CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 6 Seconds Ago
Breaking Now

തിഹാറില്‍ സൗകര്യമുണ്ട് ; കുറ്റവാളികളെ നാടുകടത്താനുള്ള നീക്കത്തിന് ബ്രിട്ടനില്‍ ആദ്യ ചുവടുവയ്പ്പായി ; ഇനി മല്യയുടെ ഊഴം !

ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താന്‍ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

ഇന്ത്യന്‍ കുറ്റവാളികളെ നാടുകടത്തുന്നതില്‍ കുഴപ്പമില്ലെന്നും ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ എല്ലാ സൗകര്യമുണ്ടെന്നും വിധിച്ച് ലണ്ടന്‍ ഹൈക്കോടതി വിധിച്ചതോടെ പല പ്രമുഖരുടെയും ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താന്‍ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് കുമാര്‍ ചൗള ക്രിക്കറ്റ് വാതുവെപ്പുകേസില്‍ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നുമാണ് വാദിച്ചിരുന്നത്. എന്നാല്‍, കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ഈ വാദം പൂര്‍ണമായും തള്ളി. തീഹാര്‍ ജയിലിന് യാതൊരു കുഴപ്പവുമില്ലെന്നും ജയിലില്‍ കാര്യമായ പരിഗണന നല്‍കാമെന്ന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സഞ്ജീവ് ചൗളയെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് ഇന്ത്യ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായതോടെ, ഇന്ത്യക്ക് വീണ്ടും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയെ സമീപിക്കാം. ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ പോകാനുള്ള അവസരം സഞ്ജീവ് ചൗളയ്ക്കുണ്ട്.

ഡല്‍ഹിയില്‍ ജനിച്ച ചൗള 1996 വരെ ഇന്ത്യയിലാണ് ജീവിച്ചത്. 1996ല്‍ ബിസിനസ് വിസയില്‍ ബ്രിട്ടനിലേക്ക് കടന്ന ചൗളയുടെ പാസ്‌പോര്‍ട്ട് 2000ല്‍ ഇന്ത്യ മരവിപ്പിച്ചു. 2005ല്‍ യുകെ പാസ്‌പോര്‍ട്ട് ലഭിച്ചു. ഭാര്യയും രണ്ടുമക്കളുമായി ലണ്ടനില്‍ കഴിയുന്ന സഞ്ജീവ് ചൗളയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ചത്. 2000ലെ കുപ്രസിദ്ധമായ ക്രിക്കറ്റ് വാതുവെപ്പില്‍ ചൗളയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് കാട്ടിയായിരുന്നു ഇത്. ഹാന്‍സി ക്രോണ്യെ, മുഹമ്മദ് അസ്ഹറുദീന്‍, അജയ് ജഡേജ തുടങ്ങിയവര്‍ക്കെതിരേ നടപടികള്‍ വന്നത് ഈ വാതുവെപ്പുകേസിലാണ്.

കേസ് പരിഗണിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജഡ്ജി റെബേക്ക ക്രേന്‍, ചൗള കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിധിച്ചു. എന്നാല്‍, തീഹാര്‍ ജയിലില്‍ താന്‍ പീഡിപ്പിക്കാനിടയുണ്ടെന്ന ചൗളയുടെ വാദം അംഗീകരിച്ച കോടതി ചൗളയെ നാടുകടത്താന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരേ ഇന്ത്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നതാണ് തന്നെ നാടുകടത്താതിരിക്കാനുള്ള പ്രധാനകാരണമായി വിജയ് മല്യയും ഉന്നയിക്കുന്നത്. ലണ്ടന്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഈ കേസിലും ഇന്ത്യക്ക് പ്രയോഗിക്കാനാവുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.