Breaking Now

ഇടതുപക്ഷത്തെ വളര്‍ത്തിയത് ഈഴവരുടെ ചോരയും നീരുമാണ് ; എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

വനിതാമതില്‍ കെട്ടിയതിന്റെ അടുത്തദിവസം തന്നെ പൊളിച്ചെന്നും ശബരിമല പ്രശ്‌നം കൈകാര്യം ചെയ്ത രീതി ചിലരില്‍ ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷത്തെ വളര്‍ത്തിയത് ഈഴവരുടെ ചോരയും നീരുമാണെന്നും എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാമതില്‍ കെട്ടിയതിന്റെ അടുത്തദിവസം തന്നെ പൊളിച്ചെന്നും ശബരിമല പ്രശ്‌നം കൈകാര്യം ചെയ്ത രീതി ചിലരില്‍ ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണ്. ആരിഫിനെ ജയിപ്പിക്കണമെന്ന നിര്‍ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു. എന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരേ പ്രതികാരം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധി ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19 എണ്ണത്തിലും യുഡിഎഫ് ജയിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന്റെ വിജയം. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് താന്‍ കാശിക്ക് പോകുമെന്ന് നേരത്തെ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയില്‍ നാമനിര്‍ദേശ പത്രിക കൊടുത്തുകഴിഞ്ഞപ്പോള്‍ തന്നെ ആരിഫ് വിജയിച്ചുകഴിഞ്ഞെന്നും ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നതുപോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.