CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 1 Seconds Ago
Breaking Now

ശബരിമല പ്രതിഷേധത്തില്‍ കാര്യങ്ങള്‍ ഉഷാറാക്കാന്‍ കേന്ദ്ര സംഘമെത്തി; ബിജെപി പ്രക്ഷോഭം ശക്തമാക്കും

ഷാ ഡിസംബറില്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങള്‍ മയപ്പെടുത്തിയെന്ന വാര്‍ത്ത തള്ളി ബിജെപി. പ്രതിഷേധങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ പാര്‍ട്ടിയുടെ നാലംഗ സംഘം കേരളത്തിലെത്തി. ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത ദിവസം തന്നെയാണ് ബിജെപി നേതാക്കള്‍ സ്ഥലത്തെത്തിയത്. 

ശബരിമല ചവിട്ടി ആറ് മണിക്കൂറിനുള്ളില്‍ തിരിച്ചിറങ്ങുമെന്ന് എഴുതി നല്‍കാനാണ് ഗോപാലകൃഷ്‌ണോട് പോലീസ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി നിലയ്ക്കലില്‍ കുത്തിയിരുന്ന് ശരണം വിളിച്ചതോടെയാണ് ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെത്തിയ കേന്ദ്ര സംഘം പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാണ് ഒരുങ്ങുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ശേഷം വിവിധ കേസുകള്‍ ചുമത്തി ജില്ലകള്‍ തോറും കറക്കുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ സംഘം സന്ദര്‍ശിക്കും. 

സ്ഥിതിഗതികളെക്കുറിച്ച് ഇവര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ഷാ ഡിസംബറില്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നത് തടയാന്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി ഒന്നിന് വനിതാ മതില്‍ നിര്‍മ്മിച്ച് ഹാപ്പി ന്യൂഇയര്‍ ആഘോഷിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ട്വീറ്റ്. 

എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ച് കഴിഞ്ഞു. നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ പ്രഖ്യാപിക്കുന്ന കോടതി നടപടിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസും ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുകയാണ്. 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.