CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 47 Seconds Ago
Breaking Now

നാളത്തെ ഫോബ്മ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി, അനുവാചക മനസ്സുകളിൽ തരംഗമായി ഫോബ്മ തീം സോങ്ങും അവതരണ ഗാനവും, വിജയികളെ കാത്ത് ഇത്തവണയും സുവർണ്ണ പതക്കങ്ങൾ

ഈ വർഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീല ഉയരാൻ വെറും   ഒരു രാത്രിയുടെ  അകലം മാത്രം. നാളെ ബർമിങ്ങ്ഹാം അടുത്ത് വോൾവർ ഹാമ്പ്റ്റണിൽ വച്ചു നടക്കുന്ന ഫോബ്മ കലോത്സവം 2015 ന്റെ അവസാന ഘട്ട  മിനുക്ക്‌ പണികളുടെ തിരക്കിലാണ് ജനറൽ കണ്‍വീനർ തോമസ് കാച്ചപള്ളിയുടെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റി അംഗങ്ങൾ. യുകെ കലാമത്സര വേദികളിൽ ആദ്യമായി ക്യാഷ് അവാർഡ് കൊടുക്കുന്നു എന്നൊരു പ്രത്യേകതയും ഈ കലോൽസവത്തിനുണ്ടു. ഫോബ്മയുടെ ആദ്യ കലോത്സവത്തിൽ തന്നെ കലാപ്രതിഭക്കും കലാതിലകത്തിനും ട്രോഫികളോടൊപ്പം ഓരോ പവൻ തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ചു കൊണ്ടു സംഘാടക രംഗത്ത് പുതിയൊരു ചരിത്രം തന്നെ ഫോബ്മ സൃഷ്ടിച്ചിരുന്നു. പതിവ് തെറ്റിക്കാതെ ഈ വർഷവും കലാ പ്രതിഭയേയും കലാതിലകത്തിനേയും സുവർണ്ണ പതക്കങ്ങൾ കാത്തിരുപ്പുണ്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണു ഈ വർഷത്തെ സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ചിരിക്കുന്നത്. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്കാണു പുരസ്കാരങ്ങൾക്കും സർട്ടിഫിക്കറ്റിനുമൊപ്പം ക്യാഷ് അവാർഡ് കൂടി ലഭിക്കുന്നത്.

എന്നും പുതുമകൾ വിജയകരമായി അവതരിപ്പിക്കുന്ന ഫോബ്മ ഇത്തവണ അവതരണ ഗാനത്തിനൊപ്പം പ്രത്യേക തീം സോങ്ങ് കൂടി പുറത്തിറക്കിയിട്ടുണ്ടു. ഫോബ്മ കലോത്സവത്തിന് വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് അവതരണ ഗാനവും തീം സോങ്ങും. അവതരണഗാനം തന്റെ വശ്യ സുന്ദര ആലാപനത്തിലൂടെ കർണ്ണാനന്ദകരമാക്കിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഗാന ഗന്ധർവൻ യേശുദാസിന്റെ മകനും പ്രശസ്ത പിന്നണി ഗായകനും ആയ വിജയ്‌ യേശുദാസ് ആണു. ഫോബ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ഡോ. ജോജി  കുര്യാക്കോസിന്റെ ഹൃദ്യമായ വരികൾ അവതരണഗാനത്തിനു ചാരുത പകർന്നപ്പോൾ ഫോബ്മ കലാ സാഹിത്യവിഭാഗം കോർഡിനേറ്ററും കലോസവ കണ്‍വീനറും ആയ രശ്മി പ്രകാശ് ആണ് ഫോബ്മ കലോത്സവത്തിന്റെ തീം സോങ്ങിനു  വരികൾ എഴുതിയിരിക്കുന്നത്. കവയത്രി, റേഡിയോ അവതാരക എന്നീ നിലകളിൽ മലയാളികളുടെ ഇടയിൽ പ്രശസ്ത ആണ് രശ്മി പ്രകാശ്. മുവാറ്റുപുഴ ത്യാഗരാജ സംഗീത കലാലയത്തിലെ എൻ പ്രസാദ് ആണ് രണ്ടു ഗാനങ്ങൾക്കും, മനം മയക്കുന്ന സംഗീതം നല്കിയിരിക്കുന്നത്. പ്രശസ്ത പുല്ലാംകുഴൽ വാദകനായ ചോറ്റാനിക്കര വിജയകുമാർ, തബലിസ്റ്റ് സാജു കോട്ടയം , ഗായകരായ ചോറ്റാനിക്കര അജയ കുമാർ, രേഖ സൈലേഷ്, രമ്യ കിഷോർ എന്നിവരും അവതരണ ഗാനത്തിന്റെയും തീം സോങ്ങിന്റേയും പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ചിലരാണ്. 

