ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ശുപാര്‍ശ ചെയ്തു. നമ്പി നാരായണനുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനായി കെ ജയകുമാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേസില്‍ തെറ്റായി പ്രതി ചേര്‍ക്കുകയും പീഡിപ്പിക്കുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു .ഇടത് സര്‍ക്കാര്‍ നേരത്തെ ഇതു നല്‍കിയിരുന്നു. പുറമേയാണ് 1.30 കോടി രൂപ നല്‍കാന്‍ ശുപാര്‍ശ.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ 20 വര്‍ഷം മുമ്പ് നമ്പി നാരായണന്‍ നല്‍കിയ കേസ് തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാക്കാന്‍ ഇനിയും താമസമുണ്ടാകും. ഈ കേസ് ഒത്തുതീര്‍പ്പാക്കാനാണ് കെ ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്.
കേസില്‍ കുടുങ്ങി പുറത്തായത് കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.