CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 31 Minutes 36 Seconds Ago
Breaking Now

ബ്രിട്ടന് കലയുടെ കൈനീട്ടമായി'വിഷുനിലാവ്' ഇന്ന് ഗ്ലോസ്റ്ററില്‍ ; യുകെ മലയാളികള്‍ക്ക് ആഘോഷത്തിന്റെ പൂത്തിരി സമ്മാനിക്കാന്‍ സേവനം യുകെ

ആവേശത്തോടെ കാത്തിരിക്കുകയാണ് യുകെ മലയാളികള്‍ വിഷു ആഘോഷത്തിനായി. കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ, പുതുവര്‍ഷത്തിന്റെ ആരംഭം കുറിയ്ക്കുന്ന മേടമാസത്തിലെ വിഷുപ്പുലരി മലയാളികള്‍ക്ക് നൈര്‍മല്യതയുടെ ഒരു കോടി കൈനീട്ടങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന അനുഭവമാണ്. കണികണ്ട്, കൈനീട്ടം വാങ്ങി, സദ്യയുണ്ണുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും. 

മലയാളനാടിന്റെ മനസ്സറിയുന്ന മഹാപ്രസ്ഥാനത്തിന്റെ കൈവഴിയെന്ന നിലയില്‍ സേവനം യുകെ ആദ്യമായി ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യയാണ് വിഷുനിലാവ്. യുകെയിലെ ഏറ്റവും പ്രഗത്ഭരായ ഗായകര്‍ അനശ്വരനായ ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ ആലപിച്ച് നാടിന്റെ ആ നന്മകളെ ആരാധക ഹൃദയങ്ങളിലേക്ക് എത്തിക്കുമ്പോള്‍, നൃത്തത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണവും ഇഴചേര്‍ന്ന് ഈ സംഗീതനൃത്ത സന്ധ്യ സദസ്യരുടെ കണ്ണിനും കാതിനുമേകുന്ന പൊന്‍കണിയാകും. 

യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലും, ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്ത് വിജയിക്കുകയും, ആരാധകഹൃദയങ്ങളില്‍ ഇടംനേടുകയും ചെയ്ത അനുഗ്രഹീതരായ ഗായകരാണ് വിഷുനിലാവിന്റെ സംഗീത സന്ധ്യ നയിക്കുക. പ്രശസ്തരായ ബോളിവുഡ് നൃത്ത ഗ്രൂപ്പ് ദേശി നാച്ചാണ് വേദിയില്‍ നൃത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്. 

വിഷുനിലാവില്‍ പങ്കെടുക്കുന്ന പ്രധാന ഗായകര്‍ ഇവരാണ്:

ജോസ് ജെയിംസ്: പിതാവില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിലെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ച ഇദ്ദേഹം മറ്റ് പല പ്രമുഖ ഗുരുക്കന്‍മാരുടെയും കീഴില്‍ പരിശീലനം നേടി. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ജോസ് ജെയിംസ് പിന്നീട് സൗത്ത് ഇന്ത്യയിലെ പല പ്രമുഖ സംഗീതജ്ഞര്‍ക്കും കീഴില്‍ പഠനം തുടര്‍ന്നു. മദ്രാസിലും, കേരളത്തിലുമായി സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം വിവിധ ക്ഷേത്രങ്ങളില്‍ കര്‍ണ്ണാടക സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. പാട്ടുകള്‍ പഠിപ്പിച്ച് മികച്ചൊരു ശിഷ്യഗണവും അദ്ദേഹത്തിനുണ്ട് .

 സന്ദീപ് കുമാര്‍: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുമ്പോഴും സംഗീതത്തിലെ താല്‍പര്യം മൂലം ഈ രംഗത്ത് തുടരുന്ന സന്ദീപ് സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ ശിഷ്യനാണ്. ലണ്ടന്‍ തമിഴ് അസോസിയേഷന്റെ 'കാണാക്കുയില്‍ 2016' അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹം യുക്മ സ്റ്റാര്‍ സിംഗര്‍ 2016ല്‍ ഫൈനലിസ്റ്റാണ്. 2017ല്‍ നടന്ന സിംഗ് വിത്ത് സ്റ്റീഫന്‍ മത്സരത്തില്‍ വജയിച്ച ഈ ഗായകന്‍ ബ്രിസ്റ്റോളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