ഫോബ്മ കലോത്സവം 2015 തീം സോങ്ങിന്റെ വീഡിയോ ആവിഷക്കാരം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിജയ്‌ യേശുദാസ് ആലപിച്ചിരിക്കുന്ന കലോത്സവ അവതരണഗാനം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗികമായി രജിസ്ട്രേഷൻ അവസാനിച്ചുവെങ്കിലും മത്സരാർത്ഥികൾ കുറവുള്ള ഇനങ്ങളിലേയ്ക്ക് താല്പര്യമുള്ളവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ 9 മണിക്ക് തന്നെ പ്രവർത്തനം ആരംഭിക്കുന്ന രജിസ്ട്രേഷൻ കൌണ്ടറിൽ നിന്ന്  മത്സരാർത്ഥികൾക്ക് ചെസ്റ്റ് നമ്പരുകൾ കരസ്ത്ഥമാക്കാവുന്നതാണു. രജിസ്ട്രേഷൻ ഫീസ്‌ ഇനിയും അടയ്ക്കാത്തവർ പണമടച്ചതിനു ശേഷമായിരിക്കണം അവരവരുടെ ചെസ്റ്റ് നമ്പർ കാർഡുകൾ വാങ്ങേണ്ടത്. ഗ്രൂപ്പ്  ഇനങ്ങൾക്ക് ടീം ലീഡർ ആണു ചെസ്റ്റ് നമ്പർ കാർഡുകൾ കൗണ്ടറിൽ നിന്നും കൈപ്പറ്റേണ്ടത്. കൃത്യമായ വിധി നിർണ്ണയത്തിനു അതാത് മേഖലകളിൽ ആധികാരികമായി കഴിവ് തെളിയിച്ച സീനിയർ ഗുരുക്കന്മാരെയും കലോപകാസകരേയും തന്നെയാണ് ഇത്തവണയും ഫോബ്മ ക്ഷണിച്ചിരിക്കുന്നത്. മുൻകാലങ്ങളിലെ പോലെ തന്നെ ഈ വർഷവും ആരോഗ്യപരവും സൌഹൃദപരവുമായ മത്സരങ്ങളാണ് ഫോബ്മ ലക്ഷ്യമിടുന്നത്.

മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ നായകനായിരുന്ന ശങ്കർ , പത്നി ചിത്രാ ലക്ഷ്മി ടീച്ചർ, കുറഞ്ഞ കാലം കൊണ്ടു ബ്രിട്ടീഷ്‌ രാഷ്ട്രീയ നഭസ്സിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച,  പ്രവാസി മലയാളികൾക്കെല്ലാം അഭിമാനമായ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഭർത്താവ് ഷാഹുൽ ഹമീദ് എന്നിവരായിരിക്കും ഈ വർഷത്തെ കലോത്സവ വേദിയിലെ മുഖ്യാതിഥികൾ. ഫോബ്മ കലണ്ടർ 2016 ന്റെ പ്രകാശനവും വിതരണവും കലോത്സവ വേദിയിൽ വച്ചു തന്നെ നടത്തുന്നതാണ്. കഴിഞ്ഞ വർഷത്തെ അതേ മാതൃകയിൽ മേൽത്തരം   പേപ്പറിൽ അച്ചടിച്ച വലിയ മൾട്ടി കളർ കലണ്ടറുകളാണു     ഇത്തവണയും ഫോബ്മ പുറത്തിറക്കിയിരിക്കുന്നത്. നാട്ടിലേയും ഇവിടുത്തേയും അവധി ദിവസങ്ങളും നോട്ടുകൾ കുറിക്കുവാൻ പ്രത്യേക സ്ഥലവും വലിയ കളങ്ങളും ഒക്കെ ആയി ഓരോ കുടുംബത്തിനും തികച്ചും ഉപകാരപ്രദമായ കലണ്ടറുകൾ സൌജന്യമായാണ് വിതരണം ചെയ്യുക. ഇൻഷുറൻസ്, മോർട്ട്ഗേജ് രംഗത്തെ അതികായകരും യുകെ മലയാളികൾക്ക്‌ സുപരിചിതരും ആയ അലൈഡ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണി ട്രാൻസ്ഫർ , ട്രാവൽ തുടങ്ങിയ മേഖലകളിൽ വിശ്വസ്ത സേവനം നല്കുന്ന മുത്തൂറ്റ് ഗ്രൂപ്പ്, പ്രാദേശികവും കൊറിയർ സർവ്വീസുകളും രാജ്യാന്തര കൊറിയർ സർവ്വീസ്സുകളും കൃത്യനിഷ്ഠയോടെ ചെയ്തു കൊടുക്കുന്ന സീറ്റ ലണ്ടൻ ലിമിറ്റഡ് എന്നിവരാണ് ഫോബ്മ കലോത്സവം 2015 ന്റെ പ്രധാന പ്രായോജകർ. നാട്ടിലും യുകെയിലും മികച്ച  ബാങ്കിംഗ് സേവനങ്ങൾ നല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട്‌ എടുക്കുവാൻ ആഗ്രഹമുള്ളവർക്ക് കലോത്സവ വേദിയിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. തിരിച്ചറിയൽ രേഖയുടെയും അഡ്രസ്സു പ്രൂഫിന്റെയും കോപ്പി കൊണ്ടു വന്നാൽ മാത്രം മതിയാകും.

