CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 59 Seconds Ago
Breaking Now

തെരേസ മേയ്ക്കെതിരെ അവിശ്വാസവുമായി പ്രതിപക്ഷം; തമാശ കാണിക്കാതെ അവിശ്വാസ പ്രമേയം മേശപ്പുറത്ത് വെയ്ക്കാന്‍ കോര്‍ബിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി; മറുപടി പറയാതെ സഭയില്‍ നിന്നും മേയ് ഇറങ്ങിപ്പോയി

പ്രതിപക്ഷത്തോടൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍ കൂടി ചേരുന്നത് പ്രതിസന്ധിയുണ്ടാക്കും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ എംപിമാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേയ്ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബര്‍ നേതാവുമായ ജെറമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് തന്നെ ഈ നീക്കം തിരിച്ചടിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ തള്ളിയിട്ട് പോലും കോര്‍ബിന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പോലും നല്‍കാതെ തെരേസ മേയ് കോമണ്‍സില്‍ നിന്നും ഇറങ്ങിപ്പോയി. 

ടോറി പാര്‍ട്ടിയിലെ ഭിന്നിപ്പുകള്‍ പ്രയോജനപ്പെടുത്തി സര്‍ക്കാരിനെ താഴെയിറക്കാനാണ് ജെറമി കോര്‍ബിന്‍ ശ്രമിച്ചത്. എന്നാല്‍ ഔദ്യോഗിക അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുന്‍പ് കാര്യങ്ങള്‍ അവസാനിക്കപ്പെട്ടു. മേയെ തോല്‍പ്പിച്ചാല്‍ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന കോര്‍ബിന്റെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്. 

പ്രമേയത്തിന് പാര്‍ലമെന്റില്‍ ഗവണ്‍മെന്റ് സമയം നിഷേധിച്ചു. ലേബര്‍ പാര്‍ട്ടി ഔദ്യോഗികമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ മാത്രമാണ് ഇനി ഇതിന് വഴിയൊരുങ്ങുക. ഡൗണിംഗ് സ്ട്രീറ്റ് ലേബര്‍ പാര്‍ട്ടിയുടെ അനാവശ്യ രാഷ്ട്രീയ കളികള്‍ക്ക് സമയം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. 

ബ്രക്സിറ്റ് ഉടമ്പടിയിന്മേലുള്ള പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി 3ാം വാരം മാത്രമേ നടക്കൂവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് പരാജയം ഉറപ്പായതോടെ അവസാന നിമിഷം പ്രധാനമന്ത്രി അനിശ്ചിത കാലത്തേക്ക് മാറ്റുകയായിരുന്നു.

ബ്രക്സിറ്റിന്മേല്‍ അഭിപ്രായം അറിയിക്കാനുള്ള എംപിമാരുടെ അവസരം ഒരു മാസത്തേക്ക് നീട്ടിവയ്ക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ജെറമി കോര്‍ബിന്‍ പറഞ്ഞു. ദേശീയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ മേ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉടമ്പടിയിലെ വിവാദ വിഷയമായ ഐറീഷ് ബാക്ക്സ്റ്റോപ്പ് ഒരിക്കലും ബ്രിട്ടന് കെണിയാകില്ലെന്ന് യൂറോപ്യന്‍ നേതാക്കള്‍ ഉറപ്പു നല്‍കിയെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

കേവലം 317 എംപിമാരേ പാര്‍ലമെന്റില്‍ ടോറികള്‍ക്കുള്ളൂ. ഇതില്‍ 117 പേര്‍ മേയുടെ ബ്രക്സിറ്റ് നയങ്ങളെ എതിര്‍ക്കുന്നവരാണ്. ഇതില്‍ തന്നെ പകുതി പേര്‍ പ്രധാനമന്ത്രി മാറണമെന്ന് ശക്തമായി ആഗ്രഹിക്കുന്നവരും. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്കും ബ്രക്സിറ്റ് നയങ്ങളോട് എതിര്‍പ്പാണ്. മറ്റ് പ്രതിപക്ഷ കക്ഷികളായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ബ്രക്സിറ്റ് തടയണമെന്ന നിലപാടുകാരാണ്. 




കൂടുതല്‍വാര്‍ത്തകള്‍.