CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 24 Seconds Ago
Breaking Now

ഇന്ന് ഫോബ്മ ലോത്സവത്തിനു തിരി തെളിയുന്നു ,പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയർ ബർമിങ്ങ്ഹാമിലേക്കു, ഈ വർഷത്തെ സുവർണ്ണ പതക്ക ജേതാക്കൾ ആരാണെന്നറിയാനുള്ള ആകാംഷയിൽ യുകെ മലയാളികൾ.

ഫോബ്മ കലോത്സവത്തിനു ഇന്ന് രാവിലെ 10 മണിക്ക് ബർമിംഗ്ഹാം അടുത്തുള്ള വോൾവർ ഹാമ്പ്റ്റണിലെ യുകെ കെ സി എ ഹാളിൽ കലാസ്വാദകരെ സാക്ഷി നിർത്തി തിരി തെളിയും. അഞ്ചു വയസ്സ് മുതൽ മുകളിലേക്കുള്ള കുട്ടികളും മുതിർന്നവരും വിവിധ വിഭാഗങ്ങളിലായി മുപ്പത്തിഅഞ്ചോളം ഇനങ്ങളിൽ ആണ് മത്സരിക്കുന്നത്. സ്ത്രീ പുരുഷ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ ലഭിക്കുന്ന രണ്ടു പേരെ കാത്തിരിക്കുന്നത് 24 കാരറ്റ് സ്വർണ്ണ നാണയങ്ങൾ ആണു. ഫോബ്മയുടെ ആദ്യ കലോത്സവത്തിൽ തന്നെ കലാപ്രതിഭക്കും കലാതിലകത്തിനും ട്രോഫികളോടൊപ്പം ഓരോ പവൻ തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ചു കൊണ്ടു സംഘാടക രംഗത്ത് പുതിയൊരു ചരിത്രം തന്നെ ഫോബ്മ സൃഷ്ടിച്ചിരുന്നു.

വിജയികൾക്കെല്ലാം ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റുകളും ലഭിക്കും. വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതു യോഗത്തിലും അവാർഡ്‌ ദാന ചടങ്ങിലും മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ നായകനായിരുന്ന ശങ്കർ, പത്നി ചിത്രാ ലക്ഷ്മി ടീച്ചർ, കുറഞ്ഞ കാലം കൊണ്ടു ബ്രിട്ടീഷ്‌ രാഷ്ട്രീയ നഭസ്സിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച, പ്രവാസി മലയാളികൾക്കെല്ലാം അഭിമാനമായ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഭർത്താവ് ഷാഹുൽ ഹമീദ് എന്നിവരായിരിക്കും മുഖ്യാതിഥികൾ.

രാവിലെ 9 മണിക്കു തന്നെ ചെസ്റ്റ് നമ്പർ വിതരണം ആരംഭിക്കുമെന്ന് കലോത്സവം കണ്‍വീനർ രശ്മി പ്രകാശ് അറിയിച്ചു. ജനറൽ കണ്‍വീനർ തോമസ്‌ കാച്ചപ്പള്ളിയുടെ നേതൃത്വത്തിൽ സ്റ്റേജുകളുടെ നിർമ്മാണവും ക്രമീകരണങ്ങളും ഇന്നലെ രാത്രി തന്നെ പൂർത്തിയാക്കി. രുചികരമായ പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ മിതമായ നിരക്കിൽ യുകെയിലെ ഏറ്റവും പ്രശസ്ത പാചക വിദഗ്ധൻ ആയ ഷെഫ് വിജയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ടു. വിശാലമായ കാർ പാർക്ക് സൌകര്യവും ഗ്രീൻ റൂമുകളും മറ്റ് അനുബന്ധ സൌകര്യങ്ങളും സംഘാടകർ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ തികച്ചും ശാന്തവും ആരോഗ്യപരവും സൌഹൃദപരവുമായ ഒരു അന്തരീക്ഷത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. മത്സരാർത്ഥിയുടെ വേദിയിലെ പ്രകടനം മാത്രമാകും വിധി നിർണ്ണയത്തിനു അടിസ്ഥാനം. അതാത് മേഖലകളിൽ കഴിവും പ്രതിഭയും തെളിയിച്ച നാട്യ ഗുരുക്കൾ അടക്കമുള്ള ഇരുത്തം വന്ന കലാകാരന്മാരാണ് വിധി കർത്താക്കളായി വേദിയിൽ ഉണ്ടാവുക. ഫലങ്ങളിൽ യാതൊരു തിരിമറികളും ഇല്ലാതെ അപ്പപ്പോൾ പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും ഫോബ്മ തുടരും. കാണികൾക്ക് മത്സര വേദികളിലേയ്ക്കും തുടർന്നു നടക്കുന്ന വർണ്ണാഭമായ പൊതുയോഗത്തിലേയ്ക്കും സമ്മാനദാന ചടങ്ങുകളിലേയ്ക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. 