വളരെ വിശാലമായ കാർപാർക്കും വേദികളും ഗ്രീൻ റൂമുകളും ഒക്കെയുള്ള വോൾവർഹാമ്പ്റ്റണിലെ യുകെ കെ സീ എ ഹാളിൽ ആയിരിക്കും കലാ മത്സരങ്ങൾ അരങ്ങേറുക. കാണികൾക്ക് മത്സര വേദികളിലേയ്ക്കും തുടർന്നു നടക്കുന്ന വർണ്ണാഭമായ പൊതുയോഗത്തിലേയ്ക്കും സമ്മാനദാന ചടങ്ങുകളിലേയ്ക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.   ഫോബ്മ കലോത്സവ വേദികൾക്കു ഈ വർഷം ശബ്ദവും വെളിച്ചവും നല്കുന്നത് യൂക്കെയിലെ തന്നെ ഏറ്റവും സുസജ്ജമായ സൌണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും  ഉള്ള ഗായകനും  സൌണ്ട് എഞ്ജിനീയറും ആയ സിനോയുടെ ശ്രുതി സൌണ്ട്സ് ആൻഡ്‌ ലൈറ്റ്സ് ആണ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം ദിവസം മുഴുവൻ നല്കുക കേറ്ററിങ്ങ് രംഗത്തെ മുടി ചൂടാ മന്നന്മാരായ ഷെഫ് വിജയും സംഘവുമാണ്. 

നാട്ടിലെ സ്കൂൾ കലോത്സവത്തിന്റെ അതേ മാതൃകയിൽ എല്ലാ ജനപ്രിയ കലകളും ഉൾപ്പെടുത്തികൊണ്ടു തന്നെയാണ് ഈ വർഷവും കലോത്സവം അരങ്ങേറുന്നത്. പ്രസംഗ മത്സര വിഷയങ്ങൾ ഇതിനോടകം നല്കിക്കഴിഞ്ഞു. മത്സരത്തിന്റെ വിശദാംശങ്ങൾ അറിയുവാനും രജിസ്ട്രേഷൻ ഫോം ലഭിക്കുന്നതിനുമായി ഇൻഫോ.ഫോബ്മ@ജിമെയിൽ.കോം (info.fobma@gmail.com) എന്ന ഈ മെയിൽ അഡ്രസ്സിലേക്കു എഴുതുകയോ ഫോബ്മ  വെബ്‌ സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (http://www.fobmauk.org/arts-and-literature/kalolsavam-2015/) സന്ദർശിക്കുകയോ ചെയ്യുക. അഞ്ചു വയസ്സുമുതൽ മുകളിലേയ്ക്കുള്ള കുട്ടികളും മുതിർന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളിൽ ആണ് മത്സരിക്കുക.

ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയിൽ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാൻ സാധിക്കുന്ന കലാ മാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വർഷത്തെ പോലെ   തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാൻ ആഗ്രഹമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിൽ ആണു ഫോബ്മ കലോത്സവം ഈ വർഷവും വിഭാവനം ചെയ്തിരിക്കുന്നത്. കലയ്ക്കും കലാകാരന്മാർക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങൾ പുറത്തെടുക്കുവാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്‌ഷ്യം. യാതൊരു തിരി മറികൾക്കും ഇട കൊടുക്കാതെ  വേദികളിൽ ഉടനുടൻ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോൽസവത്തിലൂടെ യൂകെ മലയാളികൾക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ സുതാര്യമായ കുറ്റമറ്റ വേദികൾ ആണു ഒരുക്കുന്നത്. സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാൻ വേദി ലഭിക്കാതെ പോകുന്നവർക്കുള്ള  ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളിൽ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിർണ്ണയവും കൃത്യനിഷ്ഠയും സ്വർണ്ണ നാണയങ്ങൾ അടക്കമുള്ള ആകർഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാഹൃദയങ്ങൾക്ക്‌ ഒരു പുതു പുത്തൻ അനുഭവം ആയിരുന്നു കഴിഞ്ഞ വർഷം പകർന്നു നല്കിയത്. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തിൽ പങ്കുകാരായി ചരിത്രത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com  എന്ന ഇമെയിലിലോ ബന്ധപ്പെടുക

കലോത്സവ വേദിയുടെ വിലാസവും സമയവും

യുകെ കെ സി എ ഹാൾ, വുഡ് ക്രോസ് ലൈൻ, ബിൾസ്റ്റണ്‍, വോൾവർ ഹാമ്പ്റ്റണ്‍ ,WV14 9BW on Saturday 28th November 2015 from 10 A M




കൂടുതല്‍വാര്‍ത്തകള്‍.