CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 12 Seconds Ago
Breaking Now

അനിഷ ബെന്നി കലാതിലകം, ന്യൂപോര്‍ട്ട് ചാമ്പ്യന്മാര്‍; യുക്മ വെയില്‍സ് റീജിയണല്‍ കലാമേള അവിസ്മരണീയം

റീജിയന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു കലാമേള വേദികളില്‍ നടന്നത്

യുക്മ വെയില്‍സ് റീജിയന്റെ കലാമേളയ്ക്ക് ഉജ്ജ്വല സമാപനം.റീജിയണിലെ മുഴുവന്‍ അസോസിയേഷനുകളും പങ്കെടുത്ത കലാമേള സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കലാമേളയായിരുന്നു .

മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിന് ശേഷം അരങ്ങില്‍ മാറ്റുരയ്ക്കാനെത്തിയ കലാകാരന്മാരും കലാകാരികളും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോള്‍ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു കലാമേള വേദികളില്‍ നടന്നത്.വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി  143 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.

കാര്‍ഡിഫ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനിഷ ബെന്നി കലാതിലകം ആയി. സ്വാന്‍സി മലയാളി അസോസിയേഷന്‍ റണ്ണേര്‍സ് അപ്പ് ആയി.യുക്മ കലാപ്രതിഭ പട്ടത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാട്യ ഇനങ്ങളിലും നാട്യേതര ഇനങ്ങളിലും ഒരുപോലെ സമ്മാനാര്‍ഹാരായവര്‍ ഇല്ലാത്തതിനാല്‍ റീജിയണല്‍ ലെവലില്‍ കലാപ്രതിഭ പട്ടം ആര്‍ക്കും ലഭിച്ചില്ല

കലാമേളയ്ക്ക് മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാന്യനായ ന്യൂപോര്‍ട്ട് മേയര്‍ മാത്യു ഇവാന്‍സ് നിര്‍വ്വഹിച്ചു. യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി തോമസ്‌കുട്ടി ജോസഫ് സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയ്, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ദിലീപ് മാത്യു, നാഷണല്‍ കമ്മിറ്റി മെമ്പര്‍ അഭിലാഷ് തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ആതിഥേയ അസോസിയേഷന്‍ സെക്രട്ടറി സനീഷ് ചാക്കോ നന്ദി പ്രകാശിപ്പിച്ചു.

 ഉദ്ഘാടന സമ്മേളനത്തിന് ശേഷം രണ്ട് വേദികളിലായി ഇടവേളകള്‍ ഇല്ലാതെ മത്സരങ്ങള്‍ നടക്കുകയായിരുന്നു. പ്രസിഡന്റ് ജോബി മാത്യുവിന്റെ നേതൃത്വത്തില്‍ ആതിഥേയ അസോസിയേഷന്‍ അംഗങ്ങളും റീജിയണല്‍/കലാമേള കമ്മറ്റിയംഗങ്ങളും പരാതിക്കിട നല്‍കാതെ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

 

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തിലും സമ്മാനവിതരണ ചടങ്ങിലും ബ്രിസ്‌റ്റോള്‍ കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. രാത്രി ഒന്‍പതു മണിയോടെ സമ്മാനദാനചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ പ്രോഗ്രാമുകളും തീര്‍ത്ത് കലാമേളയ്ക്ക് തിരശ്ശീല വീണപ്പോള്‍ എല്ലാവരും നിറഞ്ഞ മനസ്സുകളുമായി ആണ് വീടുകളിലേക്ക് മടങ്ങിയത്. യുക്മ വെയില്‍സ് റീജിയന്റെ കലാമേളയിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍  ക്ലിക്ക് ചെയ്യുക.




കൂടുതല്‍വാര്‍ത്തകള്‍.