Breaking Now

യുക്മ സാഹിത്യമത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം അവിസ്മരണീയമായി. ജനനേതാക്കളുടെ അഭിനന്ദനങ്ങളില്‍ തിളങ്ങിയത് അവാര്‍ഡ് ജേതാക്കള്‍; യുക്മ സാംസ്‌കാരികവേദിയ്ക്ക് പുളകച്ചാര്‍ത്ത്.

യുകെ മലയാളികളുടെ മനസ്സില്‍ ആവേശത്തിന്റെ പൊന്നോളങ്ങളുയര്‍ത്തി മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ച കേരളാപൂരം  യുക്മ വള്ളംകളിയോടനുബന്ധിച്ച് പ്രത്യേകമായി സംഘടിപ്പിച്ച പ്രൗഢോജ്വലമായ ചടങ്ങില്‍ വച്ച് യുക്മ സാംസ്‌കാരിക വേദി നടത്തിയ സാഹിത്യമത്സരങ്ങളുടെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നടത്തി.  യുകെ മലയാളികള്‍ക്കെല്ലാം പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ സബ്ജൂണിയര്‍,  ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു  സാംസ്‌കാരിക വേദി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ സുജു ജോസഫ്, ഡോ. ദീപാ ജേക്കബ്, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, ജനറല്‍ കണ്‍വീനര്‍ മനോജ്കുമാര്‍ പിള്ള, സാഹ്ത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, സാഹിത്യവിഭാഗം പ്രതിനിധി മാത്യു ഡൊമിനിക്ക്, യുക്മ മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, മുന്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ നല്‍കി.  സി എ ജോസഫ് സ്വാഗതവും ജേക്കബ് കോയിപ്പള്ളി നന്ദിയും പറഞ്ഞു.

കേരളാപൂരം വള്ളംകളിയോടൊപ്പം കേരളത്തിന്റെ തനതായ പൈതൃകം വിളിച്ചോതിക്കൊണ്ടുള്ള വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും തനിമയോടെ അവതരിപ്പിച്ച മഹത്തായവേദിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ്  സാംസ്‌കാരികവേദിയുടെ സാഹിത്യ മത്സരവിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കിയതെന്നറിഞ്ഞ വിശിഷ്ടാതിഥികള്‍ വിശേഷിച്ച് യുണൈറ്റഡ് നേഷന്‍സിന്റെ മുന്‍ അണ്ടര്‍ സെകട്ടറി ജനറലും മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ  ശ്രീ. ശശി തരൂര്‍ എം പി , കേരളാ നിയമസഭ സ്പീക്കറും സാഹിത്യകുതുകിയുമായ ശ്രീ. പി ശ്രീരാമകൃഷ്ണന്‍, എം എല്‍ എ    മാരായ ശ്രീ. വി.ടി. ബല്‍റാം, ശ്രീ. റോഷി അഗസ്റ്റിന്‍, യുകെ പാര്‍ലമെന്റ് അംഗം ശ്രീ. മാര്‍ട്ടിന്‍ ഡേ എം പി, കൗണ്ടി കൌണ്‍സില്‍  മേയര്‍മാര്‍ ഒക്കെ യുക്മ സാംസ്‌കാരികവേദിയെയും പുരസ്‌കാര ജേതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. 

യുകെ മലയാളികളില്‍ ബഹുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ കഴിഞ്ഞ പത്തുവര്‍ഷമായി സംഘടിപ്പിക്കുന്ന കലാമേളകള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം എവിടെയും മലയാളികള്‍ തങ്ങളുടെ വേരു മറക്കാതെ കാത്തുസൂക്ഷിക്കുന്നത് ഇത്തരം മത്സരങ്ങളിലൂടെയുമാണെന്നും , യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹപ്പിക്കാനുമായി യുക്മ നടത്തുന്ന സാഹിത്യമത്സരങ്ങളും ഏറെ ശ്ലാഘനീയമാണെന്നും കൂടുതല്‍ ഭംഗിയായി പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നും ശ്രീ. തരൂര്‍ അഭിപ്രായപ്പെട്ടു.  

മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി.ജെ.ജെ. ആന്റണി, ശ്രീ. തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു. സാഹിത്യമത്സരങ്ങളില്‍ നിന്നുള്ള സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണയോഗ്യമായ തിരഞ്ഞെടുക്കപ്പെട്ട കൃതികളും യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും പത്താംതീയതി പ്രസിദ്ധീകരിക്കുന്ന 'ജ്വാല' മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതുമാണെന്ന് യുക്മ ദേശീയ ഭാരവാഹികളും  സാംസ്‌കാരികവേദി ഭാരവാഹികളും അറിയിച്ചു.  അവാര്‍ഡ് ജേതാക്കളെയും ഒപ്പം എല്ലാ മത്സരാര്‍ത്ഥികളെയും യുക്മ ഭാരവാഹികളും സാംസ്‌കാരികവേദി ഭാരവാഹികളും അഭിനന്ദിച്ചു.

 

 
കൂടുതല്‍വാര്‍ത്തകള്‍.