CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 18 Seconds Ago
Breaking Now

വനവല്‍ക്കരണത്തിന്റെ മറവില്‍ കര്‍ഷകദ്രോഹം അനുവദിക്കില്ല: ഇന്‍ഫാം

കോട്ടയം: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇന്ത്യയുടെ മൂന്നിലൊന്നുഭാഗം വനവല്‍ക്കരണം നടത്തുമെന്നതുള്‍പ്പെടെയുള്ള ഒട്ടേറെ നിര്‍ദ്ദേശവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന കരട് ദേശീയ വനനയം കര്‍ഷകസമൂഹം ചര്‍ച്ച ചെയ്യണമെന്നും വനവല്‍ക്കരണത്തിന്റെ മറവില്‍ കൃഷിയിടങ്ങള്‍ ഏറ്റെടുത്ത് വനവിസ്തൃതി കൂട്ടുവാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

വനസംരക്ഷണത്തിനായി പരിസ്ഥിതിച്ചുങ്കവും കാര്‍ബണ്‍ ഫണ്ടും ഹരിതനികുതിയും ചുമത്താമെന്ന് കരടു നയത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഈ നികുതികള്‍ ആരില്‍നിന്ന് എങ്ങനെ ഈടാക്കണമെന്ന് വ്യക്തമാക്കാതെ ചില ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ നികുതി ചുമത്തി പണം കണ്ടെത്തണമെന്ന് സൂചിപ്പിച്ചിരിക്കുന്നതില്‍ നിഗൂഢതയുണ്ട്.

 

വിദേശ രാജ്യങ്ങളില്‍ നിന്നും പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിക്കുന്ന കാര്‍ബണ്ട് ഫണ്ട് ഇന്ത്യയിലെ പരിസ്ഥിതി സംഘടനകള്‍ തട്ടിയെടുക്കുകയാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പുതിയ വനവല്‍ക്കരണ നികുതി നിര്‍ദ്ദേശങ്ങള്‍ കരടില്‍ ഇടംനേടിയിരിക്കുന്നത്. വൃക്ഷസമൃദ്ധമായ പ്രകൃതിയെ നിലനിര്‍ത്തുന്നതിന് പ്രധാപങ്കുവഹിക്കുന്നത് മരങ്ങള്‍ നട്ടുവളര്‍ത്തുന്ന കര്‍ഷകരാണെന്നിരിക്കെ മരങ്ങളുടെ സംരക്ഷകര്‍ക്കുള്ള സാമ്പത്തികവിഹിതത്തെക്കുറിച്ചോ കര്‍ഷകര്‍ക്കുള്ള പ്രോത്സാഹനപദ്ധതികളെക്കുറിച്ചോ കരടു വനനയത്തില്‍ പരാമര്‍ശമില്ല. വന്യമേഖലയില്‍ നിന്ന് ഗ്രാമീണര്‍ സ്വയം ഒഴിഞ്ഞുപോകണമെന്നും പുനരധിവാസ പാക്കേജിലൂടെ മാറ്റിത്താമസിപ്പിക്കണമെന്നും കരടില്‍ സൂചിപ്പിച്ചിരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. സര്‍ക്കാര്‍ കണക്കില്‍ നിലവിലുള്ള വനഭൂമി ഏതെന്നും എത്രയെന്നും വ്യക്തമാക്കുവാന്‍ അന്തിമനയത്തിനു മുമ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

 

നിലവിലെ വനനയം 1988ല്‍ രൂപംകൊടുത്തതാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 83 കോടിയായിരുന്നു. 2016-ല്‍ ഇത് 133 കോടിയായി മാറിയിരിക്കുന്നു. ഇക്കാലയളവില്‍ രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചിട്ടുമില്ല. വനവിസ്തൃതി വര്‍ദ്ധിപ്പിക്കണമെന്ന് കരടുനയം നിര്‍ദ്ദേശിക്കുമ്പോള്‍ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാനുള്ള സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്. വനവല്‍ക്കരണത്തിന്റെ പേരില്‍, ജനങ്ങള്‍ക്ക് ജീവിക്കാനും ഭക്ഷ്യോത്പന്നങ്ങള്‍ കൃഷിചെയ്യാനുമുള്ള അവകാശത്തെ വെല്ലുവിളിക്കുന്നത് വന്‍ പ്രതിഷേധത്തിനും പ്രതിസന്ധിക്കും ഇടനല്‍കും. നയങ്ങള്‍ പ്രഖ്യാപിച്ചും നിയമങ്ങള്‍ നിര്‍മ്മിച്ചും ജനങ്ങളെ ദ്രോഹിച്ച് കൂടുതല്‍ വനമേഖല സൃഷ്ടിച്ചെടുക്കുന്നത് പ്രായോഗികമല്ല. നിലവിലുള്ള കൃഷിഭൂമിയില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്നതിന് കര്‍ഷകന് പ്രോത്സാഹനം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അന്തിമ വനനയത്തില്‍ ഉണ്ടാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

വാർത്ത: ഫാ.ആന്റണി കൊഴുവനാല്‍




കൂടുതല്‍വാര്‍ത്തകള്‍.