ഹെലന്‍ റോബര്‍ട്ട്: നാലാം വയസ്സില്‍ സ്‌റ്റേജില്‍ ഗാനപാലപിച്ച ഈ അനുഗ്രഹീത ഗായിക എട്ടാം വയസ്സില്‍ ജി. വേണുഗോപാലിനും, 9ാം വയസ്സില്‍ സ്റ്റീഫന്‍ ദേവസിയ്ക്കുമൊപ്പം വേദിയിലെത്തി. ബ്രിട്ടീഷ് മലയാളി അവാര്‍ഡ്, ഗ്രേസ് നൈറ്റ്, ഓള്‍ഡ് ഈസ് ഗോള്‍ഡ് തുടങ്ങി നിരവധി പരിപാടികളിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഹെലന്‍. ദുബായില്‍ നിന്നുള്ള സന്തോഷ് കുമാറിന് കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്നു. 

സോണി ജോസഫ് കൊട്ടുപള്ളി: ഗ്ലോസ്റ്ററില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കും ഒപ്പം താമസിക്കുന്ന സോണി ചേര്‍ത്തല സ്വദേശിയാണ്. എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യനായ ഇദ്ദേഹം ചര്‍ച്ച് കൊയറുകളിലെ സജീവ സാന്നിധ്യമാണ്. എട്ടാം വയസ്സില്‍ ആരംഭിച്ച സംഗീതയാത്ര ഇന്നും തുടരുന്നു. 

ദീപക് യദീന്ദ്രദാസ്: തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രമുഖ കര്‍ണ്ണാടക സംഗീതാചാര്യന്‍ ശ്രീ മങ്കട് നടേശന്റെയും, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശ്രീമതി. അഭ്രാതിത ബാനര്‍ജിയുടെയും ശിഷ്യനാണ്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് പ്രവേശിച്ചു. ഏഷ്യനെറ്റ്, റോസ്ബൗള്‍, കപ്പ ടിവി, കൈരളി, സൂര്യ തുടങ്ങി നിരവധി ചാനലുകളില്‍ പരിപാടി അവതരിപ്പിച്ചു. ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. 

ലെക്‌സി അബ്രഹാം: ബര്‍മിംഗ്ഹാമിലെ ആരതി അരുണിന് കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്ന ഈ കൊച്ചുമിടുക്കി യുയുകെഎംഎസ് നാഷണല്‍ കലാമേളയില്‍ ജേതാവായിരുന്നു. വിവിധ ശാസ്ത്രീയസംഗീത വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുള്ള ലെക്‌സി കവെന്‍ട്രിയിലാണ് താമസിക്കുന്നത്. 

ശ്രീകാന്ത് എന്‍ നമ്പൂതിരി: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുകെയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശ്രീകാന്ത് കൈരളി ടിവിയുടെ മാമ്പഴം കവിതാ റിയാലിറ്റി ഷോ ജേതാവും, അക്ഷരശ്ലോകം സംസ്ഥാനതല വിജയിയുമാണ്. പാലാ കൈരളി ശ്ലോക രംഗത്തിലെ അന്തരിച്ച കെ.എന്‍. വിശ്വനാഥന്‍ നായരുടെ ശിഷ്യനാണ്. 

സിബി ജോസഫ്: ആല്‍ഡി യുകെയില്‍ ഡെപ്യൂട്ടി സ്റ്റോര്‍ മാനേജറായി ജോലി നോക്കുന്ന ഈ കോട്ടയം വൈക്കം സ്വദേശി യുക്മ സ്റ്റാര്‍ സിംഗര്‍, ഡിവൈന്‍ ടിവി മ്യൂസിക് കോണ്ടസ്റ്റ് എന്നിവയില്‍ ഫൈനലിസ്റ്റും, യുക്മ നാഷണല്‍ കലാമേള ലൈറ്റ് മ്യൂസിക് ജേതാവുമാണ്. എന്‍എച്ച്എസ് സ്റ്റാഫ് നഴ്‌സ് റെന്‍സി ഭാര്യയാണ്. 

