Breaking Now

വീഴ്ചകളുടെ പടുകുഴിയില്‍ നിന്നും ടൈഗറിന്റെ തിരിച്ചുവരവ്; 2005ന് ശേഷം ആദ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ വിജയകിരീടം

വലിയ സമ്മര്‍ദത്തിലും തിരിച്ചുവരവ് ഗംഭീരമാക്കിയ വുഡ്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു

സ്‌പോര്‍ട്‌സ് ലോകത്ത് വീണുപോയവര്‍ പിന്നെ മടങ്ങിവരുന്നത് ചുരുക്കമാണ്. അങ്ങിനെ മടങ്ങിവന്ന് ഇതിഹാസം തീര്‍ത്തവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഗോള്‍ഫ് ലോകം മറന്നുതുടങ്ങിയ അത്തരം ഒരു ഇതിഹാസം നാമമാണ് ടൈഗര്‍ വുഡ്‌സ്. കളിക്കളത്തിന് പുറത്തെ കൈവിട്ട ജീവിതം കൊണ്ട് നാണക്കേടുകളുടെ പടുകുഴിയിലേക്കും, കുടുംബത്തിന്റെ തകര്‍ച്ചയിലേക്കും പോയവന്‍. പക്ഷെ എല്ലാം നശിച്ചെന്ന് കരുതി ഉരുകി തീരാതെ മടങ്ങിവരാന്‍ ആ ചങ്കില്‍ തീ ബാക്കിയുണ്ടായിരുന്നു. അതെ ടൈഗര്‍ വുഡ്‌സ് മടങ്ങിവന്നിരിക്കുന്നു, 14 വര്‍ഷത്തിന് ശേഷം 83ാമത് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം ചൂടിയാണ് ആ തിരിച്ചുവരവ്. 

ജോര്‍ജ്ജിയയില്‍ അഗസ്റ്റാ നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ ഫൈനല്‍ റൗണ്ട് വരെ നീണ്ട ഉദ്യേഗനിമിഷങ്ങള്‍ക്കൊടുവില്‍ കാണികളില്‍ ആവേശം നിറച്ച് 43കാരനായ ടൈഗര്‍ വുഡ്‌സ് വിജയത്തേരിലേറി. 54 ഹോളുകള്‍ക്ക് ശേഷവും ലീഡും, കോലീഡുമില്ലാതെ ഒരു മേജര്‍ ടൂര്‍ണമെന്റ് വിജയം ഇതാദ്യമാണ്. 2005ന് ശേഷം ദി മാസ്‌റ്റേഴ്‌സില്‍ ആദ്യ വിജയവും, 11 വര്‍ഷത്തിനിടെ ആദ്യ മേജര്‍ കിരീടവും ഇതാണ്. 18ാം ഗ്രീനില്‍ എത്തിയപ്പോള്‍ കാണികള്‍ 'ടൈഗര്‍, ടൈഗര്‍' എന്ന് ആര്‍ത്തുവിളിച്ചപ്പോള്‍ അവസാന കടമ കൂടി നിര്‍വ്വഹിച്ച് വുഡ്‌സ് കായിക ചരിത്രത്തില്‍ സമാനകളില്ലാത്ത ഏറ്റവും വലിയ തിരിച്ചുവരവ് ആഘോഷിച്ചു. 

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളും, 2010ല്‍ വിവാഹമോചനവും, ജീവിതം മാറ്റിമറിച്ച 2017ലെ ലുംബാര്‍ ഫ്യൂഷന്‍ സര്‍ജറിയും, ട്രാഫിക് ലെയിനില്‍ നിര്‍ത്തിയ കാറിന്റെ വീലില്‍ കിടന്ന് ഉറങ്ങിയതിന് അറസ്റ്റും പോലുള്ള നിരവധി ദുരിതങ്ങളും നാണക്കേടുകളും കടന്നാണ് ടൈഗര്‍ വുഡ്‌സ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. അമ്മ 75കാരി കുള്‍ട്ടിഡ വുഡ്‌സ്, മക്കളായ ചാര്‍ലി, സാം എന്നിവരെ കൂടാതെ കാമുകി 35കാരി എറിക ഹെര്‍മാനും ഈ വിജയനിമിഷം കാണാന്‍ പച്ചപ്പില്‍ കാത്തിരുന്നു. പിജിഎ ടൂറില്‍ നിന്നും ജീവിതപ്രശ്‌നങ്ങളും, പരുക്കുകളും മൂലം വിരമിക്കാന്‍ പോലും ഒരുങ്ങിയ ശേഷമുള്ള ടൈഗര്‍ വുഡ്‌സിന്റെ വിജയം കൈയടികള്‍ ഏറ്റുവാങ്ങുകയാണ്. 

വലിയ സമ്മര്‍ദത്തിലും തിരിച്ചുവരവ് ഗംഭീരമാക്കിയ വുഡ്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രശംസിക്കാന്‍ ട്വിറ്ററിലെത്തി. എല്ലാ ഉയര്‍ച്ചകള്‍ക്കും, താഴ്ചകള്‍ക്കും ശേഷമുള്ള ഈ തിരിച്ചുവരവും, വിജയവും മികവിനും, ചങ്കുറപ്പിനും, മനഃസ്സാന്നിധ്യത്തിനും ഉദാഹരണമാണ്, ഒബാമ പറഞ്ഞു. 

 
കൂടുതല്‍വാര്‍ത്തകള്‍.