CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 14 Minutes 53 Seconds Ago
Breaking Now

കാണികളുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ 'ദ ജേര്‍ണലിസ്റ്റിന്റെ' ആദ്യ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു; മനം നിറഞ്ഞ പ്രേക്ഷകരുടെ അഭിനന്ദനത്തിനു നന്ദി പറഞ്ഞു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍...

യുകെ മലയാളികള്‍ ആകാംഷയോടെ കാത്തിരുന്ന ‘The Journalist’ എന്ന ചലച്ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ലണ്ടന്‍ ബൊളീവിയന്‍ തീയേറ്ററില്‍ കാണികളുടെ നിറഞ്ഞ കയ്യടിയോടെ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. യുകെയിലെ സര്‍ഗാത്മകതയുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാന്‍ യുക്മയും, യുക്മ സാംസ്‌കാരിക വേദിയും എന്നും പ്രതിജ്ഞാബദ്ധതയോടെ നിലകൊള്ളുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി. എ. ജോസഫ്, യുക്മ നേഴ്സസ് ഫോറം പ്രസിഡന്റ് എബ്രഹാം ജോസ്, സിനി ഡയറക്ടര്‍ ഷാഫി ഷംസുദീന്‍,യുക്മ സാംസ്‌കാരിക വേദി അംഗം ശ്രീ മുരളീ മുകുന്ദന്‍, സാം, ശ്രീനാരായണ ഗുരു മിഷന്‍ യുകെ ഭാരവാഹി സുരേഷ്‌കുമാര്‍ തുടങ്ങി യുകെയിലെ കലാസാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളടക്കം നിരവധി ആളുകള്‍ യുകെയിലെ ഒരുകൂട്ടം കലാപ്രതിഭകള്‍ ഒരുക്കിയ സിനിമ കാണുവാന്‍ എത്തിയിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിക്കാനും ചിത്രം കാണുവാനും എത്തിച്ചേര്‍ന്ന മുഴുവന്‍ പ്രേക്ഷകരെയും യുക്മ സാംസ്‌കാരിക വേദി അംഗവും ചിത്രത്തിലെ അഭിനേതാവുമായ ജോബി അയത്തില്‍ സ്വാഗതം ചെയ്തു.

യുകെ മലയാളികളുടെയിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മഞ്ഞുരുകും വഴികള്‍, പറയാതെ പോകുന്നത്, നോര്‍വിച് 20 മൈല്‍സ് എന്നീ ഹ്രസ്യചിത്രങ്ങള്‍ ഒരുക്കിയ കോട്ടയം നീണ്ടൂര്‍ സ്വദേശിയും നോര്‍വിച്ചില്‍ താമസക്കാരനുമായ സിറിയക്ക് കടവില്‍ചിറയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച നടനെന്ന് അറിയപ്പെടുന്ന ബിജു അഗസ്റ്റിന്‍, നിരവധി അരങ്ങുകളിലൂടെയും ഷോര്‍ട്ട് ഫിലീമുകളിലൂടെയും കഴിവ് തെളിയിച്ച മുജീബ് മുഹമ്മദ്, സ്മിത തോട്ടം, റോയ്മോന്‍ മത്തായി, കുര്യാക്കോസ് ഉണ്ണീട്ടന്‍ എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രശസ്ത താരമായ റീന ബഷീറുമാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എല്ലാ പ്രവാസിമലയാളികളുടെയും പ്രത്യേകിച്ച് യുകെ മലയാളികളുടെ ജീവിത പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ ‘The Journalist’ യുകെ മലയാളികള്‍ നേരിടുന്ന സമകാലീന ജീവിതസാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് തുറന്നു കാണിക്കുന്നത്.

ഒരു മലയാളികുടുംബത്തിന് ആകസ്മികമായി സംഭവിക്കുന്ന ഒരു കാറപകടവും തുടര്‍ന്നുണ്ടാകുന്ന സംഭവപരമ്പരകളും അവതരിപ്പിക്കുന്ന ഈ സിനിമ നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. പ്രവാസി ജീവിതത്തിലെ സ്വകാര്യ ദു:ഖങ്ങളും, താളപ്പിഴകളും, പ്രശ്‌നങ്ങളും ആകുലതകളും മനസ്സില്‍ തട്ടും വിധം മനോഹരമായി അവതരിപ്പിച്ച ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും, അഭിനേതാക്കളെയും പ്രേക്ഷകര്‍ അഭിനന്ദിച്ചു.

യുക്മയുടെ സഹകരണത്തോടെ ഈ ചിത്രം കൂടുതല്‍ പ്രേക്ഷകരില്‍ എത്തിക്കുവാനും അതിലൂടെ ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും യുക്മ ചാരിറ്റിയിലേക്ക് സംഭാവന നല്‍കാനുമാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.