CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 56 Seconds Ago
Breaking Now

തനിക്കെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ച് ജോളി; സംസാരം പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ; വീഴ്ചയെന്ന് അന്വേഷണ സംഘം

കുടുംബത്തിലെ മറ്റുള്ളവര്‍ തന്നെപ്പറ്റി എന്താണ് പറയുന്നതെന്നാണ് ജോളി അന്വേഷിച്ചതെന്നാണ് ജോസഫ് ഹില്ലാരിയോസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നല്‍കിയ വിശദീകരണം.

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി ജോളി, തനിക്കെതിരെ മൊഴി നല്‍കിയ സാക്ഷിയോട് കോടതിയില്‍ വച്ച് സംസാരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമായ പി.എച്ച്. ജോസഫ് ഹില്ലാരിയോസിനോടാണ് റിമാന്‍ഡ് പ്രതിയായ ജോളി വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ സംസാരിച്ചത് .

സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കവേ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കുടുംബത്തിലെ മറ്റുള്ളവര്‍ തന്നെപ്പറ്റി എന്താണ് പറയുന്നതെന്നാണ് ജോളി അന്വേഷിച്ചതെന്നാണ് ജോസഫ് ഹില്ലാരിയോസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നല്‍കിയ വിശദീകരണം.

സംഭവത്തില്‍ പൊലീസിന്റെ ഗുരുതര വീഴ്ചയുണ്ടായതായാണ് ആരോപണം. സിറ്റിപോലീസ് സ്റ്റേഷന്‍ പരിധിയിലെ പോലീസുകാരാണ് ജോളിയെ കോടതിയിലെത്തിക്കാന്‍ അകമ്പടി പോയത്. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മിഷണറോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ വിശദീകരണം തേടും.

കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്കെതിരായ ഹര്‍ജി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ആദ്യമായി പരിഗണിച്ചതും അന്നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാക്ഷിയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍ ചോദ്യം ചെയ്തു. പിതാവിന്റെ സ്വത്ത് ഭാഗംവെച്ചതും മറ്റുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ തോമസ് ഹില്ലാരിയോസ് നല്‍കിയ കേസില്‍ ഹാജരാവാനാണ് താന്‍ കോടതിയില്‍ എത്തിയതെന്നാണ് ജോസഫിന്റെ വിശദീകരണം.

ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടപ്പോള്‍ ജോസഫ് ഹില്ലാരിയോസായിരുന്നു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതിനല്‍കിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.