CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 48 Seconds Ago
Breaking Now

റോഡില്‍ നിറയെ രക്തം; ഈസ്റ്റ് ലണ്ടന്‍ തെരുവില്‍ കൗമാരക്കാരനെ കുത്തിവീഴ്ത്തി; തലസ്ഥാനത്തെ ചോരക്കളിയുടെ ഇരകള്‍ 60 ആയി; ഇനി ലക്ഷ്യം സെഞ്ചുറിയോ?

അരമണിക്കൂറിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാത്രിയോടെ ഈ കൊലപാതകം.

ഏതെങ്കിലും ക്രിക്കറ്റ് മത്സരമാണ് നടക്കുന്നതെങ്കില്‍ സെഞ്ചുറി തികയ്ക്കാനായി ആളുകള്‍ കാത്തിരിക്കും. പക്ഷെ മനുഷ്യന്റെ ജീവന്‍ കൊണ്ടുള്ള കളിയില്‍ 100 തികയ്ക്കാനായി കാത്തിരിക്കുന്നത് അല്‍പ്പം കടന്ന കൈയാണ്. ലണ്ടനിലെ ചോരക്കളി തുടരുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍ വേണ്ടിവരുന്നത്. ഇന്നലെ 59 എണ്ണത്തിലേക്ക് എത്തിയ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ന് നേരെ വെളുക്കുമ്പോഴേക്കും 60-ലേക്ക് എത്തിയിരിക്കുന്നു. ഈസ്റ്റ് ലണ്ടന്‍ ഫോറസ്റ്റ് ഗേറ്റിലാണ് 18 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ചത്. 

രാത്രി 10.50-ഓടെയാണ് തലസ്ഥാന നഗരത്തിലെ കൊലകളുടെ എണ്ണം 60-ലേക്ക് എത്തുന്ന സംഭവങ്ങള്‍ നടന്നതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ കൗമാരക്കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല (സ്വാഭാവികം!). റോഡില്‍ രക്തം പരന്നൊഴുകിയ നിലയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പ്രദേശം പോലീസിന്റെ അധീനതയിലാണ്. 

ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും, ലണ്ടന്‍ എയര്‍ ആംബുലന്‍സില്‍ നിന്നുമുള്ള പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി. എന്നാല്‍ പരുക്കേറ്റ വ്യക്തിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക തിരിച്ചറിയലും, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളും പിന്നീട് നടക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്റെ ആദ്യ ഘട്ടം ആയതിനാലാണ് അറസ്റ്റുകള്‍ നടത്താത്തതെന്നും അധികൃതര്‍ അവകാശപ്പെട്ടു. 

എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്ന ദൃക്‌സാക്ഷികള്‍ പോലീസിനെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്നലെ അരമണിക്കൂറിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാത്രിയോടെ ഈ കൊലപാതകം. കത്തി നിരോധിച്ചും മറ്റുമുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ എങ്ങും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കൊലപാതക പരമ്പര!




കൂടുതല്‍വാര്‍ത്തകള്‍.