എന്നും പുതുമകൾ വിജയകരമായി അവതരിപ്പിക്കുന്ന ഫോബ്മ ഇത്തവണ അവതരണ ഗാനത്തിനൊപ്പം പ്രത്യേക തീം സോങ്ങ് കൂടി പുറത്തിറക്കിയിട്ടുണ്ടു. ഫോബ്മ കലോത്സവത്തിന് വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് അവതരണ ഗാനവും തീം സോങ്ങും. അവതരണഗാനം തന്റെ വശ്യ സുന്ദര ആലാപനത്തിലൂടെ കർണ്ണാനന്ദകരമാക്കിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവൻ യേശുദാസിന്റെ മകനും പ്രശസ്ത പിന്നണി ഗായകനും ആയ വിജയ്‌ യേശുദാസ് ആണു. ഫോബ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ഡോ. ജോജി കുര്യാക്കോസിന്റെ ഹൃദ്യമായ വരികൾ അവതരണഗാനത്തിനു ചാരുത പകർന്നപ്പോൾ ഫോബ്മ കലാസാഹിത്യവിഭാഗം കോർഡിനേറ്ററും കലോത്സവ കണ്‍വീനറും ആയ രശ്മി പ്രകാശ് ആണ് ഫോബ്മ കലോത്സവത്തിന്റെ തീം സോങ്ങിനു വരികൾ എഴുതിയിരിക്കുന്നത്.

കവയത്രി, റേഡിയോ അവതാരക എന്നീ നിലകളിൽ മലയാളികളുടെ ഇടയിൽ പ്രശസ്ത ആണ് രശ്മി പ്രകാശ്. മുവാറ്റുപുഴ ത്യാഗരാജ സംഗീത കലാലയത്തിലെ എൻ പ്രസാദ് ആണ് രണ്ടു ഗാനങ്ങൾക്കും, മനം മയക്കുന്ന സംഗീതം നല്കിയിരിക്കുന്നത്. പ്രശസ്ത പുല്ലാംകുഴൽ വാദകനായ ചോറ്റാനിക്കര വിജയകുമാർ, തബലിസ്റ്റ് സാജു കോട്ടയം , ഗായകരായ ചോറ്റാനിക്കര അജയ കുമാർ, രേഖ സൈലേഷ്, രമ്യ കിഷോർ എന്നിവരും അവതരണ ഗാനത്തിന്റെയും തീം സോങ്ങിന്റേയും പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ചിലരാണ്. 