റെമിസ് സ്വിന്‍ഡണ്‍: മലയാളം ചര്‍ച്ച് കൊയറില്‍ ഗാനങ്ങള്‍ ആലപിക്കുന്ന റെമിസ് നിരവധി യൂണിവേഴ്‌സിറ്റി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വിന്‍ഡണില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. 

 

വിനു ജോസഫ്: ഇന്ത്യയില്‍ നിരവധി കോളേജ് തലമത്സരങ്ങളിലെ ജേതാവും, കലാപ്രതിഭയുമായിരുന്ന വിനു ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റ്റ് ഫൈനലിസ്റ്റാണ്. യുക്മ റീജ്യണല്‍ കലാമേള ജേതാവും, നാഷണല്‍ കലാമേളയില്‍ ലൈറ്റ് മ്യൂസിക് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. യുക്മ സ്റ്റാര്‍ സിംഗര്‍ 3 ഫൈനലിസ്റ്റുമാണ് വിനു. 

 

അനു ചന്ദ്ര : യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ജേതാവായ ഈ ഗായിക സിംഗ് വിത്ത് എംജി ശ്രീകുമാര്‍ കോണ്ടസ്റ്റിലും ജേതാവായിരുന്നു. ബര്‍മിംഗ്ഹാമില്‍ സ്റ്റീഫന്‍ ദേവസി ഷോയില്‍ ഫസ്റ്റ് റണ്ണര്‍അപ്പ്, യുക്മ നാഷണല്‍ കലാമേളയില്‍ സോളോ ഒന്നാം സമ്മാനവും കരസ്ഥമാക്കി

 

 അലിനാ സജീഷ്: യുക്മ സീസണ്‍ 2 സ്റ്റാര്‍ സിംഗറില്‍ െേ1 റണ്ണര്‍അപ്പ്, യുക്മ പ്രാദേശികദേശീയ തലത്തില്‍ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രതിഭ. ക്ലാസിക്കല്‍ സംഗീതം അഭ്യസിക്കുന്ന അലിന ബേസിംഗ്‌സ്റ്റോക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നു. കെന്റ് യൂണിവേഴ്‌സിറ്റി അക്കൗണ്ടിംഗ് & മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. 

 

 ഹരികുമാര്‍ വാസുദേവന്‍: യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3യില്‍ മത്സരാര്‍ത്ഥി. സ്റ്റീഫന്‍ ദേവസി ടാലന്റ് കോണ്ടസ്റ്റില്‍ റണ്ണര്‍അപ്പ്. യുകെയില്‍ നിരവധി വേദികളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ ആലപിച്ച് ജനശ്രദ്ധ ആകര്‍ഷിച്ച ഗായകന്‍. 

 

 ജിയാ ഹരികുമാര്‍: 2015/16/17 വര്‍ഷങ്ങളില്‍ യുക്മ നാഷണല്‍സ് സോളോയില്‍ ഒന്നാം സമ്മാനം നേടിയ ഈ 9 വയസ്സുകാരി 2017 യുക്മ നാഷണല്‍സ് മലയാളം പദ്യത്തില്‍ ഒന്നാം സ്ഥാനം നേടി. 2018 ബ്രിട്ടീഷ് മലയാളി യൗംഗ് ടാലന്റ് അവാര്‍ഡ് ഫൈനലിസ്റ്റ്, ലണ്ടനില്‍ നടന്ന എജി ശ്രീകുമാറിനൊപ്പം ശ്രീരാംഗം ഷോയിലും, സ്റ്റീഫന്‍ ദേവസി ടാലന്റ് കോണ്ടസ്റ്റില്‍ ജേതാവുമായി.

 

 

 ശരണ്യ ആനന്ദ്: ശാസ്ത്രീയ സംഗീതത്തില്‍ മികവ് തെളിയിച്ച ഈ ഹെല്‍ത്ത് സര്‍വ്വീസ് പ്രൊഫഷണല്‍ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യുക്മ നാഷണല്‍ കലാമേള 2017ല്‍ സോളോ ഗാനത്തില്‍ ഒന്നാം സ്ഥാനവും നേടി. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരുന്നു. 

