CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 41 Seconds Ago
Breaking Now

ബ്രക്‌സിറ്റ് കരാറില്ലാതെ വന്നാല്‍ എന്‍എച്ച്എസ് ജീവനക്കാരുടെ നടുവൊടിയും; യൂറോപ്യന്‍ യൂണിയനില്‍ പ്രവാസ ജീവിതം നയിക്കുന്ന 2 ലക്ഷം യുകെ പെന്‍ഷണര്‍മാര്‍ തിരികെ എത്തിയാല്‍ ആശുപത്രികളും, ജിപികളും സമ്മര്‍ദത്താല്‍ പൊറുതിമുട്ടും; പ്രായമായവരെ പരിചരിക്കാന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും തികയില്ല

ഇയുവില്‍ നിന്നും ഇറങ്ങിപ്പോരുന്ന പക്ഷം അവിടെ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ബ്രക്‌സിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ബ്രക്‌സിറ്റ് ബ്രിട്ടനിലെ ആരോഗ്യ രംഗത്ത് വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങളില്‍ ഇതുവരെ എന്‍എച്ച്എസില്‍ നിന്നും കൊഴിഞ്ഞുപോകുന്ന നഴ്‌സുമാരുടെ എണ്ണം മാത്രമാണ് ശ്രദ്ധയില്‍ പെട്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തങ്ങളുടെ വാര്‍ധക്യം ആഘോഷിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷ് പെന്‍ഷണര്‍മാരുണ്ട്. ബ്രക്‌സിറ്റില്‍ കരാര്‍ നേടാന്‍ കഴിയാതെ ഇറങ്ങിപ്പോന്നാല്‍ ഇവര്‍ തിരികെ നാട്ടിലേക്ക് ഒഴുകിയെത്തും. ഇതോടെ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും ജീവനക്കാരുടെയും കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്നാണ് ഗവണ്‍മെന്റ് അധികാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഇയുവില്‍ നിന്നും ഇറങ്ങിപ്പോരുന്ന പക്ഷം അവിടെ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ബ്രക്‌സിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചു. തങ്ങള്‍ക്ക് ലഭിച്ചിരുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഇല്ലാതായാല്‍ ഈ വാര്‍ധക്യ പ്രവാസികള്‍ പെട്ടിയെടുത്ത് തിരികെ യുകെയിലേക്ക് വെച്ചുപിടിക്കും. ഇതോടെ ആശുപത്രികള്‍, സ്‌കൂളുകള്‍, ഭവനം എന്നിവയില്‍ അധിക സമ്മര്‍ദം ഉറപ്പാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഇയുവില്‍ ഏകദേശം 8 ലക്ഷം ബ്രിട്ടീഷുകാര്‍ താമസിക്കുന്നു, ഇതില്‍ 207,300 പേരും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 

59,600 പ്രവാസി ബ്രിട്ടീഷുകാര്‍ 15 വയസ്സും, അതിന് താഴെയും പ്രായമുള്ളവരാണ്. ഇവര്‍ തിരികെ യുകെയിലെത്തിയാല്‍ സ്‌കൂളുകളില്‍ സ്ഥാനം നല്‍കണം. പ്രവാസി ബ്രിട്ടീഷ് സമൂഹം തിരികെ എത്തിയാല്‍ മറ്റ് ബ്രിട്ടീഷ് പൗരനെ പോലെ ഹൗസിംഗ്, സ്‌കൂള്‍, വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് ബ്രക്‌സിറ്റ് വകുപ്പ് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. കരാര്‍ രഹിതമായി ബ്രിട്ടന്‍ ഇയു വിടേണ്ടി വന്നാല്‍ ഉയരുന്ന സാഹചര്യങ്ങള്‍ നേരിാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സുപ്രധാന വിഷയമെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇവര്‍ക്ക് യുകെയില്‍ മടങ്ങിയെത്തിയാല്‍ എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ആരോഗ്യസേവനം ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 

കൂടാതെ ലോക്കല്‍, നാഷണല്‍ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഇയുവില്‍ യുകെ സ്‌റ്റേറ്റ് പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ നേടിയവര്‍ക്ക് തിരികെ എത്തുമ്പോഴും ഇത് ലഭ്യമാക്കും. ബ്രിട്ടനിലെ ആശുപത്രികളും, സ്‌കൂളുകളും കനത്ത സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പ്രഖ്യാപനങ്ങള്‍ മേഖലയെ കൂടുതല്‍ ആശങ്കയിലേക്ക് തള്ളിവിടുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.