CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 57 Seconds Ago
Breaking Now

സൗത്താംപ്ടണില്‍ സംഗീത വസന്തത്തിന്റെ വാതില്‍ തുറന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡ്; ഒന്‍പതാം വര്‍ഷവും ഈ മനോഹര തീരത്തേക്ക് അണയുവാന്‍ സംഗീത പ്രേമികള്‍ ഒരുങ്ങിക്കോളൂ

യുകെയിലെമ്പാടുമുള്ള സംഗീത പ്രേമികളെ ഒന്നിച്ച് ഒരു കുടക്കീഴിലെത്തിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഒന്‍പതാം വര്‍ഷത്തിലേക്ക്. സൗത്താംപ്ടണില്‍ ഏപ്രില്‍ 27നാണ് ഈ അപൂര്‍വ്വ പരിപാടി അരങ്ങേറുന്നത്. മുഖ്യാതിഥിയായി വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയെത്തുമ്പോള്‍ സംഘാടകരും ആവേശത്തിലാണ്. ശുദ്ധ സംഗീതത്തെ ഇഷ്ടപ്പെടുന്ന സംഗീത ആസ്വാദകരായ യുകെ മലയാളികള്‍ക്ക് എന്നും ഒരു വിരുന്നാണ് കല ഹാംപ്‌ഷെയറിന്റെ ഈ സംഗീത വിരുന്ന്.

എണ്ണമറ്റ കവിതകളിലൂടെയും അതിലുമെത്രയോ ചലച്ചിത്രഗാനങ്ങളിലൂടെയും മലയാളത്തിന്റെ പ്രിയപ്പെട്ടവനായി എപ്പോഴും നിലക്കൊള്ളുന്ന വയലാര്‍ രാമവര്‍മയോടുള്ള ആദര സൂചകമായി 'വയലാര്‍ നൈറ്റ്‌സ്' എന്നാണ് ഇത്തവണത്തെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത സന്ധ്യയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മലയാളത്തിന്റെ പുഷ്പ കാലഘട്ടം എന്നറിയപ്പെടുന്ന തൊണ്ണൂറുകളിലെ പ്രിയ നായിക ഗീതാ വിജയന്‍, യുവ ഗായകന്‍ കിഷന്‍ എന്നിവര്‍ അതിഥികളായി എത്തിയ വേദിയിലേക്ക് അദ്ദേഹത്തിന്റെ മകനായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എത്തുമ്പോള്‍ സംഗീതാസ്വാദകരുടെ പ്രതീക്ഷ ഇരട്ടിക്കുകയാണ്.

പഴയ ഗാനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് കലാ ഹാംപ്‌ഷെയറിന്റെ സ്വപ്ന പദ്ധതിയാണ്. യുകെയിലെ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സൗത്താംപ്ടണില്‍ ഇതു വലിയൊരു വിജയമാക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് പ്രമുഖ ഗായകനും 'ഗ്രേയ്‌സ്. മെലോഡിയസിന്റെ 'അമരക്കാരനുമായ

ഉണ്ണികൃഷ്ണനും കലാ ഹാംപ്‌ഷെയര്‍ പ്രസിഡന്റ് സിബി മേപ്രത്തും അടങ്ങിയ സംഘാടക നിര.

സംഗീതത്തെ ഉപാസിക്കുകയും വളരെ പ്രധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്ന യുകെയിലെ എല്ലാ ഗായികാ ഗായകന്മാര്‍ക്കും ഈ സംഗീത മാമാങ്കത്തില്‍ പങ്കെടുക്കാം. സംഗീതത്തെ കൂടാതെ, മനോഹരമായ നൃത്തങ്ങളും സമന്വയിപ്പിച്ചാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് എത്തുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ സംഗീതസന്ധ്യയുടെ മുഖ്യലക്ഷ്യം സംഭാവനയായി ലഭിക്കുന്ന തുക വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക എന്നതാണ്. അര്‍ഹതയുള്ളവരെ തേടിപ്പിടിച്ച് ആരും അറിയാതെ അവര്‍ക്ക് സഹായം എത്തിക്കുക എന്ന നയമാണ് കല പിന്തുടരുന്നത്.

മലയാളത്തിന്റെ പ്രതിഭാധനന്മാരായ നാടക സിനിമാ ഗാനശാഖകളിലെ കുലപതികള്‍ക്ക് ആദരവ് അര്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഓരോ വര്‍ഷങ്ങളിലും ഓള്‍ഡ് ഈസ് ഓള്‍ഡ് അരങ്ങിലെത്താറുള്ളത്. ആദ്യവര്‍ഷത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ മാസ്റ്റര്‍പീസുകളായിരുന്നു എങ്കില്‍ കഴിഞ്ഞ വര്‍ഷം 198090 കാലഘട്ടങ്ങളിലെ നിത്യഹരിത ഗാനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്.

ഈ സംഗീത പരിപാടി തികച്ചും സൗജന്യമായി ആണ് കല ഹാംപ്ഷയര്‍ അവതരിപ്പിക്കുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡിന് ശബ്ദവും വെളിച്ചവും പകരുന്നത് ഗ്രെയ്‌സ് മെലഡീസ് ഓര്‍ക്കസ്ട്ര സൗത്താംപ്ടണ്‍ ആണ്. ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന പേരില്‍ കല ഹാംപ്‌ഷെയര്‍ മലയാള സിനിമയുടെ കുലപതികളെ ആദരിക്കുവാനും അവരുടെ മാസ്റ്റര്‍ പീസുകളെ പുതു തലമുറക്ക് പരിചയപ്പെടുത്തനും വേണ്ടിയാണ് എട്ടു വര്‍ഷം മുന്‍പ് ഈ സംഗീത സപര്യക്ക് തുടക്കം കുറിച്ചത്. ഇതിനോടകം യുകെയിലെ നിരവധി അറിയപ്പെടുന്ന കലാകാരന്മാര്‍ മലയാള സിനിമാലോകത്തെ കുലപതികള്‍ക്ക് ആദരവറിയിക്കുവാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഈ വേദി ഉപയോഗിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

റെജി കോശി 07859996762 (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സിബി മേപ്രത്ത്  07790 85 4050 (പ്രസിഡന്റ്), ഉണ്ണിക്കൃഷ്ണന്‍ നായര്‍  07411 775410 (പിആര്‍ഒ), ജെയ്‌സണ്‍ ബത്തേരി  00447872938694 (സെക്രട്ടറി)

 

സിബി മേപ്രത്ത്




കൂടുതല്‍വാര്‍ത്തകള്‍.