Breaking Now

രഞ്ജിത് കുമാറിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് യുകെ മലയാളികള്‍ ; ഈ വിയോഗം വേദനാ ജനകമെന്ന് യുക്മ

യുകെയിലെ എക്കാലത്തെയും ജനകീയനായ സംഘാടകൻ ആയിരുന്ന രഞ്ജിത് കുമാറിന്റെ പൊതു സ്വീകാര്യത വെളിവാക്കുന്നതായിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ വിളിച്ചു ചേർത്ത യോഗത്തിലെ ജനപങ്കാളിത്തം.

യുക്മ ഈസ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് രഞ്ജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്  അനുസ്മരണായോഗം കേംബ്രിഡ്ജിലെ ക്രൈസ്ട്  ദ റിഡീമർ ചർച്ച ഹാളിൽ വച്ച് നടന്നു. യുക്മയുടെയും കേംബ്രിഡ്ജ് മലയാളി അസ്സിസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ പ്രതികൂല കാലാവസ്ഥയിലും പങ്കെടുത്തു.

യുകെയിലെ എക്കാലത്തെയും ജനകീയനായ സംഘാടകൻ ആയിരുന്ന രഞ്ജിത് കുമാറിന്റെ പൊതു  സ്വീകാര്യത വെളിവാക്കുന്നതായിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ വിളിച്ചു ചേർത്ത യോഗത്തിലെ ജനപങ്കാളിത്തം. യുകെ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട രഞ്ജിത് ചേട്ടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചു.

യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ സെക്രട്ടറി റോജിമോൻ  വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 

മരണത്തെ മുഖാമുഖം കാണുമ്പോഴും നിരവധി തവണ അപകടനില തരണം ചെയ്ത്  സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്ന രഞ്ജിത്ത്‌ചേട്ടൻ ഏവര്‍ക്കും പ്രചോദനവും പ്രകാശവുമായി മാറിയിരുന്നു എന്ന് അദ്യക്ഷ പ്രസംഗത്തിൽ മാമ്മൻ ഫിലിപ്പ്  പ്രതിപാദിച്ചു. തളരാത്ത പോരാട്ടവീര്യത്തിന്റേയും സ്നേഹസമ്പന്നമായ സുഹൃദത്തിന്റെയും ചിട്ടയായ പൊതുപ്രവര്‍ത്തനത്തിന്റെയും മകുടോദ്ദാഹരണമായിരുന്ന നമ്മുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാര്‍ , യുക്‌മയെ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണില്‍ കെട്ടുറപ്പോടെ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ പങ്ക്‌ വഹിച്ച അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ യുക്‌മയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജമായി മാറുമെന്ന് റോജിമോൻ അനുശോചന പ്രമേയത്തിൽ രേഖപ്പെടുത്തി. 

കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജി വർഗീസ്  രഞ്ജിത്ത് ചേട്ടന്റെ സ്വന്തം തട്ടകമായ കേംബ്രിഡ്ജിലെ വിവിധ നല്ല പ്രവർത്തനങ്ങളെ അനുസ്മരിച്ചു പ്രസംഗിച്ചപ്പോൾ യുക്മ നാഷണൽ എക്സിക്യൂട്ടിവ് അംഗം കുഞ്ഞുമോൻ ജോബ് രഞ്ജിത്കുമാറിന്റെ  യുക്മയിലെ പ്രവർത്തനങ്ങളെ കുറിച്ച് തന്റെ അനുസ്മരണ പ്രസംഗത്തിൽ പ്രതിപാദിച്ചു.

വിവിധ അസ്സോസിയേഷനുകളെയും പോഷക സംഘടനകളെയും, പ്രസ്ഥാനങ്ങളെയും  പ്രീതിനിധീകരിച്ചു നിരവധി ആളുകൾ അനുശോചനം അറിയിച്ചു. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ ( യുക്മ മുൻ നാഷണൽ പ്രസിഡന്റ്), ഷിനു നായർ ( കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ) ജെയിസൺ ജോർജ് (ഓ ഐ സി സി യുകെ) അഡ്വ: സന്ദീപ് പണിക്കർ (സമീക്ഷ യുകെ) സുരേഷ് ശങ്കരൻകുട്ടി  (ഹിന്ദുസമാജം കേംബ്രിഡ്ജ്) ബാബു മങ്കുഴി (യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ വൈസ് പ്രസിഡന്റ്), ഓസ്റ്റിൻ അഗസ്റ്റിൻ, ജയകുമാർ നായർ, ജോമോൻ കുന്നേൽ, സുരേഷ്‌കുമാർ (യുക്മ നാഷണൽ കമ്മറ്റി അംഗങ്ങൾ), ബൈജു തോമസ് (യുക്മ ന്യൂസ്) ബിജു അഗസ്റ്റിൻ (യുക്മ സാംസ്‌കാരിക വേദി) അബ്രഹാം പൊന്നുംപുരയിടം (യുക്മ നഴ്സസ് ഫോറം ) ജിജോ ജോസഫ് ( ബസിൽഡൻ മലയാളീ അസോസിയേഷൻ) സോണി ജോർജ് (കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ), ജോജി ജോസഫ് ( കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ) സിനേഷ് ഗോപുരത്തിങ്കൽ (നോർവിച്ച് മലയാളി അസോസിയേഷൻ) ബിജീഷ് ചാത്തോത്ത് (ലൂട്ടൻ മലയാളി അസോസിയേഷൻ) തോമസ് മാറാട്ടുകുളം (കോൾചെസ്റ്റർ മലയാളി അസോസിയേഷൻ) , എബി സെബാസ്റ്റ്യൻ (ഡാട്ട്ഫോർഡ് മലയാളി അസോസിയേഷൻ) മാർട്ടിൻ (സ്ലോ അസോസിയേഷൻ ഓഫ് മലയാളീസ്)  വിജയ്, ഷാജി,ശ്രീമതി സജി എബ്രഹാം (കുടുംബ സുഹൃത്തുക്കൾ) എന്നിവർ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറി  ജോജോ തെരുവൻ തങ്ങളുടെ റീജിയന്റെ പിതാവിനെ നഷ്ടപെട്ട ദുഃഖം അദ്ദേഹത്തിന്റെ നന്ദി പ്രമേയത്തിൽ രേഖപ്പെടുത്തി. 

രഞ്ജിത് കുമാറിന്റെ ഭാര്യയും കുടുംബ സുഹൃത്തുക്കളും അടക്കം പങ്കെടുത്ത യോഗത്തിൽ പ്രിയ സുഹൃത്തിന്റെ സ്നേഹ സ്മരണയ്ക്ക് മുൻപിൽ പലരും വിതുമ്പൽ അടക്കാൻ പാടുപെടുന്നത് കാണാമായിരുന്നു.യുകെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് രഞ്ജിതിജ്റെ വിയോഗം മൂലം ഉണ്ടായിരുന്നതെന്ന് യോഗത്തിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. രഞ്ജിത് കുമാറിന്റെ സംസ്ക്കാരം പിന്നീട് കേരളത്തിൽ നടത്തും. യുകെയിലെ പൊതുദർശനം സംബന്ധിച്ച  കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. 

വാർത്ത: ബൈജു തോമസ് 
കൂടുതല്‍വാര്‍ത്തകള്‍.