യുവതാരം ഋഷഭ് പന്തിന് നേരിടേണ്ടി വരുന്നത് എതിരാളികളുടെ പന്തുകളെ മാത്രമല്ല, മോശം പ്രകടനത്തിന് കരിയര്‍ അസ്തമിപ്പിക്കാന്‍ പോന്ന ക്രൂരമായ വിമര്‍ശനങ്ങള്‍ കൂടിയാണ്. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമില്‍ ഇടംനേടുകയെന്ന കഠിനമായ ദൗത്യമാണ് ഈ യുവാവിന് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ കടുപ്പമേറിയതാണ്. ഇതാദ്യമായി ഋഷഭ് പന്തിന് പിന്തുണയുമായി ഒരു മുന്‍ ഇന്ത്യന്‍ താരം രംഗത്ത് വന്നിരിക്കുന്നു.
മുന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗാണ് ഋഷഭ് പന്തിന് നേരെ അഴിച്ചുവിടുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. യുവ വിക്കറ്റ്കീപ്പര്‍ബാറ്റ്‌സ്മാന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വഴികാട്ടണമെന്നും യുവരാജ് വ്യക്തമാക്കി. പന്തിന് നേരെ ഇത്രയധികം വിമര്‍ശനം ആവശ്യമില്ല. കൂടാതെ ഇതിനെ നേരിടാന്‍ വിരാടിന്റെയും മുഖ്യകോച്ച് രവി ശാസ്ത്രിയുടെയും പിന്തുണ വേണം. കിട്ടിയ അവസരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതെ, അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകുന്നതിന്റെ പേരിലാണ് പന്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്.
'എന്താണ് പന്തിന് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. ആവശ്യമില്ലാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. മികവ് പുറത്തെടുക്കാന്‍ ആരെങ്കിലും അയാള്‍ക്കൊപ്പം നില്‍ക്കണം. അദ്ദേഹത്തെ നിരീക്ഷിക്കുന്ന കോച്ചും, ക്യാപ്റ്റനും വഴികാണിക്കുകയാണ് വേണ്ടത്. നിലവില്‍ എല്ലാം ഐപിഎല്ലിന് വേണ്ടിയാണ്. യുവതാരങ്ങള്‍ക്ക് കൈനിറയെ പണം ലഭിക്കും. അതുകൊണ്ട് എന്താണ് പ്രധാനമെന്ന് ഇവരെ ആരെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്തണം. വിദേശ മണ്ണില്‍ രണ്ട് സെഞ്ചുറി നേടിയിട്ടുള്ള പന്ത് കഴിവുറ്റ താരമാണ്. എങ്ങിനെ അയാളെ പ്രോത്സാഹിപ്പിക്കാമെന്നും, ശ്രദ്ധ എവിടെ വേണമെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്', യുവരാജ് കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ പിന്‍ഗാമിയാകാന്‍ കഴിയുന്ന താരമാണ് ഋഷഭ് പന്തെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് യുവി ആവശ്യപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ആത്മവിശ്വാസം വളര്‍ത്തണം, അല്ലാതെ വിമര്‍ശിച്ചത് കൊണ്ട് കാര്യമില്ല. 21കാരനായ പന്തിന് പിന്തുണ നല്‍കുന്ന വാക്കുകളാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം പങ്കുവെച്ചത്.