ഫോബ്മ കലോത്സവം 2015 തീം സോങ്ങിന്റെ വീഡിയോ ആവിഷക്കാരം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിജയ്‌ യേശുദാസ് ആലപിച്ചിരിക്കുന്ന കലോത്സവ അവതരണഗാനം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോബ്മ കലണ്ടർ 2016 ന്റെ പ്രകാശനവും വിതരണവും കലോത്സവ വേദിയിൽ വച്ചു തന്നെ നടത്തുന്നതാണ്. കഴിഞ്ഞ വർഷത്തെ അതേ മാതൃകയിൽ മേൽത്തരം പേപ്പറിൽ അച്ചടിച്ച വലിയ മൾട്ടി കളർ കലണ്ടറുകളാണു ഇത്തവണയും ഫോബ്മ പുറത്തിറക്കിയിരിക്കുന്നത്. നാട്ടിലേയും ഇവിടുത്തേയും അവധി ദിവസങ്ങളും നോട്ടുകൾ കുറിക്കുവാൻ പ്രത്യേക സ്ഥലവും വലിയ കളങ്ങളും ഒക്കെ ആയി ഓരോ കുടുംബത്തിനും തികച്ചും ഉപകാരപ്രദമായ കലണ്ടറുകൾ സൌജന്യമായാണ് വിതരണം ചെയ്യുക. ഇൻഷുറൻസ്, മോർട്ട്ഗേജ് രംഗത്തെ അതികായകരും യുകെ മലയാളികൾക്ക്‌ സുപരിചിതരും ആയ അലൈഡ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണി ട്രാൻസ്ഫർ, ട്രാവൽ തുടങ്ങിയ മേഖലകളിൽ വിശ്വസ്ത സേവനം നല്കുന്ന മുത്തൂറ്റ് ഗ്രൂപ്പ്, പ്രാദേശികവും കൊറിയർ സർവ്വീസുകളും രാജ്യാന്തര കൊറിയർ സർവ്വീസ്സുകളും കൃത്യനിഷ്ഠയോടെ ചെയ്തു കൊടുക്കുന്ന സീറ്റ ലണ്ടൻ ലിമിറ്റഡ് എന്നിവരാണ് ഫോബ്മ കലോത്സവം 2015 ന്റെ പ്രധാന പ്രായോജകർ. നാട്ടിലും യുകെയിലും മികച്ച  ബാങ്കിംഗ് സേവനങ്ങൾ നല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട്‌ എടുക്കുവാൻ ആഗ്രഹമുള്ളവർക്ക് കലോത്സവ വേദിയിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. തിരിച്ചറിയൽ രേഖയുടെയും അഡ്രസ്സു പ്രൂഫിന്റെയും കോപ്പി കൊണ്ടു വന്നാൽ മാത്രം മതിയാകും.

 

ഫോബ്മ കലോത്സവ വേദികൾക്കു ഈ വർഷം ശബ്ദവും വെളിച്ചവും നല്കുന്നത് യുകെയിലെ തന്നെ ഏറ്റവും സുസജ്ജമായ സൌണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും ഉള്ള ഗായകനും സൌണ്ട് എഞ്ജിനീയറും ആയ സിനോയുടെ ശ്രുതി സൌണ്ട്സ് ആൻഡ്‌ ലൈറ്റ്സ് ആണ്. ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയിൽ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാൻ സാധിക്കുന്ന കലാമാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വർഷത്തെ പോലെ തന്നെ  മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാൻ ആഗ്രഹമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിൽ ആണു ഫോബ്മ കലോത്സവം ഈ വർഷവും വിഭാവനം ചെയ്തിരിക്കുന്നത്.

കലയ്ക്കും കലാകാരന്മാർക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങൾ പുറത്തെടുക്കുവാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്‌ഷ്യം. യാതൊരു തിരിമറികൾക്കും ഇട കൊടുക്കാതെ വേദികളിൽ ഉടനുടൻ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോൽസവത്തിലൂടെ യുകെ മലയാളികൾക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവർക്കും   സംഘാടകർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ സുതാര്യമായ കുറ്റമറ്റ വേദികൾ ആണു ഒരുക്കുന്നത്. സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാൻ വേദി ലഭിക്കാതെ പോകുന്നവർക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളിൽ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിർണ്ണയവും കൃത്യനിഷ്ഠയും സ്വർണ്ണ നാണയങ്ങൾ അടക്കമുള്ള ആകർഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങൾക്ക്‌ ഒരു പുതു പുത്തൻ അനുഭവം ആയിരുന്നു കഴിഞ്ഞ വർഷം പകർന്നു നല്കിയത്. 

കലോത്സവ വേദിയുടെ വിലാസവും സമയവും

യുകെ കെ സി എ ഹാൾ, വുഡ് ക്രോസ് ലൈൻ, ബിൾസ്റ്റണ്‍, വോൾവർ ഹാമ്പ്റ്റണ്‍ ,WV14 9BW on Saturday 28th November 2015 from 10 AM





കൂടുതല്‍വാര്‍ത്തകള്‍.