് ഡിവൈസ് കൈയില്‍ പിടിച്ച് ഡ്രൈവിംഗില്‍ ശ്രദ്ധ നഷ്ടമായെന്ന് തോന്നിയാല്‍ ഇത് അപകടകരമായി വിലയിരുത്തി പോലീസിന് നടപടി സ്വീകരിക്കാം. ഇ-സിഗററ്റുമായി ശ്രദ്ധയില്ലാതെ ഡ്രൈവ് ചെയ്താല്‍ പ്രോസിക്യൂട്ട് ചെയ്യാമെന്നാണ് മുന്നറിയിപ്പ്. അയോഗ്യരാക്കല്‍, ലൈസന്‍സില്‍ 3 മുതല്‍ 9 വരെ പോയിന്റ്, 2500 പൗണ്ട് വരെ പിഴ എന്നിങ്ങനെ ഓപ്ഷനുകളുമുണ്ട്. 

ഇ-സിഗററ്റ് വലിക്കുമ്പോള്‍ പുറപ്പെടുന്ന കനത്ത പുക കുറച്ച് നേരത്തേക്ക് ഡ്രൈവറെ അന്ധരാക്കാമെന്നും ഇത് അപകടത്തിലേക്ക് നയിക്കാമെന്നുമാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. യുകെയില്‍ മൂന്ന് മില്ല്യണ്‍ ആളുകളാണ് ഇ-സിഗററ്റ് ഉപയോഗിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഡ്രൈവ് ചെയ്ത് കൊണ്ടാണ് ഇ-വലി നടത്തുന്നത്. വേപ്പില്‍ നിന്നുമുള്ള പുക ശ്രദ്ധ തിരിക്കാന്‍ കാരണമാകുമെന്നും അപകടത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സസെക്‌സ് റോഡ് പോലീസിംഗ് യൂണിറ്റിലെ സര്‍ജന്റ് കാള്‍ നാപ്പ് വ്യക്തമാക്കുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റ് പണികള്‍ക്ക് പോകാതെ 100% ശ്രദ്ധ റോഡിലാകണമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു.

ഇ-സിഗററ്റ് ഡ്രൈവിംഗില്‍ നിരോധിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാതെ നോക്കേണ്ടത് സുപ്രധാനമാണ്. ജനലുകള്‍ തുറന്നിട്ട് വേപ്പര്‍ പുറത്തേക്ക് പോകാന്‍ അനുവദിക്കണം, സര്‍ജന്റ് നാപ്പ് വ്യക്തമാക്കി. അതേസമയം പുകവലി മാത്രമല്ല വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരും ഈ ജാഗ്രത പുലര്‍ത്തണമെന്ന് സറേ പോലീസ് സര്‍ജന്റ് ജോണ്‍ ഡേവിസ് പറഞ്ഞു. കാഴ്ച മറക്കുന്ന അവസ്ഥ അപകടത്തിന് കാരണമാകാമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദൈനംദിനം നടത്തിവരുന്ന അപകടകരമായ ഒരു ജോലിയാണ് ഡ്രൈവിംഗെന്ന് റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക് പറയുന്നു. തിരക്കുള്ള റോഡുകളില്‍ നിന്നും കണ്ണൊന്ന് തെറ്റിയാല്‍ അപകടം തേടിയെത്തുന്നതാണ് അവസ്ഥ. 

ഇതിനായി പുതിയ നിയമങ്ങളൊന്നും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും വേപ്പിംഗ് ഉള്‍പ്പെടെയുള്ള പരിപാടികളുമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കരുതെന്ന് ഗതാഗത വകുപ്പ് വക്താവ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.