CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 59 Seconds Ago
Breaking Now

ഭാര്യമാര്‍ ഒപ്പമില്ലാതെ എന്ത് ക്രിക്കറ്റ്; വിദേശ പര്യടനത്തില്‍ ഒപ്പം കൂട്ടാന്‍ അനുവദിക്കണം; ബിസിസിഐക്ക് മുന്നില്‍ വിരാട് കോലി

നിലവില്‍ ഭാഗികമായി അനുവദിക്കുന്ന ഈ രീതി സമ്പൂര്‍ണ്ണമാക്കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടു

മുംബൈ: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യക്ക് (ബിസിസിഐ) മുന്നില്‍ സുപ്രധാന ആവശ്യവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിദേശപര്യടനങ്ങളില്‍ താരങ്ങളുടെ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്നാണ് ക്യാപ്റ്റന്റെ ആവശ്യം. നിലവില്‍ ഭാഗികമായി അനുവദിക്കുന്ന ഈ രീതി സമ്പൂര്‍ണ്ണമാക്കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടു.

'ഈ അപേക്ഷ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ബിസിസിഐക്ക് മുന്നിലെത്തി. എന്നാല്‍ ഇത് ബോര്‍ഡിന്റെ നയമായതിനാല്‍ മാനേജര്‍ ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കേണ്ടതായി വരും. വിരാട് കോലി വിദേശത്ത് പോകുമ്പോള്‍ ഭാര്യ അനുഷ്‌ക ഒപ്പം യാത്ര ചെയ്യുന്നുണ്ട്. എന്നിരുന്നാലും പഴയ നിയമം പിന്‍വലിച്ച് പുതിയ നയം രൂപീകരിക്കണമെന്നാണ് ക്യാപ്റ്റന്റെ ആവശ്യം. ഇന്ത്യന്‍ ടീമിനൊപ്പം ഭാര്യമാര്‍ക്ക് കൂടി യാത്ര ചെയ്യാന്‍ അനുമതി വേണമെന്നാണ് വിരാട് പറയുന്നത്', ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.

നിലവിലെ നിയമം അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ 45 ദിവസത്തെ വിദേശപര്യടനം നടത്തുമ്പോള്‍ ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള 14 ദിവസത്തേക്കാണ് ഭാര്യമാര്‍ക്ക് താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അനുവാദം. എന്നാല്‍ കോലിയുടെ ഭാര്യ അനുഷ്‌ക ഇംഗ്ലീഷ് പര്യടനത്തില്‍ ഉടനീളം ടീമിനൊപ്പം തുടര്‍ന്നു. ഇതോടെ നയത്തെക്കുറിച്ച് വിവാദവും ചര്‍ച്ചകളും പുനരാരംഭിച്ചിരുന്നു. അനുഷ്‌കയ്ക്ക് പുറമെ സാക്ഷി ധോണി, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്‌ദേ, ശിഖര്‍ ധവാന്റെ ഭാര്യ അയേഷ മുഖര്‍ജി തുടങ്ങിയവര്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടന്ന പരിമിത ഓവര്‍ മത്സരങ്ങള്‍ക്കിടെ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ടെസ്റ്റ് പരമ്പരയില്‍ അനുഷ്‌ക മാത്രമാണ് ഭര്‍ത്താവിനൊപ്പം തുടര്‍ന്നത്. ഇന്ത്യന്‍ ടീം മാനേജറോട് ഇക്കാര്യത്തില്‍ ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കാന്‍ സിഒഎ ആവശ്യപ്പെട്ടിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.