Breaking Now

ഒരു ഡിവോഴ്‌സ് നേടി എല്ലാം അവസാനിപ്പിക്കാമായിരുന്നു, എന്നിട്ടും ഭാര്യയെ അവസാനിപ്പിച്ചതെന്തിന്? ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തിയ ഫാര്‍മസിസ്റ്റ് ഭര്‍ത്താവിന് 30 വര്‍ഷം ജയില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍; അല്‍പ്പം പോലും പശ്ചാത്താപം പ്രകടിപ്പിക്കാതെ കുറ്റവാളി

ഭാര്യയോട് ലൈംഗിക ആകര്‍ഷണം ഇല്ലാതിരുന്നതാണ് പട്ടേലിന് പ്രശ്‌നമായത്. മറിച്ച് പുരുഷന്‍മാരോടാണ് ഇയാള്‍ക്ക് പ്രേമം

ടെസ്‌കോയുടെ കാരിയര്‍ ബാഗ് കൊലപാതകത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയ അതിബുദ്ധിയുള്ള ഫാര്‍മസിസ്റ്റിന് ഇനി ചുരുങ്ങിയത് 30 വര്‍ഷം ജയിലില്‍ കിടക്കാം. ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തി സിഡ്‌നിയിലുള്ള കാമുകനോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാണ് ഫാര്‍മസിസ്റ്റ് കൂടിയായ 37-കാരന്‍ മിതേഷ് പട്ടേല്‍ ഈ കടുംകൈ പ്രവര്‍ത്തിച്ചത്. 34-കാരിയായ ജെസീക്കയെ കഴുത്ത് ഞെരിച്ചും, ശ്വാസം മുട്ടിച്ചുമാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. മെയ് 14-ന് മിഡില്‍സ്ബറോയിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. പട്ടേലിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി ചുരുങ്ങിയത് 30 വര്‍ഷം ശിക്ഷ അനുഭവിക്കാനും ഉത്തരവിട്ടു. 

ഭാര്യയുടെ പേരിലുള്ള 2 മില്ല്യണ്‍ പൗണ്ട് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി ഓസ്‌ട്രേലിയയിലുള്ള കാമുകന്‍ ഡോ. അമിത് പട്ടേലിനൊപ്പം ജീവിക്കാനായിരുന്നു പട്ടേലിന്റെ മോഹം. 'നിങ്ങള്‍ ചെയ്ത പ്രവൃത്തികളില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ല. എന്തെങ്കിലും സഹതാപം തോന്നുന്നെങ്കില്‍ അത് സ്വയം മാത്രം. ഭാര്യ നിങ്ങളെ എത്രത്തോളം സ്‌നേഹിച്ചിരുന്നു, ഒന്‍പത് വര്‍ഷക്കാലം ഒപ്പം നിന്നും. കുട്ടികള്‍ പിറന്ന് സ്വസ്ഥമായ ഒരു ജീവിതം മാത്രമാണ് അവര്‍ ആഗ്രഹിച്ചത്', വിധി പ്രസ്താവിക്കവെ ജസ്റ്റിസ് ഗോസ് പട്ടേലിനോട് പറഞ്ഞു. എന്നാല്‍ ഭാര്യയോട് ലൈംഗിക ആകര്‍ഷണം ഇല്ലാതിരുന്നതാണ് പട്ടേലിന് പ്രശ്‌നമായത്. മറിച്ച് പുരുഷന്‍മാരോടാണ് ഇയാള്‍ക്ക് പ്രേമം തോന്നിയത്. 

ഭര്‍ത്താവിന്റെ ലൈംഗിക രീതികളെക്കുറിച്ച് അറിയാമെന്നത് കൊണ്ട് തന്നെ ജെസീക്ക ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പലപ്പോളും പട്ടേലിന്റെ അമിത നിയന്ത്രണവും കടന്നുവന്നു. ടീസൈഡ് ക്രൗണ്‍ കോടതിയില്‍ രണ്ടാഴ്ച നീണ്ട വാദപ്രതിവാദങ്ങളില്‍ ഭാര്യയോടൊപ്പം റോമന്‍ റോഡില്‍ ഫാര്‍മസി നടത്തിവന്നിരുന്ന പട്ടേല്‍ സ്വവര്‍ഗ്ഗ ഡേറ്റിംഗ് ആപ്പ് വഴി പുരുഷന്‍മാരെ കണ്ടിരുന്ന വിവരവും പുറത്തെത്തിച്ചു. തന്റെ മികച്ച സുഹൃത്തെന്ന് ഇയാള്‍ അവകാശപ്പെട്ട ഭാര്യയെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷമാണ് ശ്വാസംമുട്ടിച്ച് കൊന്നത്. പിന്നീട് മൃതദേഹം ടേപ്പ് ഉപയോഗിച്ച് കെട്ടി, വീട്ടില്‍ മോഷണശ്രമം നടന്ന അന്തരീക്ഷം സൃഷ്ടിച്ചു. 

മരണത്തിലൂടെയെങ്കിലും സഹോദരി നിങ്ങളില്‍ നിന്നും രക്ഷപ്പെട്ടു, ജെസീക്ക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുമ്പോള്‍, നിങ്ങള്‍ നരകത്തില്‍ കിടന്ന് നരകിക്കും, സഹോദരി ദിവ്യ കോടതിയില്‍ പ്രതികരിച്ചു. ഒരു ഡിവോഴ്‌സ് നേടി എങ്ങോട്ടെങ്കിലും പോകുന്നതിന് പകരം അവളുടെ ജീവനെടുത്തതാണ് ക്രൂരത, അവര്‍ ചൂണ്ടിക്കാണിച്ചു. ജെസീക്കുടെ അണ്ഡം ഉപയോഗിച്ച് കുട്ടികളെ സൃഷ്ടിക്കാനായിരുന്നു പട്ടേലിന്റെ ഉദ്ദേശം. ഇതിനിടെയാണ് കൊലപാതകം. 
കൂടുതല്‍വാര്‍ത്തകള്‍.