CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 16 Seconds Ago
Breaking Now

സമ്മർ അവധിക്കാലത്ത്‌ ചായക്കൂട്ടുകളുടെ വർണോത്സവം രചിക്കാൻ യുക്മ സാംസ്ക്കാരികവേദി - ഓൾ യു.കെ. ചിത്രരചനാ മത്സരവും ജിജി വിക്ടറിന്റെ ചിത്രപ്രദർശനവും ജൂലൈ 23 ന് സ്വിൻണ്ടനിൽ

യുക്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ യുകെ ചിത്രരചനാ മത്സരം ജൂലൈ 23 ശനിയാഴ്ച നടക്കും. സ്വിണ്ടനിലെ രാജാരവിവർമ്മ നഗറിൽ രാവിലെ പത്തുമണിക്ക് മത്സരങ്ങൾ ആരംഭിക്കും. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തപ്പെടുക. 23/07/2016 ന് 8 വയസിൽ താഴെയുള്ളവർ കിഡ്‌സ് വിഭാഗത്തിലും, 8 മുതൽ 12 വയസ് വരെയുള്ളവർ സബ് ജൂനിയർ വിഭാഗത്തിലും, 12 മുതൽ 17 വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും, 17 വയസിന് മുകളിൽ പ്രായമുള്ള മത്സരാർഥികൾ സീനിയർ വിഭാഗത്തിലും ആണ് പരിഗണിക്കപ്പെടുക.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 23ന് രാവിലെ 9.30ന് മുൻപായി, വയസ് തെളിയിക്കുന്ന രേഖകൾ സഹിതം മത്സരം നടക്കുന്ന ഹാളിൽ എത്തേണ്ടതാണ്. വരക്കുന്നതിനും പെയിൻറ് ചെയ്യുന്നതിനും ആവശ്യമായ സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിനുള്ള പേപ്പർ സംഘാടകർ വിതരണം ചെയ്യുന്നതായിരിക്കും. മത്സരം ആരംഭിക്കുന്നതിനു പത്ത്‌ മിനിറ്റ്  മുൻപായി നൽകുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രചനകൾ നടത്തേണ്ടത്.

മത്സരഫലങ്ങൾ അന്നുതന്നെ പ്രഖ്യാപിക്കുന്നതും, തുടർന്നു നടക്കുന്ന യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമായിരിക്കും. ഓരോ വിഭാത്തിലും ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രശസ്ത ചിത്രകാരന്മാർ അടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫലനിർണ്ണയം നടത്തുന്നത്. മൂന്നു പൗണ്ട് ആണ് രജിസ്‌ട്രേഷൻ ഫീസ്. പങ്കെടുക്കുന്ന എല്ലാവർക്കും സംഘാടകർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതായിരിക്കും.

മത്സരാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നേരത്തെ ഒരുക്കേണ്ടതുള്ളതിനാൽ, മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര്, ഫോൺ നമ്പർ, അഡ്രസ്സ്, മത്സരിക്കുന്ന വിഭാഗം, ജനന തീയതി എന്നീ വിവരങ്ങൾ സഹിതം uukmasamskarikavedi@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 20 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്ക്കാരികവേദി നേതാക്കളായ ശ്രീ.സി.എ.ജോസഫ് (07846747602), ശ്രീ. ജിജി വിക്ടർ (07450465452) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. യു.കെ.യിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും വളർത്തിക്കൊണ്ടുവരുവാനുമായി യുക്മ സാംസ്ക്കാരികവേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യു, ദേശീയ ജനറൽ സെക്രട്ടറി ശ്രീ.സജീഷ് ടോം, സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ശ്രീ.തമ്പി ജോസ് എന്നിവർ അഭ്യർത്ഥിച്ചു.

ചിത്രരചനാ മത്സരങ്ങളോടനുബന്ധിച്ചു പ്രശസ്ത ചിത്രകാരനായ ശ്രീ.ജിജി വിക്ടർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തു അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ചിത്രകാരനാണ് ശ്രീ.ജിജി. വ്യത്യസ്തമായ ഭാവതലങ്ങളിൽ രചിച്ചിട്ടുള്ള ചിത്രങ്ങൾ  മത്സരത്തിൽ പങ്കെടുക്കുന്നവർക്കും പൊതുജനങ്ങൾക്കും കാണുവാനും ആസ്വദിക്കുവാനുമുള്ള സൗകര്യങ്ങൾ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ചിത്രരചനാ മത്സരവും ചിത്രപ്രദർശനവും നടക്കുന്ന സ്ഥലത്തിൻറെ വിലാസം താഴെ കൊടുക്കുന്നു:-

Raja Ravivarma Nagar 

St.Joseph's Catholic കോളേജ്

Ocotal way 

Swindon, Whilshire - SN3 3LR.   

 




കൂടുതല്‍വാര്‍ത്തകള്‍.