CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 10 Seconds Ago
Breaking Now

അപ്പോള്‍ ഇതാണ് ഉദ്ദേശം; തെരസേ മേയ് പ്രധാനമന്ത്രി പദം രാജിവെച്ചാല്‍ ബ്രക്‌സിറ്റ് കരാറിനെ കോമണ്‍സില്‍ പിന്തുണയ്ക്കാമെന്ന് ടോറി എംപിമാര്‍; രാജി തീയതി പ്രഖ്യാപിച്ചാല്‍ അടുത്ത ആഴ്ച മേയ്ക്ക് പാര്‍ലമെന്റില്‍ നാണക്കേട് ഒഴിവാക്കാം

ആര്‍ട്ടിക്കിള്‍ 50 സമയപരിധി ദീര്‍ഘിപ്പിക്കാന്‍ അനുമതി ചോദിച്ചുള്ള പ്രമേയത്തിന് എംപിമാര്‍ കൂട്ടമായി വോട്ട് ചെയ്ത് വിജയിപ്പിച്ചു

ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് കടമ്പ കടക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് എപ്പോള്‍ പദത്തില്‍ നിന്നും ഒഴിയുമെന്ന് വ്യക്തമാക്കണമെന്ന് ടോറി എംപിമാര്‍. ബ്രസല്‍സുമായി ചര്‍ച്ച ചെയ്ത് ഉറപ്പിച്ചിട്ടുള്ള വിത്‌ഡ്രോവല്‍ കരാര്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടും. മൂന്നാം തവണയാണ് പ്രധാനമന്ത്രി കരാറുമായി എംപിമാരുടെ അംഗീകാരം തേടുന്നത്. ഇതും വോട്ടിനിട്ട് തോല്‍പ്പിച്ചാല്‍ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് ദീര്‍ഘമായി വൈകുമെന്നാണ് മേയ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെയാണ് കരാറിനെ അനുകൂലിക്കണമെങ്കില്‍ തെരേസ മേയ് പ്രധാനമന്ത്രി പദം എപ്പോള്‍ വിട്ടിറങ്ങുമെന്ന് വ്യക്തമാക്കാന്‍ ടോറി എംപിമാര്‍ അന്ത്യശാസനം നല്‍കിയത്. 

ഇതിനിടെ ആര്‍ട്ടിക്കിള്‍ 50 സമയപരിധി ദീര്‍ഘിപ്പിക്കാന്‍ അനുമതി ചോദിച്ചുള്ള പ്രമേയത്തിന് എംപിമാര്‍ കൂട്ടമായി വോട്ട് ചെയ്ത് വിജയിപ്പിച്ചു. തന്റെ കരാര്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ ജൂണ്‍ വരെ സമയം വേണ്ടി വരുമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. പക്ഷെ കരാര്‍ തള്ളിയാല്‍ ഇതാകില്ല സ്ഥിതിയെന്നും അവര്‍ പറയുന്നു. മേയുടെ മുന്‍ പോളിസി ചീഫ് ജോര്‍ജ്ജ് ഫ്രീമാനാണ് യൂറോപ്പ് വിരുദ്ധ പാര്‍ട്ടി എംപിമാരുടെയും, ഡിയുപിയുടെയും പിന്തുണ നേടാന്‍ രാജിവെയ്ക്കുമെന്ന ഉറപ്പ് നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കിയത്. 

യുകെയുടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അനിശ്ചിതമായി നീണ്ടുപോകുന്ന അവസ്ഥ സംജാതമാക്കാന്‍ ഇടയുള്ള രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് പോകാന്‍ പ്രധാനമന്ത്രിയെയും, മുഖ്യ ബ്രക്‌സിറ്റ് ഉപദേശകനുമായ ഓളി റോബിന്‍സിനെയും അനുവദിക്കില്ലെന്ന് യൂറോപ്പ് വിരുദ്ധ എംപിമാര്‍ ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. മേയുടെ മുന്‍ സഹായി ഫ്രീമാന്‍ ഇന്നലെയാണ് കരാര്‍ പാസാക്കാന്‍ ഏക മാര്‍ഗ്ഗം പ്രധാനമന്ത്രിയുടെ രാജിയാണെന്ന് വ്യക്തമാക്കിയത്. 'ഈ അങ്കലാപ്പ് തുടരാന്‍ കഴിയില്ല. ആരെങ്കിലും വിട്ടുവീഴ്ച ചെയ്യണം. മാര്‍ച്ച് 29-ന് മാന്യമായ ബ്രക്‌സിറ്റ് ആവശ്യമാണ്. ഇതിന് ആവശ്യമായ വോട്ട് കിട്ടാന്‍ എപ്പോള്‍ രാജിവെയ്ക്കുമെന്ന് മേയ് പ്രഖ്യാപിക്കണം. ഇയു പിന്‍മാറ്റത്തിന് ശേഷം രാജ്യത്തെ ഒരുമിപ്പിക്കാനും, അടുത്ത ഘട്ടത്തിന് നേതൃത്വം നല്‍കാനും പുതിയൊരു നേതാവിനെ തെരഞ്ഞെടുക്കണം', ഫ്രീമാന്‍ ആവശ്യപ്പെട്ടു. 

മേയ് രാജിക്ക് തീയതി കുറിക്കുന്നത് വഴി ബ്രക്‌സിറ്റ് എംപിമാരുടെ പിന്തുണ ഉറപ്പിക്കാമെന്ന് എംപി പീറ്റര്‍ ബോണും സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും സ്ഥിരീകരണം നല്‍കാന്‍ ഡൗണിംഗ് സ്ട്രീറ്റ് തയ്യാറായിട്ടില്ല. എന്നിരുന്നാലും കരാര്‍ പാര്‍ലമെന്റ് കടക്കാന്‍ ഇത് മാത്രമാണ് മാര്‍ഗ്ഗമെന്ന് തെരേസ മേയുടെ കൂട്ടാളികളും രഹസ്യമായി സമ്മതിക്കുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.