CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 14 Seconds Ago
Breaking Now

യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ നാളെ ലെസ്റ്റര്‍ അഥീനയില്‍.............. മലയാളികളുടെ സ്വന്തം ജി വേണുഗോപാല്‍ മത്സരങ്ങളുടെ മുഖ്യ വിധികര്‍ത്താവാകുന്നു

കാത്തിരിപ്പിന്റെ നാളുകള്‍ക്ക് വിരാമമാകുന്നു. ഗര്‍ഷോം ടി വി  യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ നാളെ ചരിത്രമുറങ്ങുന്ന ലെസ്റ്റര്‍ അഥീന തീയറ്ററില്‍.  2017 അവസാനം  യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ ഒഡിഷന്‍ വേദികളില്‍നിന്നാരംഭിച്ച ഈ  സംഗീത യാത്ര  ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുമ്പോള്‍, യൂറോപ് മലയാളികളുടെ സംഗീത സംസ്‌ക്കാരത്തില്‍ പുത്തനൊരേട് കൂടി എഴുതിചേര്‍ക്കപ്പെടുകയാണ്.      

മലയാള സിനിമ ഗാനരംഗത്ത് തന്റേതായ കയ്യൊപ്പുചാര്‍ത്തിക്കഴിഞ്ഞ മധുരഗായകന്‍ ശ്രീ ജി വേണുഗോപാല്‍ ഗ്രാന്‍ഡ് ഫിനാലെക്ക് മുഖ്യ വിധികര്‍ത്താവായി എത്തുന്നു എന്നത് സ്റ്റാര്‍സിംഗര്‍ 3 യുടെ അഭിമാന നിമിഷങ്ങള്‍ ആകുകയാണ്. ശ്രീ വേണുഗോപാലിനോടൊപ്പം സ്റ്റാര്‍സിംഗര്‍ 3 യുടെ സ്ഥിരം വിധികര്‍ത്താക്കളായ ഡോക്റ്റര്‍ ഫഹദ്, ശ്രീമതി ലോപ മുദ്ര എന്നിവരും ചേരുന്ന പ്രൗഢമായ ജഡ്ജിങ് പാനല്‍ ആയിരിക്കും ഗ്രാന്‍ഡ്ഫിനാലെയില്‍ വിധിനിര്‍ണ്ണയം നടത്തുന്നത്.ഒഡിഷന്‍ മുതല്‍ സെമിഫൈനല്‍ വരെ എട്ട് റൗണ്ടുകളിലായി മുപ്പത്തിയഞ്ചോളം പ്രതിഭകളുടെ മാറ്റുരക്കലിന് ശേഷമാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അഞ്ച് ഗായകര്‍ കടന്നുവന്നിരിക്കുന്നത്.

യു കെ യിലെ നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആനന്ദ് ജോണ്‍, ഷെഫീല്‍ഡില്‍ നിന്നെത്തുന്ന ഹരികുമാര്‍ വാസുദേവന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍നിന്നും എത്തുന്ന ജാസ്മിന്‍ പ്രമോദ്, യു കെ യിലെ തന്നെ ഹള്ളില്‍നിന്നുള്ള സാന്‍ ജോര്‍ജ് തോമസ്, വൂസ്റ്ററില്‍ നിന്നെത്തുന്ന വിനു ജോസഫ് എന്നിവരാണ് വിവിധ റൗണ്ടുകളിലായി നടന്ന ശക്തമായ മത്സരങ്ങള്‍ക്കൊടുവില്‍  ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയിരിക്കുന്ന നക്ഷത്ര ഗായകര്‍. 

ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റര്‍സ് നല്‍കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാര്‍സിംഗര്‍ വിജയിയെ കാത്തിരിക്കുന്നത്.  ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവിന്  മുത്തൂറ്റ് ഗ്ലോബല്‍ യുകെ നല്‍കുന്ന 750 പൗണ്ടും  മൂന്നാം സമ്മാനജേതാവിന് അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 500 പൗണ്ടും  ലഭിക്കുന്നതാണ്.

ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റുകൂട്ടാന്‍ 'വേണുഗീതം' മെഗാഷോ 

പ്രശസ്ത മലയാള സിനിമ പിന്നണി ഗായകന്‍ ശ്രീ  ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ  'വേണുഗീത'വും   സ്റ്റാര്‍സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യര്‍ , വൈഷ്ണവ് ഗിരീഷ് , ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ എന്നീ ഗായകരും, മജീഷ്യന്‍ രാജമൂര്‍ത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആദ്യ സെഷന്‍ സ്റ്റാര്‍സിംഗര്‍ ഗ്രാന്റ് ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്.  നാലുമണിമുതല്‍ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നു മണിക്കൂര്‍ 'വേണുഗീതം'  മെഗാഷോ നടക്കുന്നതാണ്. 'വേണുഗീതം' മെഗാഷോയുടെ സമാപനത്തിന് മുന്‍പായിരിക്കും  ഗ്രാന്‍ഡ്ഫിനാലെ വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതും. നാളെ, മെയ് 26 ശനിയാഴ്ച ലെസ്റ്റര്‍ അഥീന തീയറ്ററില്‍വച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യര്‍ത്ഥിക്കുകയാണ്.     

'ഗ്രാന്‍ഡ്ഫിനാലെ  വേണുഗീതം' പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംഗീത പ്രേമികളില്‍നിന്നും വളരെ നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.  അവസാന നിമിഷം  ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181 ), ട്രഷറര്‍ അലക്‌സ് വര്‍ഗീസ് (07985641921), സുരേഷ്‌കുമാര്‍ നോര്‍ത്താംപ്ടണ്‍ (07903986970), ഡിക്‌സ് ജോര്‍ജ് നോട്ടിങ്ഹാം (07403312250) എന്നിവരെയോ, വിവിധ റീജിയണല്‍ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയില്‍ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ  ബന്ധപ്പെടേണ്ടതാണ്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടിയ, യു കെ യിലെ തന്നെ പ്രൗഢഗംഭീരമായ ലെസ്റ്റര്‍ അഥീന തീയറ്റര്‍ നാളെ, മെയ് 26 ശനിയാഴ്ചത്തേക്കായി ഒരുങ്ങിക്കഴിഞ്ഞു. നാളെ ഉച്ചകഴിഞ്ഞു രണ്ടുമണിമുതല്‍ അഥീന തീയറ്ററില്‍ ടിക്കറ്റുകള്‍ക്ക് കൗണ്ടര്‍ വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്.    

വാർത്ത അയച്ചത് ; സജീഷ്  ടോം 

(സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.