 

 സ്മൃതി സതീഷ്: യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2, 2016ല്‍ ആറാം സ്ഥാനം നേടിയ സ്മൃതി 2017 സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസി കോണ്ടസ്റ്റില്‍ ഫൈനലിസ്റ്റായി. മെയ്‌ഡെന്‍ഹെഡില്‍ സിംഗ് വിത്ത് ശ്രീകുമാര്‍ കോണ്ടസ്റ്റില്‍ െേ1 റണ്ണര്‍അപ്പ്. കര്‍ണ്ണാടക, ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുള്ള ഈ ഗായിക ലോസാഞ്ചലസിലെ വാള്‍ട്ട് ഡിസ്‌നി കണ്‍സേള്‍ട്ട് ഹാളില്‍ എല്‍എ അന്താരാഷ്ട്ര സംഗീതോത്സവത്തില്‍ പങ്കെടുത്ത് ഗോള്‍ഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. 

 

 സോണി ജോസഫ് കോട്ടുപള്ളി: എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യനായ സോണി ഇപ്പോള്‍ കേബിള്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നു. ചേര്‍ത്തല സ്വദേശിയായ ഇദ്ദേഹം ചര്‍ച്ച് കൊയറിലും സജീവ സാന്നിധ്യമാണ്. യുകെ ഗ്ലോസ്റ്ററില്‍ ഭാര്യക്കും, മക്കള്‍ക്കും ഒപ്പം താമസിക്കുന്നു. 

 

 തോമസ് അലക്‌സാണ്ടര്‍: കര്‍ണ്ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം കൊച്ചിന്‍ കലാഭവന്‍ (ദുബായ്), കലാശ്രീ മ്യൂസിക് എന്നീ ഓര്‍ക്കസ്ട്രകളുടെ ഭാഗമായിരുന്നു. എംഎയുകെ, എന്‍ജിഎം, കെസിഎ തുടങ്ങി വിവിധ സംഘടനകളുടെ ലൈവ് വേദികളില്‍ പാടിയിട്ടുണ്ട്. 

 

 ട്രീസ ജിഷ്ണു: റേഡിയോ, ടിവി പരിപാടികളില്‍ പാടിയിട്ടുള്ള ട്രീസ യുകെയില്‍ മുന്നൂറോളം സ്‌റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി. കഥകളി പരിപാടികളിലും പാടിയിട്ടുള്ള ഈ ഗായിക സൗത്താംപ്ടണിലെ ലൈറ്റ്‌സ് & സൗണ്ട്‌സ് ബാന്‍ഡില്‍ അംഗമാണ്. 

 

മലയാളികളുടെ ആഘോഷസംഗമ വേദിയായി മാറുന്ന വിഷുനിലാവിന്റെ പാസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 20 പൗണ്ട് വിലയുള്ള ടിക്കറ്റില്‍ നാല് പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ചുറ്റുപാടുള്ള മനുഷ്യരുടെ ദുരവസ്ഥകള്‍ക്ക് നേരെ കണ്ണുതുറന്ന് അവര്‍ക്ക് ആവശ്യമായ സന്നദ്ധസഹായങ്ങള്‍ ചെയ്തു നല്‍കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സേവനം യുകെ ഈ ചടങ്ങില്‍ നിന്നും സ്വരൂപിക്കുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൊതുജനനന്മയ്ക്കായാണ് വിനിയോഗിക്കുക. 

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹം വിഷുനിലാവിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി വിപുലമായ തയ്യാറെടുപ്പുകളാണ് സേവനം യുകെ നടത്തി വരുന്നത്. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ പരിപാടി അവസാനിക്കും. ഈ സമയത്ത് വേദിക്ക് സമീപം രുചികരമായ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണശാലയും പ്രവര്‍ത്തിക്കും. ഒരു ചാരിറ്റി & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന സേവനം യുകെയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് വിഷുനിലാവ് സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനാല്‍ കലാസന്ധ്യ ആസ്വദിക്കുന്നവര്‍ ഈ പ്രവര്‍ത്തനങ്ങളുടെ കൂടി ഭാഗമായി മാറുകയാണ്. 

 

ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂളിലാണ് സേവനം യുകെ വിഷുനിലാവിന് അരങ്ങുണരുക. ഈ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത് കൊണ്ട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ എല്ലാ മലയാളികളെയും, കലാസ്വാദകരെയും സേവനം യുകെ ക്ഷണിക്കുകയാണ്. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളെ ബന്ധപ്പെടാം.

 




കൂടുതല്‍വാര്‍ത്തകള്‍.